Kerala

പാലക്കാട് കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന കത്ത് പുറത്തായതിന്റെ അങ്കലാപ്പില്‍ കോണ്‍ഗ്രസ്

Published by

പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കണം എന്നാവശ്യപ്പെടുന്ന ഡിസിസി പ്രസിഡന്റിന്റെ കത്ത് പുറത്തായതിന്റെ അങ്കലാപ്പിലാണ് യുഡിഎഫ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കും മുമ്പ് എഐസിസി നേതൃത്വത്തിന് അയച്ച കത്താണ് പുറത്തായത്. കരുതിക്കൂട്ടിയുളള നീക്കം ഇതിന് പിന്നില്‍ ഉണ്ടെന്നാണ് നേതൃത്വം സംശയിക്കുന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെ പരാജയപ്പെടുത്താനുളള നീക്കമാണ് ഇതെന്നാണ് കോണ്‍ഗ്രസിന്റെ സംശയം. രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഷാഫി പറമ്പിലും ഉള്‍പ്പെടുന്ന കോക്കസ് ആണ് പ്രവര്‍ത്തിച്ചതെന്ന് നേരത്തെ കോണ്‍ഗ്രസ് വിട്ട പി സരിനും എ കെ ഷാനിബും ആരോപിച്ചിരുന്നു.

രാഹുല്‍ ജയിക്കില്ലെന്ന യുഡിഎഫിന്റെ കുറ്റസമ്മതമാണ് ഡിസിസി പ്രസിഡന്റിന്റെ കത്ത് പുറത്തു വന്നതിലൂടെ വ്യക്തമാകുന്നതെന്ന് പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി സരിന്‍ പ്രതികരിച്ചിട്ടുണ്ട്. ഇനിയും പുറത്തു വരാന്‍ പലതും ഉണ്ടെന്നും ഇലക്ഷന് മുമ്പേ യുഡിഎഫ് തോല്‍വി സമ്മതിച്ചുവെന്നും സരിന്‍ പറഞ്ഞു. തോല്‍ക്കാന്‍ നിര്‍ത്തിയ ഒരു സ്ഥാനാര്‍ത്ഥിക്ക് ജനം എന്തിന് വോട്ട് ചെയ്യണമെന്നും സരിന്‍ ചോദിച്ചു.

അതിനിടെ ലെറ്റര്‍ ബോംബ് നിര്‍വീര്യമായെന്നും കത്ത് പുറത്ത് വന്നത് തന്റെ വിജയത്തിന് തടസമല്ലെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചത്. കെ മുരളീധരന്‍ കേരളത്തില്‍ എവിടെയും സ്ഥാനാര്‍ത്ഥിയാക്കാന്‍ പറ്റിയ ആളാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ പോരെന്ന് കത്തില്‍ പറയുന്നില്ല.

മുരളീധരന്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ കത്ത് പുറത്ത് വിട്ടിട്ടുണ്ടാകാം. അവരും ചിലരും ചേര്‍ന്നുള്ള കൂട്ടുകെട്ട് ഇപ്പോള്‍ പുറത്ത് വിട്ടതാകാമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക