മഥുര: ബംഗ്ലാദേശിലെ ഹിന്ദുസമൂഹം പലായനം ചെയ്യേണ്ടവരല്ലെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. അവരുടെ ജന്മനാടാണത്, ശക്തിപീഠങ്ങളുടെ നാട്. അവര്‍ നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയവരുടെ പിന്മുറക്കാരാണ്. അവര്‍ക്കൊപ്പം മുഴുവന്‍ ഹിന്ദുസമൂഹവും നിലയുറപ്പിക്കണം. ഹിന്ദുക്കള്‍ ഒന്നിക്കുന്നത് ലോകത്തിന്റെ മംഗളത്തിനാണ്. ജാതി, ഭാഷാ, പ്രദേശ ഭാവത്തിനപ്പുറം സമാജം ഒന്നിക്കേണ്ടത് അനിവാര്യമാണ്. മഥുരയില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല് ബൈഠക്കിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൗ ജിഹാദ് അടക്കമുള്ള സാമൂഹ്യവിപത്തുകളില്‍ നിന്ന് യുവതികളെയും കൗമാരക്കാരെയും രക്ഷിക്കുന്നതില്‍ സമൂഹത്തിന് ഉത്തരവാദിത്തമുണ്ട്. ഹിന്ദു ജാഗരണ്‍ മഞ്ച്, വിശ്വഹിന്ദു പരിഷത്ത്, ബജ്രംഗ്ദള് തുടങ്ങി സ്വയംസേവകര്‍ കൂടി ഉള്‍പ്പെടുന്ന സംഘടനകള്‍ ഈ വിഷയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംഘം അത്തരം പ്രസ്ഥാനങ്ങള്‍ക്കൊപ്പമാണ്, സര്‍കാര്യവാഹ് ഒരു ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
ലൗ ജിഹാദ് തടയുക മാത്രമല്ല, അതില്‍ നിന്നു രക്ഷപ്പെട്ടെത്തുന്നവരുടെ സംരക്ഷണം, മുന്നോട്ടുള്ള ജീവിതം, പുനരധിവാസം തുടങ്ങിയ വിഷയങ്ങളും ഗൗരവതരമാണ്. ഉദാഹരണത്തിന് കേരളത്തില്‍ ഇരുനൂറോളം കുട്ടികള്‍ മോചിതരായ അനുഭവമുണ്ട്. അങ്ങനെ മോചിതരാകുന്നവര്‍ മറ്റു യുവതികളെ ഇത്തരം കാര്യങ്ങളില്‍ കുടുങ്ങാതെ ബോധവത്കരിക്കുകയും ചെയ്യുന്നു, സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.
സംഘകാര്യകര്‍ത്താക്കള്‍ സമാജത്തിലെ എല്ലാ വിഭാഗം ആളുകളുമായും ഏതു ചുമതലകളിലിരിക്കുന്നവരുമായും കാണുകയും സംസാരിക്കുകയും ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മഥുരയിലെത്തി സംഘകാര്യകര്‍ത്താക്കളുമായി കണ്ടതിനെപ്പറ്റിയുള്ള ചോദ്യത്തിനു മറുപടിയായി സര്‍കാര്യവാഹ് പറഞ്ഞു. ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. അദ്ദേഹം വന്നു. വരാന്‍ പോകുന്ന കുംഭമേളയെപ്പറ്റിയും മറ്റും സംസാരിച്ചു. ആഹാരം കഴിച്ചു. അതില്‍ പ്രത്യേകിച്ചെന്താണുള്ളത്? സംഘ ചുമതലയിലുള്ളവര്‍ സമാജത്തിലെ എല്ലാ വിഭാഗം ആളുകളുമായും സംസാരിക്കും. രാഷ്ട്രീയക്കാരുമായും ഉദ്യോഗസ്ഥരുമായുമൊക്കെ സംസാരിക്കും. ഞാന്‍ തന്നെ പത്രാധിപന്മാരുമായടക്കം കൂടിക്കാഴ്ച നടത്തുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അത് സംഘ പ്രവര്‍ത്തനത്തിന്റെ സ്വഭാവമാണ്. സംഘത്തിന്റെ മണ്ണ് വേറെയാണ്. അതിലേക്കു വരൂ, അപ്പോള്‍ മനസിലാകും, സര്‍കാര്യവാഹ് പറഞ്ഞു.
ബിജെപിക്ക് എന്തെങ്കിലും ഉപദേശം നല്കുന്നുണ്ടോ എന്ന ചോദ്യത്തിന് അതിന് കാര്യകാരി മണ്ഡല് ബൈഠക് ചേരേണ്ടതില്ലെന്നായിരുന്നു സര്‍കാര്യവാഹിന്റെ മറുപടി. സംഘം സമാജത്തിലെ എല്ലാവരോടുമാണ് സംസാരിക്കുന്നത്. കുടുംബമൂല്യങ്ങള്‍ സംരക്ഷിക്കണമെന്നും പരിസ്ഥിതി സംരക്ഷിക്കണമെന്നുമൊക്കെയുള്ള സന്ദേശങ്ങള്‍ ബിജെപിയിലുള്ളവര്‍ക്ക് മാത്രമല്ലല്ലോ ബാധകം, സര്‍കാര്യവാഹ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: