പാലക്കാട്: കോണ്‍ഗ്രസിനുള്ളിലെ പൊട്ടിത്തെറിക്കു പിന്നാലെ പാലക്കാട് സിപിഎമ്മിലും വിഭാഗീയതയും പൊട്ടിത്തെറിയും പാർട്ടി വിടലും. പാലക്കാട് ഏരിയാ കമ്മിറ്റി അംഗം അബ്ദുൾ ഷുക്കൂർ പാർട്ടി വിട്ടു.
തെരഞ്ഞെടുപ്പിൽ ജയിക്കണമെന്നു ജില്ലാ സെക്രട്ടറിക്ക് ആഗ്രഹമില്ല. ഇ.എൻ. സുരേഷ് ബാബു ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും പാർട്ടിയിൽ കടുത്ത അവഗണനയാണെന്നും അബ്ദുൾ ഷുക്കൂർ ആരോപിച്ചു. ആത്മാർഥമായി പ്രവർത്തിച്ച ആളാണ് താൻ. ചവിട്ടി താഴ്ത്തൽ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉണ്ടായി. അത് സഹിക്കാനായില്ലെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അബ്ദുൽ ഷുക്കൂർ മാധ്യമങ്ങളോടു പറഞ്ഞു.
പാലക്കാട് ഓട്ടോ ടാക്സി യൂണിയൻ ജില്ലാ ട്രഷററും മുൻ നഗരസഭ കൗൺസിലറുമാണ് ഷുക്കൂർ. ഇദ്ദേഹം നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ പാലക്കാടെ പ്രധാന സിപിഎം നേതാവ് എൻഎൻ കൃഷ്ണദാസ് ഷുക്കൂറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു. ഷുക്കൂറിനെ അനുനയിപ്പിച്ച് പാർട്ടിയിൽ നിലനിർത്താനാണ് ശ്രമം.
പി.സരിന്റെ പ്രചാരണത്തിൽ സജീവമായി അബ്ദുൽ ഷുക്കൂർ രംഗത്തുണ്ടായിരുന്നു. എന്നാൽ പരസ്യമായ വിമർശനം നേരിട്ടതിനു പിന്നാലെയാണ് ഷുക്കൂറിന്റെ രാജി. പി.സരിന്റെ വരവിൽ പാർട്ടിയിലെ ചില നേതാക്കൾക്ക് ഭിന്നതയുണ്ടായിരുന്നെന്നും ഷുക്കൂറിന്റെ രാജി ഇതിന്റെ പ്രതിഫലനമാണെന്നുമാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
അതേസമയം കഴിഞ്ഞ ഒരാഴ്ചയായി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഷുക്കൂറിനെ കോണ്‍ഗ്രസിലെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നതായാണ് വിവരം. കോണ്‍ഗ്രസിന്റെ കൗണ്‍സിലര്‍ വഴിയായിരുന്നു ശ്രമം നടന്നിരുന്നതെന്നും പ്രചരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: