കാറ്റലോണിയ: മത്സരത്തിന്റെ ഒന്നാം മിനിറ്റില്‍ തുടങ്ങിയ ഗോളടി ഹാട്രിക്കിലേക്ക് നീട്ടിയെടുത്ത് ബ്രസീല്‍ സ്‌ട്രൈക്കര്‍ റഫീഞ്ഞയുടെ മാസ് പ്രകടനം. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്നലെ ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിനെതിരെയായിരുന്നു റഫീഞ്ഞയുടെ പ്രകടനം. താരത്തിന്റെ ഹാട്രിക് മികവിന്റെ ബലത്തില്‍ ബാഴ്‌സ ബയേണിനെ 4-1ന് തോല്‍പ്പിച്ചു.
മത്സരത്തിന്റെ ആദ്യ മിനിറ്റില്‍ തന്നെ റഫീഞ്ഞ ഗോളടിച്ചു. 18-ാം മിനിറ്റില്‍ ഹാരി കെയ്ന്‍ ബയേണിനായി സമനില കണ്ടെത്തി. ഈ സമയമത്രയും ഇരു ടീമുകളും തുല്യശക്തിയോടുകൂടിയാണ് പൊരുതിക്കൊണ്ടിരുന്നത്. മത്സരം 36-ാം മിനിറ്റിലേക്ക് കടന്നപ്പോള്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ബാഴ്‌സയ്‌ക്ക് വീണ്ടും ലീഡ് സമ്മാനിച്ചു. ആദ്യ പകുതി പിരിയും മുമ്പേ റഫീഞ്ഞ വീണ്ടും സ്‌കോര്‍ ചെയ്തു. ബാഴ്‌സയുടെ ലീഡ് 3-1 ആയി ഉയര്‍ന്നു. രണ്ടാം പകുതിയിലേക്ക് കടന്ന മത്സരത്തിന് 56 മിനിറ്റെത്തിയപ്പോള്‍ റഫീഞ്ഞ ഹാട്രിക് തികച്ചു. ബാഴ്‌സയുടെ നാലാം ഗോള്‍. ആദ്യ മത്സരത്തില്‍ സമനില പിണഞ്ഞതിനാല്‍ ബഴ്‌സയ്‌ക്ക് പട്ടികയില്‍ പത്താം നമ്പറിലെത്താനേ സാധിച്ചിട്ടുള്ളൂ.
അതേസമയം മൂന്നാം മത്സരത്തിനിറങ്ങിയ പ്രീമയര്‍ ലീഗ് വമ്പന്‍മാരായ ലിവര്‍ പൂള്‍ വിജയിച്ച് ആസ്റ്റണ്‍ വില്ലയ്‌ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ഇന്നലെ നടന്ന കളിയില്‍ ജര്‍മന്‍ കരുത്തരായ ആര്‍ ബി ലീപ്‌സിഗ്ഗിനെയാണ് തോല്‍പ്പിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ലിവറിന്റെ വിജയം. മത്സരത്തിന്റെ 27-ാം മിനിറ്റില്‍ ഡാര്‍വിന്‍ ന്യൂനസ് ലിവറിന്റെ വിജയ ഗോള്‍ നേടി. ഏകപക്ഷീയമായ ഈ ഒരു ഗോളിനായിരുന്നു ലിവറിന്റെ വിജയം. ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ പ്രീമിയര്‍ ലീഗ് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റി സ്പാര്‍ട്ടയ്‌ക്കെതിരെ തകര്‍പ്പന്‍ ജയം നേടി. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ വിജയം. എര്‍ലിങ് ഹാളണ്ട് ഇരട്ട ഗോള്‍ നേടിയ മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ ഫില്‍ ഫോഡന്‍ ആണ് സ്‌കോറിങ് തുടങ്ങിവച്ചത്. ആദ്യ പകുതി ഈ ഒരു ഗോളിന്റെ ലീഡില്‍ അവസാനിച്ചു. രണ്ടാം പകുതിയില്‍ പത്ത് മിനിറ്റിനിടെ സിറ്റി മൂന്ന് ഗോളുകള്‍ നേടി. 58-ാം മിനിറ്റില്‍ ഹാളണ്ട് മത്സരത്തിലെ ആദ്യ ഗോളടിച്ചു. 64-ാം മിനിറ്റില്‍ ജോണ്‍ സോന്‍സും സ്‌കോര്‍ ചെയ്തു. നാല് മിനിറ്റുകള്‍ക്ക് ശേഷം ഹാളണ്ട് ഇരട്ടഗോള്‍ തികച്ചു. ഒടുവില്‍ 88-ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മതേവൂസ് ന്യൂനസ് ക്വാട്ട പൂര്‍ത്തിയാക്കി. സിറ്റി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: