ബെയ്‌റൂട്ട്: ഹിസ്ബുള്ള ഭീകരരുടെ പുതിയ തലവന്‍ ഹാഷിം സഫീദിനെ വ്യോമാക്രമണത്തില്‍ വധിച്ചതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്‌റള്ള കൊല്ലപ്പെട്ടതിനുശേഷം ഭീകരരെ നയിക്കാനുള്ള നിയോഗം ഹാഷിം സഫീദിനായിരുന്നു. ഇയാളെ വധിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴാണ് ഇക്കാര്യം ഇസ്രയേല്‍ സ്ഥിരീകരിക്കുന്നത്.
ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ മൂന്നാഴ്ച മുമ്പ് നടത്തിയ ആക്രമണത്തിലാണ് സഫീദിന്‍ കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ഒക്‌ടോബര്‍ എട്ടിന് സഫീദിന്റെ പേരെടുത്ത് പറയാതെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമീന്‍ നെതന്യാഹു സൂചന നല്കിയിരുന്നു. സഫീദിനോടൊപ്പം ഹിസ്ബുള്ള കമാന്‍ഡര്‍മാരില്‍ കുറച്ചുപേരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഹിസ്ബുള്ള പ്രതികരിച്ചിട്ടില്ല.
സപ്തംബര്‍ 27 ന് നടന്ന വ്യോമാക്രമണത്തിലാണ് ഹസന്‍ നസ്‌റള്ളയെ ഇസ്രയേല്‍ വധിച്ചത്. നേരത്തെ ഹമാസ് തലവന്‍ യഹ്യ സിന്‍വാറിനെയും ഇസ്രയേല്‍ വധിച്ചിരുന്നു.
നസ്‌റല്ലയേയും, അയാളുടെ പിന്‍ഗാമിയേയും, നേതൃനിരയേയും ഇല്ലാതാക്കിയെന്ന് ഐഡിഎഫ് ചീഫ് ലെഫ്.ജനറല്‍ ഹെര്‍സി ഹലേവിയും സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു. എന്നാല്‍ ഹിസ്ബുള്ള ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയിട്ടില്ല.
ഹിസ്ബുള്ളയുടെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ മേധാവി കൂടിയാണ് ഹാഷിം സഫിദ്ദീന്‍. ഇയാള്‍ക്ക് പുറമെ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് തലവന്‍ അലി ഹുസൈന്‍ ഹസിമ, നിരവധി ഹിസ്ബുള്ള കമാന്‍ഡര്‍മാര്‍ എന്നിവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യം പ്രസ്താവനയില്‍ പറയുന്നു. ഹസന്‍ നസ്‌റല്ലയുടെ ബന്ധു കൂടിയാണ് 60കാരനായ ഹാഷിം സഫിദ്ദീന്‍. 2017‑ൽ സഫിദ്ദീനെ തീവ്രവാദിയായി യുഎസ് പ്രഖ്യാപിച്ചിരുന്നു.
ഗാസയിൽ കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്യ സിൻവാറിന് പിൻഗാമിയായി പുതിയ മേധാവി ഉടനുണ്ടാകില്ല. പകരം ദോഹ കേന്ദ്രീകരിച്ചുള്ള അഞ്ചംഗ സമിതി ഹമാസിനെ നിയന്ത്രിക്കുമെന്നാണ് സൂചന. അതേസമയം ഇസ്രയേൽ വകവരുത്തമോയെന്ന ആശങ്കയാണ് പുതിയ മേധാവിയെ പ്രഖ്യാപിക്കാത്തതിന് പിന്നിലെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: