തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ ഓണ്‍ലൈന്‍ സ്ഥലം മാറ്റങ്ങളില്‍ വന്‍ ക്രമക്കേടുകളും പക്ഷപാതങ്ങളും. സര്‍ക്കാര്‍ ജീവനക്കാരുടെ സേവന വേതന വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്പാര്ക് സോഫ്റ്റ് വെയര്‍ ദുരുപയോഗം ചെയ്താണ്, ഭരണപക്ഷ യൂണിയനില്‍പ്പെട്ടവര്‍ക്കായി സ്ഥലംമാറ്റങ്ങള്‍ അട്ടിമറിക്കുന്നത്.
ജീവനക്കാരുടെ പൊതുസ്ഥലം മാറ്റത്തിനുള്ള മാനദണ്ഡങ്ങള്‍ സ്പാര്‍ക്ക് സോഫ്റ്റ്വെയറില് സെറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ കരട് പട്ടിക പുറപ്പെടുവിക്കും മുന്‍പ് സ്പാര്‍ക്ക് സോഫ്ട്വെയറില് സെറ്റ് ചെയ്തിട്ടുള്ള മാനദണ്ഡങ്ങള്‍ മാറ്റും, തുടര്‍ന്ന് കരട് പട്ടിക തയാറാക്കിയ ശേഷം, മാനദണ്ഡങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കും.
ജീവനക്കാരുടെ പരാതിയെല്ലാം പഴയതു പോലെ മാനുവലായി പരിഹരിച്ച ശേഷം അവസാന പട്ടിക പുറത്തുവിടും. ഇതുവഴി ഭരണാനുകൂല സംഘടനയിലെ ജീവനക്കാര്‍ക്ക് ഇഷ്ടാനുസരണമാണ് ഓഫീസ് മാറ്റം. മറ്റുള്ളവര്‍ക്ക് ജില്ലയില്‍ നിന്നും പുറത്തേക്കാണ് മാറ്റം. അനുകൂല സംഘടനയില്‍പ്പെടാത്തവരാണെങ്കില്‍ അനുകമ്പ അര്‍ഹിക്കുന്നവര്‍ക്കും നിയമപ്രകാരം ഇളവ് ഉള്ളവര്‍ക്കും വനിതകള്‍ക്കുപോലും ഒരു പരിഗണനയും നല്‍കാറില്ല.
മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കേണ്ട പൊതു സ്ഥലംമാറ്റത്തിനുള്ള കരട് പട്ടിക പുറത്തുവിട്ടത് കഴിഞ്ഞ ദിവസമാണ്. ഒരു മാനദണ്ഡവും പാലിക്കാതെ ജീവനക്കാരെ ഒരേ വളപ്പില്‍ തന്നെ ഓഫീസ് മാറ്റി നില നിര്‍ത്തിയതായും ചിലരെ തെരഞ്ഞുപിടിച്ചു മറ്റു ജില്ലകളിലേക്ക് സ്ഥലം മാറ്റിയതായും ഇതില്‍ കാണാം.
സ്ഥലംമാറ്റ അപേക്ഷകള്‍ ഉണ്ടെങ്കിലും ജൂനിയര്‍ സൂപ്രണ്ടുമാര്‍ ആരും അപേക്ഷിക്കാത്തതിനാല് ഈ വര്‍ഷം പൊതുസ്ഥലം മാറ്റം വേണ്ട എന്ന് കാട്ടി ചീഫ് എന്‍ജിനീയര്‍ ഉത്തരവ് ഇറക്കി ( CEPWD/15475/2024E-D2(Min)AD തീയതി : 18-10-2024)
എന്നാല്‍ CEPWD/1858/2024ED2(M in)A-D ഉത്തരവിലൂടെ അതേദിവസം തന്നെ ഭരണാനുകൂല സംഘടനക്കാര്ക്ക് അപേക്ഷ പരിഗണിച്ചു സ്ഥലം മാറ്റം നല്കി, അതിന് ഒരു വനിതയെ യാതൊരു മാനദണ്ഡവും കൂടാതെ ജില്ലമാറ്റി ഉത്തരവിട്ടു.
പതിനഞ്ചു വര്‍ഷമായി പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ കാര്യാലയ വളപ്പില്‍ ഒരേ തസ്തികയില്‍ ജോലി ചെയ്യുന്നവരുണ്ട്. ഇവര്‍ക്ക് മാറ്റമേയില്ല. വര്‍ഷങ്ങളായി വിദൂര ജില്ലകളിലും, ദൂരയിടങ്ങളിലും ജോലി ചെയ്യുന്നവരുടെ അപേക്ഷ പരിഗണിക്കുന്നുമില്ല.
ഇക്കഴിഞ്ഞ പതിനെട്ടാം തീയതി ഇറങ്ങിയ ടൈപ്പിസ്റ്റ്മാരുടെ അന്തിമ പട്ടികയില്‍ തിരുവനന്തപുരം ജില്ലയില്‍ ഒരു കസേരക്ക് പിറകിലായി മറ്റൊരു കസേരയിലേക്ക് സ്ഥലമാറ്റം ലഭിച്ച മൂന്നുപേരാണുള്ളത്. ഇവര്‍ ഭരണയൂണിയനില്‍പ്പെട്ടവരാണ്.
ഇതിനു പുറമേ ഭരണസൗകര്യാര്‍ഥം എന്നപേരില്‍ ഭരണാനുകൂല സംഘടനയിലെ വേണ്ടപ്പെട്ടവരുടെ സ്ഥലംമാറ്റം നടത്തുകയാണ് മറ്റൊന്ന്. ഈ ഉത്തരവുകള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാറില്ല. അങ്ങനെ കാലങ്ങളായി വിദൂര ജില്ലകളിലും, ജില്ലയിലെ തന്നെ ദൂരസ്ഥലങ്ങളിലും ജോലി ചെയ്യുന്നവരുടെ അപേക്ഷ തള്ളുകയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: