Entertainment

410 കോടി കാഴ്ചക്കാര്‍…ഹരിഹരന്‍ പാടിയ ഹനുമാന്‍ ചാലിസ യൂട്യൂബിലെ നമ്പര്‍ വണ്‍ ഗാനം;അഭിനയിച്ചത് ദാവൂദ് കമ്പനി വെടിവെച്ച് കൊന്ന ഗുല്‍ഷന്‍കുമാര്‍

Published by

മുംബൈ: ഒരു കാലത്ത് ബോളിവുഡ് ഭരിച്ചിരുന്നത് ഡി-കമ്പനിയാണ്. ഡി കമ്പനി എന്നാല്‍ ദാവൂദ് ഇബ്രാഹിം കമ്പനി എന്നര്‍ത്ഥം. ഹൈന്ദവമായ എന്തിനെയും ബോളിവുഡില്‍ തീര്‍ത്തുകളയുന്ന കാലം. അക്കാലത്ത് കാസെറ്റുകളായിരുന്നു ട്രെന്‍ഡ്. 1983ല്‍ കാസെറ്റുകള്‍ ഇറക്കാന്‍ എത്തിയ പാട്ടിനെ ഹൃദയത്തില്‍ സൂക്ഷിച്ച ആളാണ് ഗുല്‍ഷന്‍ കുമാര്‍ ദുവ. ഇദ്ദേഹത്തിന്റെ ടി-സീരീസ് എന്ന കാസെറ്റ് കമ്പനി 1990 ആകുമ്പോഴേക്കും ബോളിവുഡിലെ ഏറ്റവും വലിയ കസെറ്റ് കമ്പനിയായി മാറി.

പഞ്ചാബി ഹിന്ദു കുടുംബത്തില്‍ നിന്നും മുംബൈയിലെ ബോളിവുഡിലേക്ക് കുടിയേറിയ ഗുല്‍ഷന്‍ കുമാര്‍ എന്ന യുവാവ് പാട്ടിനോടുള്ള സ്നേഹം കൊണ്ടും നിഷ്കളങ്കമായ പെരുമാറ്റം കൊണ്ടും കാസെറ്റ് രംഗത്തെ രാജാവായി. ശിവന്റെയും വൈഷ്ണോ ദേവിയുടെയും ഭക്തനായ ഗുല്‍ഷന്‍ കുമാറിന്റെ ഭക്തിഗാനങ്ങള്‍ ഏറെ പേരെടുത്തവയാണ്. യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ട്രെന്‍ഡിങ്ങായി പ്രചരിക്കുന്നത് ഇപ്പോഴും ഗുല്‍ഷന്‍ കുമാര്‍ അഭിനയിച്ച, ഗായകന്‍ ഹരിഹരന്‍ പാടിയ ഒരു ഹനുമാന്‍ ചാലിസ ഗാനമാണ്. ഇതുവരെ 410 കോടി പേരാണ് ഈ ഗാനം യൂട്യൂബില്‍ കണ്ടിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ടി-സീരീസ് കമ്പനി തന്നെയാണ് ഈ ഗാനം വിപണിയില്‍ ഇറക്കിയിരിക്കുന്നത്. ഇതുപോലെ നിരവധി ഭക്തിഗാനങ്ങള്‍ ഗുല്‍ഷന്‍ കുമാര്‍ തന്നെ പാടി അഭിനയിച്ച് ഇറക്കിയിരുന്നു. ഇവയെല്ലാം വന്‍ ജനാവലിയെ ആകര്‍ഷിച്ചിരുന്നു.

ശ്രീഗുരുചരണ സരോജ് രജ്
നിജ് മനു മുകുരെ സുധാരി
വര്‍ണവോ രഘുവര്‍ വിമല് ജസോ
ജോ ദായകു ഫല്‍ ചാരി
(വിശുദ്ധനായ ഗുരുവിന്റെ പാദാരവിന്ദങ്ങളിലെ പൂമ്പൊടികളാല്‍ മനസ്സെന്ന കണ്ണാടിയെ തുടച്ച് വൃത്തിയാക്കിയ ശേഷം ഞാന്‍ ശ്രീ രഘുവരന്റെ പരിശുദ്ധവും കറ പുരളാത്തതുമായ കീര്‍ത്തിയെ സ്തുതിക്കുന്നു. ധര്‍മ്മാര്‍ത്ഥ കാമമോക്ഷമെന്ന ജീവിതത്തിന്റെ നാലുഫലങ്ങൾ നൽകുന്ന ശ്രീരഘുവരന്റെ കളങ്കരഹിതമായ മഹത്വം ഞാൻ വിവരിക്കുന്നു) ഗുരുവിനെ വന്ദിച്ചുകൊണ്ട് തുടങ്ങുന്നതാണ് ഈ ഹുനുമാന്‍ ചാലിസ.

ഇതില്‍ ഹരിഹരന്‍ പാടുന്ന വരികള്‍ യൂട്യൂബില്‍ പാടി അഭിനയിച്ചിരിക്കുന്നത് ഗുല്‍ഷന്‍ കുമാര്‍ ആണ്. ഗുല്‍ഷന്‍കുമാറിന്റെ നിഷ്കളങ്കമായ മുഖവും ഭാവവുമാണ് ഈ ഗാനത്തെ കൂടുതല്‍ ഹൃദയത്തോടടുപ്പിക്കുന്നത്. പക്ഷെ ഈ ഗുല്‍ഷന്‍ കുമാറിന്റെ കാസെറ്റ് ബിസിനസ് രംഗത്തെ അഭൂതപൂര്‍വ്വമായ വളര്‍ച്ച അന്ന് ബോളിവുഡ് ഭരിച്ചിരുന്ന ഡി-കമ്പനിയെന്ന് അറിയപ്പെടുന്ന ദാവൂദ് കമ്പനിയെ ഭയപ്പെടുത്തി.

അവര്‍ ഗുല്‍ഷന്‍കുമാറില്‍ നിന്നും വന്‍തുകകള്‍ ആവശ്യപ്പെട്ട് തുടങ്ങി. ചിലപ്പോഴൊക്കെ തുകകള്‍ കൊടുത്തെങ്കിലും പിന്നെപ്പിന്നെ തുകയുടെ വലിപ്പം കൂടി വന്നു. അതിനിടെ ഗുല്‍ഷന്‍കുമാര്‍ സിനിമാനിര്‍മ്മാണത്തിലേക്കും കടന്നു. വൈഷ്ണോദേവി ഭക്തി കാരണം വൈഷ്ണോദേവി ക്ഷേത്രത്തില്‍ പോകുന്ന ഭക്തര്‍ക്ക് ഇദ്ദേഹം സൗജന്യമായി ഭക്ഷണം നല്‍കിയിരുന്നു. 1991ല്‍ ടി-സീരിസിന്റെ വാര്‍ഷിക വരുമാനം 20 കോടി രൂപ ആയിരുന്നെങ്കില്‍ 1997 ആകുമ്പോഴേക്കും അത് 500 കോടി രൂപയായി ഉയര്‍ന്നു.

ഒരു നാള്‍ ഗുല്‍ഷന്‍ കുമാറിനെ ഡി-കമ്പനി തീര്‍ത്തു. അന്ധേരിയിലെ ജീത് നഗറിലെ ശിവക്ഷേത്രത്തില്‍ പതിവ് പ്രാര്‍ത്ഥനയ്‌ക്ക് പോയതായിരുന്നു ഗുല്‍ഷന്‍ കുമാര്‍. 1997 ആഗസ്ത് എട്ടിന് രണ്ട് ഭീഷണി കോളുകള്‍ വന്നിരുന്നു. വന്‍ തുക ആവശ്യപ്പെട്ടായിരുന്നു ഈ കോളുകള്‍. എന്നാല്‍ ഈ തുക നല്കാന്‍ ഗുല്‍ഷന്‍ കുമാര്‍ ഒരുക്കമല്ലായിരുന്നു. റൗഫ്, അബ്ദുള്‍ റഷീദ് എന്നീ രണ്ട് വാടകഗുണ്ടകളാണ് ഗുല്‍ഷന്‍ കുമാറിനെ ക്ഷേത്രത്തില്‍വെച്ച് വെടിവെച്ച് കൊന്നത്. ദാവൂദ് കമ്പനി അയച്ച വാടകഗുണ്ടകളായിരുന്നു ഇവര്‍.

പൂജ കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഒരു വാടക ഗുണ്ട ചാടി വീണത്. “ഓ, താങ്കള്‍ ഇവിടെ ധാരാളം പൂജ ചെയ്തല്ലോ. ഇനി പൂജകള്‍ അവിടെ ആകാം” എന്ന് പറഞ്ഞാണ് വെടിയുതിര്‍ത്തത്. ആദ്യ തിരയില്‍ നിന്നും രക്ഷപ്പെട്ട് തൊട്ടടുത്ത കുടിലുകളിലേക്ക് ഗുല്‍ഷന്‍ കുമാര്‍ ഓടിയെങ്കിലും അവരാരും അഭയം നല്‍കാന്‍ തയ്യാറായില്ല. ഗുണ്ടകളെ അവര്‍ക്ക് ഭയമായിരുന്നു. ഗുല്‍ഷന്‍ കുമാറിനെ രക്ഷിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ക്ക് ഇരുകാലുകളിലും വെടിയേറ്റു. വൈകാതെ ഗുണ്ടകള്‍ ഗുല്‍ഷന്‍ കുമാറിനെ തീര്‍ത്തു. എങ്കിലും ഗുല്‍ഷന്‍ കുമാര്‍ പണ്ട് അഭിനയിച്ച ഈ ഹനുമാന്‍ ചാലിസ ഇപ്പോഴും കോടികള്‍ ശ്രവിച്ചുകൊണ്ടേയിരിക്കുന്നു, കണ്ടുകൊണ്ടേയിരിക്കുന്നു.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക