ന്യുദല്‍ഹി: വിമാന സർവീസുകൾക്ക് പിന്നാലെ രാജ്യത്തെ വിവിധ സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് വ്യാജ ബോംബ് ഭീഷണി. തിങ്കളാഴ്ച രാത്രി വൈകിയാണ് സന്ദേശം എത്തിയത്. ദല്‍ഹിയിലെ രണ്ട് സ്കൂളുകൾക്കും ഹൈദരാബാദിലെ ഒരു സ്കൂളിനുമാണ് ഭീഷണിസന്ദേശം ലഭിച്ചത്. സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്.
ദൽഹി രോഹിണിയിലെയും ദ്വാരകയിലെയും സിആർപിഎഫ് സ്കൂളുകൾക്കാണ് വ്യാജ ഭീഷണി സന്ദേശം എത്തിയത്. ക്ലാസ്മുറികളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും സ്കൂളുകൾ തകർക്കുമെന്നുമായിരുന്നു ഭീഷണി. പിന്നാലെ പരിശോധന നടത്തിയെങ്കിലും സന്ദേശം വ്യാജമെന്ന് വ്യക്തമായി. ദല്‍ഹി പ്രശാന്ത് വിഹാറിലെ സിആര്‍പിഎഫ് സ്‌കൂളിനടുത്ത് ഞായറാഴ്ചയുണ്ടായ ബോംബ് സ്‌ഫോടനത്തിന് പിന്നാലെയാണ് ഭീഷണി സന്ദേശം. ഈ സ്‌ഫോടനത്തില്‍ പിന്നില്‍ ഖലിസ്താന്‍ വാദികളാണെന്നാണ് നിഗമനം. ഇവിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട നാല് പേർക്കായി തെരച്ചിൽ തുടങ്ങി.
ബോംബ് സ്‌ഫോടനത്തില്‍ സ്‌കൂള്‍ മതിലും സമീപത്തെ കടകളുടെ ബോര്‍ഡുകളും പാര്‍ക്കു ചെയ്തിരുന്ന കാറുകളും തകര്‍ന്നിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും സിആര്‍പിഎഫ് കേന്ദ്രത്തിനടുത്തുണ്ടായ സ്‌ഫോടനത്തെ അതിഗൗരവമായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്. റിമോട്ടിലൂടെയോ, നേരത്തെ സമയം സെറ്റ് ചെയ്തോ ആണ് ബോംബ് പ്രവർത്തിപ്പിച്ചത്. കേസിൽ ഖലിസ്ഥാൻ ബന്ധം അന്വേഷിക്കുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായ തെളിവ് കിട്ടിയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: