Business

ഇന്ത്യയിൽ വിമാനങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും സർക്കാർ പ്രവർത്തിക്കും : പുത്തൻ ചുവടുവയ്പുമായി സിവിൽ ഏവിയേഷൻ മന്ത്രാലയം

പ്രധാനമായും ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ്, നാഷണൽ എയ്‌റോസ്‌പേസ് ലബോറട്ടറീസ് എന്നിവരിൽ നിന്നും മറ്റ് വ്യവസായ പങ്കാളികളിൽ നിന്നും സഹായം സ്വീകരിക്കും

Published by

ന്യൂദൽഹി : വ്യവസായ രംഗത്തെ പ്രമുഖരുടെ സഹായത്തോടെ ഇന്ത്യയിൽ വിമാനങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനുമുള്ള പദ്ധതികളെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് സിവിൽ ഏവിയേഷൻ മന്ത്രി കെ. രാംമോഹൻ നായിഡു. തിങ്കളാഴ്ച മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നേരത്തെ ഓഗസ്റ്റിൽ ലോക്‌സഭ പാസാക്കിയ ഭാരതീയ വായുയാൻ വിധേയക് ബിൽ 2024, ആത്മനിർഭർ ഭാരത് എന്നിവ വിമാനങ്ങളുടെ രൂപകൽപ്പനയും നിർമ്മാണവും സംബന്ധിച്ച് നിഷ്കർഷിച്ചിട്ടുണ്ട്. ഇതിനെ പരാമർശിച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയിൽ വിമാനങ്ങൾ രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനും തങ്ങൾ ആഗ്രഹിക്കുന്നു. പ്രധാനമായും ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ്, നാഷണൽ എയ്‌റോസ്‌പേസ് ലബോറട്ടറീസ് എന്നിവരിൽ നിന്നും മറ്റ് വ്യവസായ പങ്കാളികളിൽ നിന്നും സഹായം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ ഭാവിയിൽ ആഭ്യന്തര ആവശ്യത്തിന് മാത്രമല്ല ലോകത്തിന്റെ മുഴുവൻ ആവശ്യത്തിനും കൂടി വിമാനങ്ങൾ നിർമ്മിക്കുന്ന ഒരു സാഹചര്യം ഉണ്ടാകാൻ തങ്ങൾ ആഗ്രഹിക്കുന്നതായും ആ ലക്ഷ്യത്തിലേക്ക് നീങ്ങാൻ പോകുകയാണെന്നും മന്ത്രി പറഞ്ഞു. അതേ സമയം സർക്കാർ ഉടമസ്ഥതയിലുള്ള എച്ച്എഎൽ ഇതിനകം തന്നെ കുറഞ്ഞ തോതിൽ ചെറിയ സിവിലിയൻ വിമാനങ്ങൾ നിർമ്മിക്കുന്നുണ്ട്.

ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സിവിൽ ഏവിയേഷൻ വിപണികളിലൊന്നാണ് ഇന്ത്യ. ഇന്ത്യൻ വിമാനക്കമ്പനികൾ 1,200-ലധികം വിമാനങ്ങൾ ഇതിനോടകം ഓർഡർ ചെയ്തിട്ടുണ്ട്. കൂടാതെ വിമാന നിർമ്മാതാക്കളായ ബോയിംഗ്, എയർബസ് എന്നിവയുടെ പ്രധാന വിപണിയാണ് രാജ്യം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by