തിരുവനന്തപുരം: അശാസ്ത്രീയമായ വാര്‍ഡ് വിഭജന നീക്കത്തിനെതിരെ ബിജെപി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. വി.വി. രാജേഷ്. ജനാധിപത്യവിരുദ്ധവും അശാസ്ത്രീയവുമായ വാര്‍ഡു വിഭജനത്തിനെതിരെ ബിജെപി നേമം മണ്ഡലം കമ്മിറ്റി നടത്തിയ നേമം സോണല്‍ ഓഫീസ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നഗരസഭയിലെ 70 വാര്‍ഡുകളില്‍ ബിജെപി ഒന്നാംസ്ഥാനവും 13 വാര്‍ഡുകളില്‍ രണ്ടാംസ്ഥാനവും വന്നിരുന്നു. ഇടതുമുന്നണി ആകെ ഒരു വാര്‍ഡില്‍ മാത്രമാണ് ഒന്നാം സ്ഥാനത്ത് വന്നത്. അതിന്റെ അങ്കലാപ്പിലാണ് ബിജെപി ഒന്നാംസ്ഥാനത്ത് വന്ന വാര്‍ഡുകളെ വെട്ടിമുറിക്കാന്‍ ശ്രമിക്കുന്നതെന്നു രാജേഷ് കുറ്റപ്പെടുത്തി.
ബിജെപി ജയിക്കാന്‍ സാധ്യതയുള്ള വാര്‍ഡുകളില്‍ വീടുകളുടെ എണ്ണം കൂട്ടിക്കാണിച്ചിരിക്കുകയാണെന്നും രാജേഷ് ആരോപിച്ചു. വള്ളക്കടവ് വാര്‍ഡില്‍ 1752 വീടുകളാണ്. പക്ഷേ അവിടത്തെ ജനസംഖ്യ 8790. മേലാങ്കോട് 5718 വീടുകളും ജനസംഖ്യ 8651 ഉം ആണ്. ഈ കണക്കനുസരിച്ച് മേലാങ്കോട് ഒരു വീട്ടില്‍ ഒന്നര ആള്‍ക്കാരും വള്ളക്കടവില്‍ അഞ്ചുപേരുമാണ് വോട്ടര്‍മാര്‍. ഇങ്ങനെയുള്ള നിരവധി പൊരുത്തക്കേടുകള്‍ ഉണ്ട്. അതിനാല്‍ ഇക്കര്യത്തില്‍ തിരുത്തല്‍ വേണം.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഒരുവാര്‍ഡ് മാത്രം കൂട്ടാനാണ് സര്‍ക്കാര്‍ നിര്‍ദേശം. കൊവിഡ് കാലത്തെ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നേതൃത്വം കൊടുത്തസി.ആര്. രാജേഷിനാണ് ഡീലിമിറ്റേഷന്‍ സെല്ലിന്റെ ചുമതല. തെരഞ്ഞെടുപ്പിന് ശേഷം ആറ്റിങ്ങലിലേക്ക് സ്ഥലംമാറ്റപ്പെട്ട രാജേഷിനെ ഒരുവര്‍ഷം മുമ്പ് പഞ്ചായത്ത് ഡയറക്ടറേറ്റിലും തുടര്‍ന്ന് ഒരു മാസം മുമ്പ് തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കും കൊണ്ടുവന്നു. എസ്.എസ്. മുരളി, ഗോപന് തുടങ്ങിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ റവന്യൂ ഇന്‍സ്പെക്ടര്‍മാരെയും ഓവര്‍സിയര്‍മാരെയും ഭീഷണിപ്പെടുത്തിയാണ് ഇവരുടെ ഇഷ്ടത്തിന് വാര്‍ഡ് വിഭജനം നടത്തുന്നത്. സോണല്‍ ഓഫീസ് ഉപരോധം പ്രക്ഷോഭത്തിന്റെ ആദ്യഘട്ടം മാത്രമാണെന്നും അശാസ്ത്രീയമായ വാര്‍ഡ് വിഭജനത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണെന്നും വി.വി. രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: