ന്യൂദൽഹി : പഞ്ചാബ് ഭീകരാക്രമണ ഗൂഢാലോചന കേസിൽ ഖാലിസ്ഥാൻ ഭീകരരായ റിൻഡയുടെയും ലാൻഡയുടെയും പ്രധാന കൂട്ടാളിക്കെതിരെ കുറ്റപത്രം സമർപ്പിച്ചതായി എൻഐഎ അറിയിച്ചു.
പഞ്ചാബിലെ തരൺ തരണിൽ നിന്നുള്ള ഗോപി എന്നറിയപ്പെടുന്ന ഗുർപ്രീത് സിംഗിനെതിരായ കുറ്റപത്രം മൊഹാലിയിലെ എൻഐഎ പ്രത്യേക കോടതിയിലാണ് സമർപ്പിച്ചത്. നിരോധിത ഭീകര സംഘടനയായ ബബ്ബർ ഖൽസ ഇൻ്റർനാഷണലുമായി (ബികെഐ) ബന്ധമുള്ള അന്താരാഷ്‌ട്ര ഭീകരരായ റിൻഡ അഥവ ഹർവീന്ദർ സിംഗ് സന്ധു, ലാൻഡ അഥവ ലഖ്ബീർ സിംഗ് എന്നിവരുടെ കൂട്ടാളിയാണ് ഇയാളെന്ന് എൻഐഎ തിരിച്ചറിഞ്ഞിട്ടുണ്ട്.
പഞ്ചാബിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഭീകരത അഴിച്ചുവിടാൻ ബികെഐ ഭീകരർ നടത്തിയ ഗൂഢാലോചനയിൽ ഇയാളുടെ പങ്ക് ഏജൻസി നടത്തിയ അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. 2022 ഡിസംബറിൽ സർഹാലിലെ പോലീസ് സ്റ്റേഷന് നേരെ നടന്ന ആർപിജി ആക്രമണത്തിൽ പ്രതിക്ക് പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
എൻഐഎ നടത്തിയ അന്വേഷണത്തിൽ കേസിൽ ജയിൽ മോചിതനായ ശേഷവും ജയിലിൽ നിന്ന് വിദേശത്തുള്ള തന്റെ ഇടനിലക്കാരുമായി ഇയാൾ സമ്പർക്കം പുലർത്തിയിരുന്നതായി ഏജൻസി കണ്ടെത്തി. കൂടാതെ ലാൻഡയുടെ നിർദ്ദേശപ്രകാരം ബിസിനസുകാരിൽ നിന്ന് വൻതോതിൽ കൊള്ളയടിച്ച് ഇന്ത്യയിലെ ബികെഐയ്‌ക്കും അതിന്റെ പ്രവർത്തകർക്കും വേണ്ടി ഫണ്ട് സ്വരൂപിക്കാൻ ഗുർപ്രീത് ഗൂഢാലോചന നടത്തിയതായി എൻഐഎ അന്വേഷണത്തിൽ വ്യക്തമാക്കിയിരുന്നു.
ലാൻഡ ദുർബലരായ യുവാക്കളെ ബികെഐ ഭീകരവാദ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്തിരുന്നുവെന്ന് എൻഐഎ പറഞ്ഞു. ഇതിനു പുറമെ ഈ വർഷം ജനുവരിയിൽ നടത്തിയ പരിശോധനയിൽ ലാൻഡയുടെ വീട്ടിൽ നിന്ന് അനധികൃത ആയുധങ്ങളും പിടിച്ചെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: