കണ്ണൂര്‍ എഡിഎം നവീന്‍ ബാബൂ മരിച്ചിട്ട് ഒരാഴ്ച പിന്നിട്ടെങ്കിലും തുടര്‍ നടപടി സ്വീകരിക്കാന്‍ പോലീസും സര്‍ക്കാരും മടിക്കുന്നതില്‍ അമര്‍ഷം പതഞ്ഞു പൊങ്ങുകയാണ്. നീണ്ട മൗനത്തിനു ശേഷം മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിച്ചു എന്നത് നല്ലകാര്യം. പക്ഷേ, ഉറപ്പും പ്രഖ്യാപനവുമല്ല, നടപടിയാണ് വേണ്ടത്. ചെങ്ങളായിലെ പെട്രോള്‍ പമ്പ് പ്രശ്നമാണ് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. നവീന്‍ ബാബുവിന്റെ ആത്മഹത്യയിലേക്കെത്തിച്ചത്. എഡിഎം ആത്മഹത്യ ചെയ്തതാണോ കൊല്ലപ്പെട്ടതാണോ എന്നാണ് ഇപ്പോള്‍ സംശയം. കാര്യങ്ങള്‍ വ്യക്തമാകണമെങ്കില്‍ കര്‍ശനമായ അന്വേഷണം തന്നെ വേണം. യാത്രയയപ്പു യോഗത്തിലെ അവഹേളന പ്രസംഗത്തിലൂടെ നവീന്‍ ബാബുവിനെ ആത്മഹത്യയിലേക്കു തള്ളിവിട്ടെന്ന ആരോപണത്തിനു വിധേയയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിരത്തിയ ന്യായങ്ങളെല്ലാം പച്ചക്കള്ളമാണെന്ന് അനുദിനം വ്യക്തമായി വരുന്നു. പെട്രോള്‍ പമ്പിന് എന്‍ഒസി കൊടുക്കാന്‍ എഡിഎം കൈക്കൂലി വാങ്ങി എന്ന വാദം പൊളിഞ്ഞുകഴിഞ്ഞു. കൈക്കൂലി കൊടുത്തു എന്ന് പരസ്യമായി പറഞ്ഞ പ്രശാന്തന് പരിയാരം മെഡിക്കല്‍ കോളജിലെ ഇലക്ട്രീഷ്യനാണ്. ഇയാള്‍ മെഡിക്കല്‍ കോളജിന്റെ സ്റ്റാഫല്ല എന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. മാത്രമല്ല ഒരു നിമിഷം പോലും മെഡിക്കല്‍ കോളജില്‍ അയാളെ തുടരാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറയുന്നു. ഇയാളെങ്ങനെ കോടിക്കണക്കിന് രൂപ മുടക്കി പെട്രോള്‍ പമ്പിന് അനുമതി നേടി എന്ന ചോദ്യം പ്രസക്തമാണ്. പ്രശാന്തന് ബിനാമിയാണെന്നും ദിവ്യയുടെ പമ്പാണിതെന്നും ആരോപണമുണ്ട്. അതുകൊണ്ടാണ് പമ്പിന്റെ വിഷയത്തില്‍ എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെയെത്തി പ്രകോപനമുണ്ടാക്കിയതെന്നും പറയപ്പെടുന്നു.
ഏതായാലും ദിവ്യയെ പ്രതിചേര്‍ത്ത് പോലീസ് കേസെടുത്തതോടെ മുന്‍കൂര്‍ ജാമ്യത്തിനായി കോടിതിയിലെത്തിയിട്ടുണ്ട്. കോടതി വ്യാഴാഴ്ചയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഇതിനിടയില്‍ ദിവ്യയെ ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയ്യാറാകാത്തതില്‍ അമര്‍ഷം പ്രകടിപ്പിച്ച് മഹിളാമോര്ച്ചയടക്കം കണ്ണൂര്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് കലക്ടറേറ്റിലെത്തുന്നതിനുമുമ്പ് തന്നെ പോലീസ് ബലപ്രയോഗം നടത്തുന്ന കാഴ്ചയാണ് കാണാനായത്. ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് തീര്‍ത്ത് മാര്‍ച്ചിനെ തടയാന്‍ ശ്രമിച്ചു. ഇതിനെയെല്ലാം അവഗണിച്ചുകൊണ്ട് മഹിളാ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ മുദ്രാവാക്യം വിളിയും പ്രതിഷേധവും ശക്തമായിരുന്നു.
ഇതിനിടയില്‍ പത്തനംതിട്ടയില്‍ നവീന്‍ബാബുവിന്റെ വീട്ടിലെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പറഞ്ഞത് പാര്‍ട്ടി നവീന്‍ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നാണ്. അതേസമയം കണ്ണൂരിലെ പാര്‍ട്ടി പി.പി. ദിവ്യക്കൊപ്പവും. ഈ ഇരട്ടത്താപ്പ് ആരെപ്പറ്റിക്കാനാണെന്നാണ് ചോദ്യം. കണ്ണൂരിലെ പാര്‍ട്ടി സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാക്കളും പരസ്യമായി പറഞ്ഞത് ദിവ്യക്കൊപ്പമാണെന്നാണ്. ദിവ്യയെ പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ നിന്ന് നീക്കാന്‍ തയ്യാറായിട്ടുമില്ല. ഇത് സംബന്ധിച്ചുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാനും പാര്‍ട്ടി സെക്രട്ടറി കൂട്ടാക്കിയിട്ടില്ല.
ജാമ്യ ഹര്‍ജിയിലും മറ്റും ദിവ്യ പറയുന്ന ന്യായങ്ങളെല്ലാം കളവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. യാത്രയയപ്പ് യോഗത്തില്‍ തന്നെയാരും ക്ഷണിച്ചിട്ട് വന്നതല്ലെന്ന് പറയുന്ന ദിവ്യ, കലക്ടര്‍ വിളിച്ചിട്ടാണ് വന്നതെന്നും വിശദീകരിക്കുന്നു. കളക്ടര്‍ പറയുന്നു സംഘാടകന്‍ താനല്ല, താനാരേയും വിളിച്ചിട്ടുമില്ല എന്ന്. എഡിഎം കൈക്കൂലി വാങ്ങിയതായി പറയുന്ന മുന്‍ അധ്യാപകന് ഗംഗാധരന്, താനങ്ങനെ പറഞ്ഞിട്ടേയില്ലെന്ന് പറയുന്നു. പെട്രോള്‍ പമ്പിന്റെ അപേക്ഷകന്റെ പേര് ‘പ്രശാന്ത്’ ആണോ ‘പ്രശാന്തന്’ ആണോ എന്നതാണ് മറ്റൊരു സംശയം. ഇയാള്‍ രണ്ടിടത്ത് രണ്ട് തരത്തിലാണ് ഒപ്പിട്ടിരിക്കുന്നത്. ദുരൂഹതയാണ് പരക്കെ. സമഗ്ര അന്വേഷണവും നടപടികളും വേണ്ട ഇക്കാര്യത്തില്‍, മുഖ്യമന്ത്രി പുലര്‍ത്തിപ്പോന്ന മൗനമായിരുന്നു ഇതിനേക്കാളൊക്കെ ശ്രദ്ധേയം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും പത്തനംതിട്ട ജില്ലാ സെക്രട്ടറിയും നവീന്‍ ബാബുവിന്റെ കുടുംബത്തെ ചേര്‍ത്തു നിര്‍ത്തുമ്പോള്‍ ആഭ്യന്തരവകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമായിരുന്നു. മൗനം ഭഞ്ജിച്ച നിലയ്ക്ക് ഇനി നടപടികളാണ് വേണ്ടത്. അത് എങ്ങനെ എന്ന് അറിയാന്‍ സമൂഹത്തിന് അവകാശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: