ബെയ്‌റൂട്ട്: തെക്കന്‍ ലെബനനിലും ബെയ്‌റൂട്ടിലും ഇസ്രയേല്‍ ഇന്നലെ വ്യാപക വ്യോമാക്രമണം നടത്തി. പുലര്‍ച്ചെ പത്ത് തവണയാണ് ബെയ്‌റൂട്ടില്‍ വ്യോമാക്രമണം നടത്തിയത്. ഹിസ്ബുള്ളയ്‌ക്ക് ബന്ധമുള്ള ബാങ്കില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. കെട്ടിടങ്ങള്‍ വ്യോമാക്രമണത്തില്‍ തകരുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ ഹിസ്ബുള്ള സാധാരണക്കാരുടെ വീടുകള്‍ ആയുധപ്പുരകളാക്കുന്നുവെന്ന് ഇസ്രയേല്‍ ആരോപിച്ചു. ഇതിന്റെ ഗ്രാഫിക്സ് വീഡിയോയും ഇസ്രയേല്‍ പുറത്തുവിട്ടു.
കൊല്ലപ്പെടുമെന്ന ഭയത്തില്‍ ഹിസ്ബുള്ളയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ നയിം ഖാസിം ലെബനനില്‍ നിന്നും ഒളിച്ചോടിയതായിട്ടാണ് സൂചന. ടെഹ്റാനിലാണ് നയിം ഖാസിം ഇപ്പോള്‍ ഉള്ളതെന്നാണ് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹസന്‍ നസ്‌റുള്ളയുടെ മരണശേഷം നസിം ഖാസിം മൂന്ന് പ്രസംഗങ്ങള്‍ നടത്തിയിരുന്നു. ആദ്യത്തേത് ബെയ്റൂട്ടിലും രണ്ടാമത്തേതും മൂന്നാമത്തേതും ടെഹ്റാനിലുമായിരുന്നു.
ദക്ഷിണ ലെബനനിലെ ചില പ്രദേശങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ മുന്നറിയിപ്പ് നല്കിയിരുന്നുവെന്ന് ഇസ്രയേലി പ്രതിരോധ സേന (ഐഡിഎഫ്) മേധാവി ഡാനിയേല്‍ ഹഗാരി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. സാധാരണ ജനങ്ങളെ പരമാവധി സംരക്ഷിക്കാനായാണ് ഇത്തരത്തില്‍ മുന്നറിയിപ്പ് നല്കിയത്. ഗ്രാമങ്ങളില്‍ ഹിസ്ബുള്ളയുടെ വലിയ സൈനിക സാന്നിധ്യമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
വീടുകളില്‍ സൂക്ഷിച്ച ദീര്‍ഘദൂര മിസൈലുകള്‍ ഉള്‍പ്പെടെയുള്ള ഹിസ്ബുള്ളയുടെ ആയുധ ശേഖരങ്ങളുടെ ചിത്രങ്ങളും ഇസ്രയേല്‍ പുറത്തുവിട്ടു. ഹൈഡ്രോളിക് സംവിധാനത്തിനുമേലാണ് മിസൈലുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇസ്രയേലിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്ന ഈ മിസൈലുകള്‍ ഏതുനിമിഷവും തൊടുത്തുവിടാവുന്ന തരത്തിലുള്ളതാണെന്നും ഐഡിഎഫ് ആരോപിക്കുന്നു.
ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാക്കളെയെല്ലാം ഇസ്രയേല്‍ തെരഞ്ഞുപിടിച്ച് വധിക്കുകയാണ്. സ്ഥാപക അംഗം ഫുആദ് ഷുക്കര്‍, മുന്‍ തലവന്‍ ഹസന്‍ നസ്റുള്ള, ടോപ്പ് കമാന്‍ഡര്‍ അലി കാരാക്കി, സെന്‍ട്രല്‍ കൗണ്‍സില്‍ ഡെപ്യൂട്ടി ഹെഡ് നബീല്‍ കൗക്ക്, ഡ്രോണ്‍ യൂണിറ്റ് മേധാവി മുഹമ്മദ് സുര്‍, മിസൈല്‍ യൂണിറ്റ് മേധാവി ഇബ്രാഹിം ഖുബൈസി, ഓപ്പറേഷന്‍ കമാന്‍ഡര്‍ ഇബ്രാഹിം അഖില്‍ എന്നിവരെയെല്ലാം ഇസ്രയേല്‍ വധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക