കണ്ണൂര്‍: കണ്ണൂര്‍ എഡിഎമ്മായിരുന്ന കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട് നാല് ദിവസമായിട്ടും പോലീസിന് പിടികൊടുക്കാതെ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ കാണാമറയത്ത് തന്നെ. ദിവ്യ അവരുടെ ഇരിണാവിലെ വീട്ടിലില്ലെന്നാണ് പോലീസിന്റെ വിശദീകരണം. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് തലശ്ശേരി സെഷന്‍സ് കോടതി പരിഗണിക്കാനിരിക്കെ കണ്ണൂര്‍ ജില്ലാ കളക്ടറുടെ മൊഴിയും കുറ്റിയാട്ടൂരിലെ റിട്ട. അധ്യാപകന്‍ ഗംഗാധരന്റെ മൊഴിയും പൂര്‍ണമായും ദിവ്യക്കെതിരാണ്.
കണ്ണൂര്‍ ജില്ലാ കളക്ടര്‍ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തതെന്നാണ് ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നത്. എന്നാല്‍ ഇതുവഴിയെ പോയപ്പോള്‍ ഇങ്ങനെ ഒരു പരിപാടി നടക്കുന്നുവെന്ന് അറിഞ്ഞാണ് വന്നതെന്നായിരുന്നു സംഭവദിവസം യാത്രയയപ്പ് സമ്മേളനത്തില്‍ ദിവ്യ പറഞ്ഞത്. സംഭവത്തില്‍ അന്വേഷണം നടത്തുന്ന ലാന്റ് റവന്യു ജോ. കമ്മിഷണര്‍ക്ക് കളക്ടര്‍ നല്‍കിയ മറുപടിയില്‍ പരിപാടിയിലേക്ക് താന്‍ ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന മൊഴിയാണ് നല്‍കിയത്.
എഡിഎം നവീന്‍ ബാബു തന്നോട് കൈക്കൂലി ചോദിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തി റിട്ട. അധ്യാപകന്‍ കുറ്റിയാട്ടൂരിലെ ഗംഗാധരന്‍ കൂടി രംഗത്തെത്തിയതോടെ ദിവ്യയുടെ ജാമ്യഹര്‍ജിയിലുള്ള വാദം തീര്‍ത്തും ദുര്‍ബലമാകും. ഗംഗാധരനില്‍ നിന്ന് നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നായിരുന്നു ദിവ്യയുടെ ആരോപണം. ഇതുസംബന്ധിച്ച് ഗംഗാധരന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ദിവ്യയുടെ പരാമര്‍ശമുണ്ട്. എന്നാല്‍ സ്ഥലത്തെ മണ്ണ് നീക്കുന്നതിനെതിരെ സ്റ്റോപ്പ് മെമ്മോയുമായി ബന്ധപ്പെട്ടതാണ് എഡിഎമ്മിനെ കണ്ടതെന്നും അദ്ദേഹത്തിന്റെ ഇടപെടലില്‍ തനിക്ക് അതൃപ്തി തോന്നിയെന്നും അത് താന്‍ അറിയിച്ചിരുന്നുവെന്നും ഗംഗാധരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എഡിഎം അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് പറഞ്ഞതായും ഗംഗാധരന്‍ സമ്മതിച്ചു. എന്നാല്‍ കൈക്കൂലി ചോദിച്ചുവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഗംഗാധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സപ്തം. 4 നാണ് ഗംഗാധരന്‍ വിജലന്‍സില്‍ പരാതി കൊടുക്കുന്നത്. കൈക്കൂലിയുമായി ബന്ധപ്പെട്ട് പരാതി ഒന്നുമില്ലെന്നും കൈക്കൂലി ചോദിച്ചെന്ന ദിവ്യയുടെ വാദം തെറ്റാണെന്നും ഗംഗാധരന്‍ പറഞ്ഞു. പരിഹരിക്കാമായിരുന്നിട്ടും നവീന്‍ ബാബു ഫയല്‍ സംബന്ധിച്ച കാര്യത്തില്‍ നീതി കാട്ടിയില്ല. ഒരു ഫോണ്‍ വിളിച്ചു പരിഹരിക്കാവുന്ന പ്രശ്‌നമേ ഉള്ളൂവെന്നും ഗംഗാധരന്‍ പറഞ്ഞു.
പി.പി. ദിവ്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാതെ മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ പോലീസ് സൗകര്യമൊരുക്കുന്നതില്‍ കണ്ണൂരിലെ റവന്യൂ ജീവനക്കാര്‍ പ്രതിഷേധത്തിലാണ്. പോലീസ് ഇന്റലിജന്‍സിന് അടക്കം ദിവ്യയുടെ നീക്കങ്ങളില്‍ ആദ്യഘട്ടത്തില്‍ വ്യക്തമായ സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇത് മനസിലാക്കി സിപിഎം ദിവ്യയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള രാജിക്കത്ത് നല്‍കാന്‍ വെള്ളിയാഴ്ച രാവിലെ രഹസ്യമായി ജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപമെത്തി ദിവ്യ തിരിച്ചുപോയി. പോലീസിനും ഇതുസംബന്ധിച്ച് വിവരം ലഭിച്ചതായാണ് സൂചന.
റെയില്‍വേ സ്റ്റേഷന്‍ കിഴക്കേ കവാടത്തിനരികില്‍ വെച്ച് രാജിക്കത്ത് കൈമാറിയതായാണ് സൂചന. ഇവിടെ നിന്ന് കേവലം 50 മീറ്റര്‍ മാത്രമേ കേസ് അന്വേഷിക്കുന്ന ടൗണ്‍ പോലീസ് സ്റ്റേഷനിലേക്കുള്ളൂ. ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കാണ് രാജിക്കത്ത് കൈമാറിയതെങ്കില്‍ ഇദ്ദേഹവും ദിവ്യയെ ഒളിവില്‍ പോകാന്‍ സഹായിച്ചുവെന്ന വാദം വരും ദിവസങ്ങളില്‍ ഉയര്‍ന്ന് വരും. ദിവ്യക്കെതിരെ ജാമ്യമില്ലാ കേസുണ്ടെന്ന് സെക്രട്ടറിക്കും അറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: