Kerala

ഷാഫി വളരാന്‍ സമ്മതിക്കുന്നില്ലെന്ന് ഡിസിസി സെക്രട്ടറി, ഇടത് സഹായമില്ലായിരുന്നെങ്കില്‍ ബിജെപി ജയിച്ചേനെയെന്ന് സരിന്‍, ഡീല്‍ തെളിഞ്ഞെന്ന് കൃഷ്ണകുമാര്‍

തെരഞ്ഞെടുപ്പ് പ്രചാരണം ചൂടേറിയതോടെ മറച്ചു വച്ചിരുന്ന ചില സത്യങ്ങളും പുറത്തു വന്നു

Published by

പാലക്കാട്: പാലക്കാട് ജില്ലയില്‍ കോണ്‍ഗ്രസില്‍ ഷാഫി പറമ്പില്‍ എം പിക്കെതിരെ പടയൊരുക്കം. ഷാഫി മറ്റുള്ളവരെ വളരാന്‍ സമ്മതിക്കുന്നില്ലെന്ന് ഡിസിസി സെക്രട്ടറി ഷിഹാബുദ്ദീന്‍ കെപിസിസിക്ക് പരാതി നല്‍കി. ഷാഫിക്കെതിരെ സംസാരിച്ച് പാര്‍ട്ടി വിട്ടവര്‍ പറയുന്നത് ഗൗരവമുള്ള കാര്യങ്ങളാണെന്ന് ഷിഹാബുദ്ദീന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പുറത്താക്കിയ നേതാവ് എകെ ഷാനിബും ഷാഫി പറമ്പിലിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ത്തിയത്.നേതൃത്വം ഇടപെട്ട് തിരുത്തിയില്ലെങ്കില്‍ വന്‍ പ്രത്യാഘാതം ഉണ്ടാകുമെന്നും കഴിവുള്ള ചെറുപ്പക്കാരെ നിഷ്‌കാസനം ചെയ്യുന്ന രീതി ഉണ്ടെന്നും ഷിഹാബുദ്ദീന്‍ പറഞ്ഞു. ചെറുപ്പക്കാര്‍ പാതിവഴിയില്‍ രാഷ്‌ട്രീയം ഉപേക്ഷിക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

തെരഞ്ഞെടുപ്പ് പ്രചാരണം ചൂടേറിയതോടെ മറച്ചു വച്ചിരുന്ന ചില സത്യങ്ങളും പുറത്തു വന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു വോട്ടുകള്‍ കിട്ടിയത് കൊണ്ടാണ് ഷാഫി പറമ്പില്‍ വിജയിച്ചതെന്ന് കോണ്‍ഗ്രസില്‍ നിന്നും ഇടതുപാളയത്തിലെത്തി സ്ഥാനാര്‍്ഥിയായ ഡോ.പി സരിന്‍ പറഞ്ഞത് വലിയ ചര്‍ച്ചയായി. ഷാഫിയെ നിഷേധിക്കാന്‍ ഇടതു പക്ഷം കഴിഞ്ഞ തവണ തീരുമാനിച്ചിരുന്നെങ്കില്‍ ബി.ജെ.പിയുടെ ഇ ശ്രീധരന്‍ ജയിക്കുമായിരുന്നു എന്ന് സരിന്‍ പറഞ്ഞു.

ഇടത് സ്ഥാനാര്‍ഥിയുടെ വെളിപ്പെടുത്തല്‍ സിപിഎം കോണ്‍ഗ്രസ് ഡീലിന്റെ തെളിവാണെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ പറഞ്ഞു. ഡോ.പി. സരിന്റെ തുറന്നു പറച്ചില്‍ വോട്ട് കച്ചവടം നടത്തി എന്നതിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക