ദുബായ്: കുട്ടിക്രിക്കറ്റിലെ പുതിയ വനിതാ ജേതാക്കള്‍ ആരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ന് രാത്രി ഏഴരയ്ക്ക് ദുബായ് ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ചരിത്ര നേട്ടത്തിനായി കൊമ്പുകോര്‍ക്കുന്നത് ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും.
സെമിയില്‍ കരുത്തരായ ഓസ്ട്രേലിയയെ എട്ട് വിക്കറ്റിന് തകര്‍ത്തുകൊണ്ടാണ് ദക്ഷിണാഫ്രിക്കയുടെ വരവ്. ഇന്നത്തെ ഫൈനല്‍ നടക്കുന്ന അതേ വേദിയിലായിരുന്നു നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയോട് ദക്ഷിണാഫ്രിക്കയുടെ മധുര പ്രതികാരം. കഴിഞ്ഞ ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ അവരുടെ നാട്ടില്‍ 19 റണ്‍സിന് തോല്‍പ്പിച്ച് ഓസീസ് ആറാം കിരീടം ചൂടിയതിന്റെ നീറ്റല്‍ ദക്ഷിണാഫ്രിക്ക മറന്നു. പക്ഷെ ആശ്വാസം കണ്ടെത്താന്‍ ഇന്നത്തെ മത്സരവിധിവരെ കാക്കണം. ദക്ഷിണാഫ്രിക്കയ്ക്ക് ഇത് രണ്ടാം ഫൈനല്‍ പ്രവേശമാണ്. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് ടീമുകള്‍ക്ക് ശേഷം ആദ്യമായാണ് ഒരു ടീം തുടര്‍ച്ചയായി രണ്ട് തവണ വനിതാ ട്വന്റി20 ലോകകപ്പ് ഫൈനലിലെത്തുന്നത്.
ഗ്രൂപ്പ് ബിയില്‍ നിന്ന് വിന്‍ഡീസിന് പിന്നില്‍ റണ്ണറപ്പുകളായാണ് ദക്ഷിണാഫ്രിക്ക സെമിയിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച നാലില്‍ മൂന്ന് കളിയും ജയിച്ച് ആറ് പോയിന്റു നേടി. ഇത്രയും പോയിന്റുകളാണ് വിന്‍ഡീസും ഇംഗ്ലണ്ടും നേടിയിരുന്നത്. റണ്‍നിരക്കിന്റെ ബലത്തില്‍ ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് പുറത്താകുകയായിരുന്നു. ഈ ലോകകപ്പില്‍ ന്യൂസിലന്‍ഡ് പരാജയപ്പെട്ടത് ഇംഗ്ലണ്ടിനോട് മാത്രമാണ്.
മറുഭാഗത്ത് അണി നിരക്കുന്ന ന്യൂസിലന്‍ഡിന്റെ കരിങ്കുപ്പായക്കാര് 2000ന് ശേഷം ഒരു ഐസിസി കിരീടം എന്ന സാഫല്യത്തിനായാണ് കാത്തിരിക്കുന്നത്. വെസ്റ്റിന്‍ഡീസിനെതിരെ സെമിയില്‍ 128 റണ്‍സ് നേടി പ്രതിരോധിച്ച് എട്ട് റണ്‍സിന്റെ വിജയമാണ് കിവീസ് നേടിയത്. 129 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് 20 ഓവറും ബാറ്റ് ചെയ്തെങ്കിലും എട്ട് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. കരീബിയന്‍ പടയുടെ നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി കിവീസ് ബൗളര്‍ എഡെന്‍ കാഴ്സണ് കളിയിലെ താരമായി. മൂന്ന് വിന്‍ഡീസ് ബാറ്റര്‍മാരെയാണ് എഡെന്‍ പുറത്താക്കിയത്.
സോഫീ ഡിവൈനിന്റെ നായകത്വത്തില്‍ ഇറങ്ങുന്ന ടീമിന് ഇക്കുറി കിരീടം നേടാനായില്ലെങ്കില്‍ ഇനിയൊരു ടി20 ലോകകപ്പിന് കളമൊരുങ്ങുമ്പോള്‍ ടീമിന് പ്രചോദനമായി നിലകൊള്ളുന്ന നായിക സോഫീ ഡിവൈന്‍ ഉണ്ടാകില്ല. ഭാരതം ഉള്‍പ്പെട്ട ഗ്രൂപ്പ് എയില്‍ നിന്നാണ് ന്യൂസിലാന്‍ഡിന്റെ വരവ്. ഭാരതം അടക്കം എല്ലാ ടീമുകളുമായും ജയിച്ച അവര്‍ ഈ ലോകകപ്പില്‍ ഒരേയൊരു ടീമിനോട് മാത്രമാണ് പരാജയമറിഞ്ഞത്. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയോട്. മൂന്ന് ജയത്തിന്റെ ബലത്തില്‍ ആറ് പോയിന്റുമായി റണ്ണറപ്പുകളായാണ് സെമിയിലെത്തിയത്. ആദ്യ രണ്ട് ലോകകപ്പിലും ഫൈനലിലെത്തിയ ടീമാണ് ന്യൂസിലാന്‍ഡ്. 2009ലെ പ്രഥമ വനിതാ ട്വന്റി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനോടും തൊട്ടടുത്ത വര്‍ഷം നടന്ന ലോകകപ്പില്‍ ഓസ്ട്രേലിയയോടും പരാജയപ്പെട്ടു.
ഇതുവരെ നടന്ന എട്ട് ലോകകപ്പുകളില്‍ ആറ് കിരീടം നേടി ഓസ്ട്രേലിയയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും ഓരോ തവണ കിരീടം നേടിയിട്ടുണ്ട്. ഇന്നത്തെ മത്സരം കഴിയുമ്പോള്‍ ഈ നിരയിലേക്ക് പുതിയൊരു ടീം കൂടി ചേര്‍ക്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: