കൊച്ചി: കേരളത്തിന് ദുരന്തനിവാരണ സഹായമായി 782.99 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ സഹായധനം സംബന്ധിച്ച കേസ് പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് വി.എം. ശ്യാം കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച്.
ദുരന്തബാധിതരെ സഹായിക്കുന്നതിനായി എസ്ഡിആര്‍ഫിനു കീഴില്‍ 2024-25 വര്‍ഷത്തേക്ക് 388 കോടി രൂപ അനുവദിച്ചു. (കേന്ദ്ര വിഹിതമായി 291.20 കോടി, സംസ്ഥാന വിഹിതമായി 96.80 കോടി).
ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന്, എസ്ഡിആര്‍എഫിന്റെ കേന്ദ്ര വിഹിതത്തിന്റെ രണ്ട് ഗഡുക്കളും മുന്‍കൂറായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. ജൂലൈ 31നും ഒക്ടോബര്‍ ഒന്നിനും 145.60 കോടി വീതം (291.20 കോടി രൂപ). കൂടുതല്‍ സഹായം ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിശദമായ മെമ്മോറാണ്ടം ലഭിച്ചാല്‍ പരിഗണിക്കുമെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എആര്‍ എല്‍ സുന്ദരേശന്‍ വ്യക്തമാക്കി.
ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിന് സംസ്ഥാന ദുരന്തനിവാരണ നിധിയിലേക്ക് (എസ്ഡിആര്‍എഫ്) അനുവദിക്കുന്ന പതിവ് ഫണ്ടിന് പുറമെ കേന്ദ്രസര്‍ക്കാരില്‍ നിന്ന് പ്രത്യേക ധനസഹായം വേണമെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറല്‍ കെ .ഗോപാലകൃഷ്ണക്കുറുപ്പ് ആവശ്യപ്പെട്ടു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ഹര്‍ജി അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: