ന്യൂദല്‍ഹി: പത്താം ക്ലാസ് പാസായി കോളെജില്‍ പോയെങ്കിലും പഠിത്തം നിര്‍ത്തി ഇറങ്ങിയ ചെറുപ്പക്കാരനായിരുന്നു ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളായ ഗൗതം അദാനി. ‘പത്താം ക്ലാസ് പാസായ കോളെജ് ഡ്രോപൗട്ട്’ എന്നാണ് അദാനി തന്നെ സ്വയം വിശേഷിപ്പിക്കുന്നത്.
യാദൃച്ഛികമായാണ് അദാനിയുടെ ജീവിതത്തിലേക്ക് ഒരു ദന്തല്‍ ഡോക്ടറായ പെണ്‍കുട്ടി കടന്നുവരുന്നത്. അതും അദാനിയുടെ 24ാം വയസ്സില്‍. വെറും 21 വയസ്സ് മാത്രമായിരുന്നു ആ പെണ്‍കുട്ടിക്ക്. അഹമ്മദാബാദിലെ സര്‍ക്കാര്‍ ഡെന്‍റല്‍ കോളെജില്‍ (ബിഡിഎസ്) പഠിച്ച ദന്തഡോക്ടറായിരുന്ന ഡോ.പ്രീതിയാണ് ഗൗതം അദാനിയെ വിവാഹം കഴിച്ചത് 1986ല്‍ ആണ് വിവാഹം. അന്ന് ഡോ.പ്രീതി അദാനിയ്‌ക്ക് 21ഉം അദാനിയ്‌ക്ക് 24ഉം ആയിരുന്നു പ്രായം. പ്രേമ വിവാഹമായിരുന്നില്ല, തികച്ചും അറേഞ്ച്ഡ് വിവാഹമായിരുന്നു ഇവരുടേത്.
അതിന് ശേഷമാണ് ഗൗതം അദാനി ബിസിനസില്‍ വിജയത്തിന്റെ പടികള്‍ ഒന്നൊന്നായി കയറുന്നത്. ഇതേക്കുറിച്ച് അദാനി തന്നെ പറഞ്ഞ വാക്കുകള്‍ ഇതാണ്: “പത്താംക്ലാസ് പാസായ കോളെജില്‍ ഡ്രോപൗട്ടാണ് ഞാന്‍. പ്രീതി അദാനി ഒരു ദന്തല്‍ ഡോക്ടറാണ്. എന്നെക്കാള്‍ വളരെ ഉയര്‍ന്ന വിദ്യാഭ്യാസം ഉണ്ടായിട്ടും എന്നെ വിവാഹം കഴിക്കുക എന്ന കരുത്തുറ്റ തീരുമാനമാണ് അവര്‍ ജീവിതത്തില്‍ എടുത്തത്. എന്റെ വിജയത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം എന്തെന്ന് ചോദിച്ചാല്‍ അത് ഡോ.പ്രീതിയാണ്”.
വിവാഹശേഷം 13 വര്‍ഷത്തിന് 1999ല്‍ ദന്തല്‍ പ്രാക്ടീസ് മാറ്റിവെച്ച് ഡോ.പ്രീതി അദാനി സാമൂഹ്യപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു. അവര്‍ അതിനായി അദാനി ഫൗണ്ടേഷന്‍ സ്ഥാപിച്ചു. വിദ്യാഭ്യാസം, പൊതുജനാരോഗ്യം, ഗ്രാമീണഅടിസ്ഥാനസൗകര്യവികസനം, സുസ്ഥിരമായ ജീവിതോപാധി എന്നിവയിലൂടെ ഗ്രാമങ്ങളും നഗരവും തമ്മിലുള്ള അന്തരം കുറച്ചുകൊണ്ടുവരാനാണ് അദാനി ഫൗണ്ടേഷനിലൂടെ പ്രീതി അദാനി ശ്രമിക്കുന്നത്. ഇന്ത്യയുടെ 18 സംസ്ഥാനങ്ങളിലായി 5,753 ഗ്രാമങ്ങളില്‍ ഇന്ന് അദാനി ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നു. ഇന്ന് 8000 കോടി രൂപയുടെ ആസ്തിയുണ്ട് പ്രീതി അദാനിയ്‌ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: