ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മദ്രസകളിൽ സംസ്കൃതം പഠനവിഷയമാക്കാൻ സംസ്ഥാന മദ്രസ ബോർഡ്. 416 മദ്രസകളാണു സംസ്ഥാനത്തുള്ളത്. സംസ്കൃതം പഠനവിഷയമാക്കുന്നതിനു പരിപാടി തയാറാക്കിയെന്നും ശുപാർശ സംസ്ഥാന സർക്കാർ അംഗീകരിച്ചാൽ നടപ്പാക്കുമെന്നും സംസ്ഥാന മദ്റസ ബോർഡ് ചെയർമാൻ മുഫ്തി ഷമൂൻ ഖാസ്മി. മദ്രസയിൽ പഠിക്കുന്നവർക്കും മുഖ്യധാരാ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ ലക്ഷ്യം കണക്കിലെടുത്താണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
സംസ്‌കൃത വകുപ്പിലെ ഉദ്യോഗസ്ഥരുമായി ഒന്നിലധികം മീറ്റിംഗുകൾ നടത്തിയിട്ടുണ്ടെന്നും ഉടൻ തന്നെ നല്ല പ്രതികരണം ലഭിക്കുമെന്ന വിശ്വാസത്തിലാണെന്നും ഖാസ്മി സൂചിപ്പിച്ചു. സർക്കാർ അനുമതി ലഭിച്ചാൽ, ഈ മദ്രസകൾ പുതിയ പാഠ്യപദ്ധതി നടപ്പിലാക്കുന്നതിനായി സംസ്കൃത അധ്യാപകരെ റിക്രൂട്ട് ചെയ്യാൻ തുടങ്ങും.
സംസ്കൃതവും അറബിയും പ്രാചീന ഭാഷകളാണ്. അറബിയോടൊപ്പം മദ്റസകളിൽ സംസ്കൃത പഠനത്തിനും അവസരം ലഭിച്ചാൽ വിദ്യാർഥികൾക്ക് പ്രയോജനകരമാകും. മദ്റസകളിൽ എൻ.സി.ഇ.ആർ.ടി സിലബസ് നടപ്പാക്കിയതോടെ മികച്ച ഫലമുണ്ടായി. വിജയം 96 ശതമാനമായെന്നും മദ്റസ ബോർഡ് ചെയർമാൻ പറഞ്ഞു. വിദ്യാർത്ഥികളിൽ ദേശീയതാബോധം വളർത്തിയെടുക്കാൻ വിമുക്തഭടന്മാരെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇതിനകം 100 ലധികം മദ്രസകളിൽ അറബിക് പഠിപ്പിക്കുന്നുണ്ട്, സംസ്‌കൃത ക്ലാസുകൾ ഉടൻ ആരംഭിക്കാൻ കഴിഞ്ഞാൽ വളരെ നല്ലകാര്യമായിരിക്കും. മൗലവിമാരും പണ്ഡിറ്റുകളും പഠിപ്പിക്കുന്നത് ഞങ്ങളുടെ വിദ്യാർത്ഥികളെ നല്ല രീതിയിൽ വളർത്തുന്നതിൽ കാര്യമായി സഹായിക്കും. വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 117 മദ്രസകളും മാതൃകാ സ്ഥാപനങ്ങളാക്കി മാറ്റാൻ പദ്ധതിയിടുന്നതായി ബോർഡ് ചെയർപേഴ്‌സൺ ഷദാബ് ഷംസ് പറഞ്ഞു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: