ഭാരതം ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികളിലും പ്രശ്നങ്ങളിലും സ്വീകരിക്കേണ്ട നിലപാടെന്ത്, അതില്‍ ഹിന്ദുസമൂഹത്തിന്റെ പങ്കെന്ത് തുടങ്ങി നമ്മുടെ രാഷ്ട്രത്തിന്റെ മുന്നോട്ടുള്ള പാതയുടെ വ്യക്തമായ രേഖാചിത്രമാണ് വിജയദശമി ദിവസം ആര്‍എസ്എസ് രൂപം കൊണ്ട നാഗ്പൂരിലെ രേശം ബാഗ് സംഘസ്ഥാനില്‍ സര്‍സംഘ ചാലക് ഡോ. മോഹന്‍ ഭാഗവത് മുന്നോട്ടുവച്ചത്. 1925 ല്‍ സംഘം രൂപം കൊണ്ട വിജയദശമി ദിവസം മുതല്‍ കഴിഞ്ഞ 99 വര്‍ഷവും സംഘ സ്ഥാപകനായ ഡോ. കേശവ ബലിറാം ഹെഡ്ഗേവാര്‍ മുതല്‍ മോഹന്‍ ഭാഗവത് വരെയുള്ള അതതു കാലത്തെ സര്‍സംഘ ചാലകന്മാര്‍ വിജയദശമി പ്രഭാഷണത്തിലൂടെ സംഘ സ്വയംസേവകര്‍ക്കും ഭാരതത്തിനും വഴികാട്ടുന്നു.
ഭാരതം അഭിമുഖീകരിക്കുന്ന സമകാലീന പ്രശ്നങ്ങളും അതിനുള്ള പരിഹാരങ്ങളും മാത്രമല്ല, ഭാരതത്തെ പരമവൈഭവത്തിലേക്ക് ഉയര്‍ത്തുക എന്ന സംഘത്തിന്റെ പ്രഖ്യാപിത ലക്ഷ്യം നേടിയെടുക്കാന്‍ കാലത്തിനൊപ്പവും അതിനപ്പുറത്തേക്കും വെളിച്ചം വീശുന്നതാണ് ഈ പ്രഭാഷണങ്ങളോരോന്നും. ദേശീയതയുടെയും ദേശീയ താല്പര്യത്തിന്റെയും സശക്തവും സുരക്ഷിതവും സമ്പല്‍സമൃദ്ധവുമായ ഭാരതം എന്ന ലക്ഷ്യത്തിന്റെ സൂചനകള്‍, അതിലേക്ക് എത്തിച്ചേരാനുള്ള വഴികള്‍ ഈ പ്രഭാഷണങ്ങളുടെ മാത്രം പ്രത്യേകതകളാണ്. സംഘ സ്വയംസേവകരോടും പ്രസ്ഥാനത്തോടുമുള്ള സംഘത്തിന്റെ കുടുംബനാഥനായ സര്‍സംഘ ചാലകന്റെ ഈ പ്രഭാഷണം അടുത്ത ഒരു വര്‍ഷത്തെ, അല്ലെങ്കില്‍ പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിലെ ദിശാസൂചികകള്‍ തന്നെയാണ്. അതുകൊണ്ട് പാവനവും പവിത്രവുമായ കടമയുടെയോ നിയോഗത്തിന്റെയോ ഭാഗമായി സംഘ സ്വയംസേവകര്‍ ഇത് നെഞ്ചിലേറ്റുന്നു.
ഇത്തവണയും സമകാലീന സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ടാണ് സര്‍സംഘ ചാലകന്റെ പ്രഭാഷണം ആരംഭിച്ചത്. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും മേഖലയില്‍ ലോകം കൈവരിച്ചിട്ടുള്ള ഉജ്ജ്വല നേട്ടങ്ങള്‍ അദ്ദേഹം പരാമര്‍ശിച്ചു. അത് ജീവിതത്തെ അനായാസകരമാക്കുകയും കൂടുതല്‍ സുഖപ്രദമാക്കുകയും ചെയ്യുന്നതായി അദ്ദേഹം വിലയിരുത്തി. പക്ഷേ, സ്വാര്ത്ഥതാല്പര്യങ്ങള്, സംഘര്‍ഷങ്ങള്‍ എന്നിവ ജീവിതത്തെ നാശോന്മുഖമാക്കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രത്യേകിച്ചും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നടക്കുന്ന യുദ്ധം നമ്മുടെ നാടിനേയും ബാധിക്കുമോ എന്ന ആശങ്ക നമ്മുടെ മുന്നിലുണ്ട്. ലോകമെമ്പാടും ഭാരതം ശക്തമായ രാഷ്ട്രമായി മാറിയിരിക്കുന്നു എന്നും നമ്മുടെ ജനങ്ങളുടെ പ്രതീക്ഷകള്‍ക്കും അഭിലാഷങ്ങള്‍ക്കും അനുസൃതമായി അത് പുരോഗമിക്കും എന്ന ഉറപ്പും നമുക്കുണ്ട്. നമ്മള് ഒരു രാഷ്ട്രം എന്ന നിലയില്‍ കൂടുതല്‍ ശക്തവും ലോകം മുഴുവന്‍ ആദരിക്കുന്ന നിലയിലേക്കും ഉയര്‍ന്നിരിക്കുന്നു. നമ്മുടെ വിശ്വസാഹോദര്യം, യോഗ, പരിസ്ഥിതിയോടുള്ള നിലപാട് എന്നിവ ലോകം മുഴുവന്‍ ആദരവോടെ കാണുന്നു. പല മേഖലകളിലും ഭാരതം അതിവേഗം മുന്നോട്ടു കുതിക്കുന്നു. പ്രത്യേകിച്ചും യുവാക്കളുടെ ആശയാഭിലാഷങ്ങള്‍ക്കനുസൃതമായി നമ്മള് കുതിക്കുന്നു എന്ന ചിന്ത പ്രകടമാണ്. യുവാക്കള്‍, വനിതകള്‍, സംരംഭകര്‍, കൃഷിക്കാര്‍, സൈനികര്‍, ഭരണനിര്‍വഹണം തുടങ്ങിയ മേഖലകളില്‍ നിശ്ചയദാര്‍ഢ്യത്തോടെയുള്ള മുന്നേറ്റം ആരിലും ആദരവുണ്ടാക്കുന്നതുതന്നെയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ദേശീയ താല്പര്യത്തിന് അനുസൃതമായി സ്വീകരിച്ചിട്ടുള്ള പരിശ്രമങ്ങള്‍, സല്‍കീര്‍ത്തി, അധികാരം, രാഷ്ട്രങ്ങള്‍ക്കിടയിലുള്ള സ്ഥാനം എന്നിവയില്‍ ഭാരതത്തിന്റെ പ്രതിച്ഛായ വന്‍തോതില്‍ ഉയര്‍ത്തിയിട്ടുണ്ട്. പക്ഷേ, പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നമ്മുടെ കഴിവിനോടുള്ള വെല്ലുവിളിയായി ചില ഛിദ്ര ശക്തികള്‍ നടത്തുന്ന വെല്ലുവിളികളും പ്രവര്‍ത്തനങ്ങളും നമ്മള് വേണ്ടരീതിയില്‍ മനസ്സിലാക്കേണ്ടതുണ്ട്. നമ്മുടെ നാട്ടില്‍ അസ്വസ്ഥത സൃഷ്ടിക്കാനും അസ്ഥിരത പടര്‍ത്താനുമുള്ള ഇത്തരം ശ്രമങ്ങള്‍ പല ദിശകളില്‍നിന്നും രൂപം കൊള്ളുന്നതും കണ്ടറിയണം.
ലോകക്രമത്തില്‍ ഭാരതത്തിന്റെ ഉയര്‍ച്ച ചില വന്‍ശക്തികള്‍ക്ക് അലോസരം ഉണ്ടാക്കിയിട്ടുണ്ട്. ഭാരതം, അവര്‍ സൃഷ്ടിക്കുന്ന പരിധിക്കകത്തേ വളരാവൂ എന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. ജനാധിപത്യത്തോട് പ്രതിബദ്ധതയുള്ളതും സ്വതന്ത്രചിന്തയുള്ളതും എന്നൊക്കെ അവകാശപ്പെടുന്ന ഈ രാഷ്ട്രങ്ങള്‍ അവരുടെ സ്വന്തം സുരക്ഷയെയും താല്പര്യങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇത്തരം പ്രസ്താവനകളൊക്കെ കീഴ്മേല്‍ മറിയുന്നത് നമുക്ക് കാണാം. ഏത് രാജ്യത്തെയും ഭരണസംവിധാനത്തെ കടപുഴക്കി എറിയാന്‍ അവര്‍ക്ക് മടിയില്ല. ജനാധിപത്യഭരണകൂടങ്ങളെ തകര്‍ക്കാന്‍ നിയമപരമായതോ,നിയമവിരുദ്ധമായതോ, അക്രമത്തിന്റേതോ ആയ മാര്‍ഗങ്ങള്‍ അവര്‍ സ്വീകരിക്കുന്നു. ഭാരതത്തിലും ലോകത്തും ഉണ്ടാകുന്ന സംഭവങ്ങളെ വിലയിരുത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ നമുക്ക് ബോധ്യപ്പെടും. അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും കൊണ്ട് ഭാരതത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ആസൂത്രിതമായ ശ്രമങ്ങളും നടക്കുന്നുണ്ട്. അടുത്തിടെ ബംഗ്ലാദേശിലുണ്ടായ സംഭവ വികാസങ്ങള്‍ നമ്മള് കാണണം. ആ നാട്ടിലെ പ്രാദേശികവും ആനുകാലികവുമായ പ്രശ്നങ്ങള്‍ സംഭവത്തിന്റെ ഒരുവശം മാത്രമാണ്. പക്ഷേ, ഹിന്ദുസമൂഹത്തിനെതിരെ യാതൊരു പ്രകോപനവുമില്ലാതെ ഉണ്ടായ അക്രമസംഭവങ്ങള്‍, അതും ആവര്‍ത്തിച്ചുണ്ടാകുന്നത് കാണാതിരുന്നു കൂടാ. ഇത്തവണ ഹിന്ദുസമൂഹം സംഘടിതരായി അത്തരം ആക്രമണങ്ങളെ നേരിടാന്‍ തയ്യാറായി. പക്ഷേ, മതമൗലികവാദികള്‍ക്ക് സ്വാധീനമുള്ളിടത്തോളം ന്യൂനപക്ഷ സമൂഹത്തിന്റെ മുകളില്‍ ഭീതിയുടെ വാള് ഉണ്ടായിരിക്കും എന്നകാര്യത്തില്‍ സംശയമില്ല. ബംഗ്ലാദേശിലെ ഈ സംഭവവികാസങ്ങള്‍ നമ്മുടെ ദേശത്തിന്റെ സുരക്ഷയും ശാന്തിയും ഐക്യവും സംബന്ധിച്ചു പോലും ആശങ്ക ഉയര്‍ത്തുന്നതാണ്. ബംഗ്ലാദേശില്‍ ഹിന്ദുസമൂഹം ന്യൂനപക്ഷമായപ്പോഴാണ് ഈ അക്രമം നേരിടേണ്ടിവന്നത്. ഭാരതത്തിലെ ഭരണകൂടവും ലോകമെമ്പാടുമുള്ള ഹിന്ദുസമൂഹവും ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കുവേണ്ടി നിലപാടെടുക്കണം, സഹായിക്കണം. ഭാരതത്തെ പ്രതിരോധിക്കാന്‍ പാകിസ്ഥാനുമായി കൂടിച്ചേരണം എന്ന ആവശ്യം ബംഗ്ലാദേശില്‍ ഒരുവിഭാഗം ഉയര്‍ത്തുന്നുണ്ട്. ഇത്തരം വ്യാജ ആരോപണങ്ങള്‍ സൃഷ്ടിക്കുന്നവരെ കുറിച്ച്, സമ്മര്‍ദ്ദതന്ത്രങ്ങള്‍ ഉയര്‍ത്തുന്നവരെ കുറിച്ച് പറയേണ്ട കാര്യമില്ല. പക്ഷേ, പരിഹാരത്തിന് ഭരണകൂടം ഇടപെടുകയും നടപടിയെടുക്കുകയും ചെയ്യണം. വൈവിധ്യങ്ങളെ ഇല്ലാതാക്കാനും മറ്റു സംസ്കാരങ്ങളെ നശിപ്പിക്കാനുമുള്ള ചില ആസൂത്രിത ശ്രമങ്ങളെ കാണാതിരുന്നുകൂടാ.
ഡീപ് സ്റ്റേറ്റ്, വോക്കിയിസം, കള്‍ച്ചറല്‍ മാര്‍ക്സിസ്റ്റ് തുടങ്ങിയ പദങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചകളിലുണ്ട്. ഇവര്‍ എല്ലാത്തരം സംസ്കാര പാരമ്പര്യങ്ങളുടെയും അന്തകരാണ്, പ്രഖ്യാപിത ശത്രുക്കളാണ്. മൂല്യങ്ങളുടെയും പാരമ്പര്യത്തിന്റെയും സമ്പൂര്‍ണ്ണ നാശമാണ് ഇവര്‍ ആഗ്രഹിക്കുന്നതും നടപ്പിലാക്കുന്നതും. ആഗോളക്രമത്തില്‍ സ്വന്തം രാഷ്ട്രത്തിന്റെ താല്പര്യങ്ങള് നടപ്പിലാക്കാന്‍വേണ്ടി ഭരണകൂടങ്ങളെ അട്ടിമറിക്കുകയും പാവഭരണകൂടങ്ങളെ സ്ഥാപിക്കുകയും ചെയ്യുന്ന അമേരിക്കന്‍ നിലപാട് മോഹന്‍ ഭാഗവത് യാതൊരു മറയുമില്ലാതെ ഇത്തവണത്തെ പ്രഭാഷണത്തില്‍ തുറന്നടിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ ചുവടുപിടിച്ച് നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍, ഭരണത്തിനുവേണ്ടി മത്സരിക്കുന്ന ബഹുരാഷ്ട്രീയ കക്ഷി ജനാധിപത്യ സമ്പ്രദായത്തെക്കുറിച്ചും അദ്ദേഹം വിലയിരുത്തി. അധികാരം നേടാന്‍ മത്സരിക്കുന്നതില്‍ അപാകം ഇല്ലെങ്കിലും സ്വാര്‍ത്ഥ താല്പര്യങ്ങള് രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും ഐക്യത്തെ തകര്‍ക്കുന്ന രീതിയിലുള്ള പ്രചാരണവും അഭിലഷണീയമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ ഐക്യവും രാഷ്ട്രത്തിന്റെ ഏകതയും അഭിമാനവും രണ്ടാംതരമായി കണ്ടുകൊണ്ട് ബദല്‍ സംവിധാനം എന്ന നിലയില്‍ ഏതെങ്കിലും രാഷ്ട്രീയകക്ഷിയെ പിന്തുണച്ച് നശീകരണ ആശയം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല എന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ഫലമായി ലോകത്തെ പല രാജ്യങ്ങളിലും ഉണ്ടാകുന്ന വിപ്ലവം ഭരണസ്ഥിരതയേയും സമാധാനത്തെയും സമ്പല്‍സമൃദ്ധിയെയും ബാധിക്കുന്നുണ്ട് എന്ന് പാശ്ചാത്യ രാജ്യങ്ങളുടെ ഉദാഹരണങ്ങള്‍ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. അറബ് വസന്തവും ബംഗ്ലാദേശിലെ സംഭവവികാസങ്ങളും ചൂണ്ടിക്കാട്ടി ഇത്തരം കുത്സിത ശ്രമങ്ങള്‍ ഭാരതത്തിന് ചുറ്റും പ്രത്യേകിച്ച് അതിര്‍ത്തിയിലും വനവാസി പ്രദേശങ്ങളിലും ഉണ്ടാകുന്നതും ചൂണ്ടിക്കാട്ടി.
നമ്മുടെ രാജ്യത്തിന്റെ ശക്തമായ അടിത്തറ അതിന്റെ സാംസ്കാരിക ഐക്യവും ഉജ്ജ്വലമായ നാഗരികതയുമാണ്. നമ്മുടെ സാമൂഹികജീവിതത്തെ ഉദാത്തവും ഉന്നതവുമായ മൂല്യങ്ങളാണ് വളര്‍ത്തിയെടുക്കുന്നത്. ധര്‍മ്മമാണ് നമ്മുടെ ജീവിതത്തിന്റെ അടിത്തറ. അതുകൊണ്ടുതന്നെ രാഷ്ട്രത്തിനെതിരായ ഇത്തരം ശ്രമങ്ങളെ ചെറുത് തോല്‍പ്പിച്ചേ മതിയാകൂ. ഇത്തരം ശ്രമങ്ങളെക്കുറിച്ച് ആഴത്തില്‍ ബോധമുള്ള സമൂഹത്തിന് മാത്രമേ ഇത് ചെയ്യാന്‍ കഴിയൂ. ഇതിനായി നമ്മുടെ സാംസ്കാരിക മൂല്യങ്ങളുടെയും ദര്‍ശനങ്ങളുടെയും ആഴത്തിലുള്ള വേരുകളുടെ അടിസ്ഥാനത്തില്‍, ഒരു ജനാധിപത്യപരമായ പദ്ധതി ഭരണഘടന നല്‍കിയിട്ടുള്ള പാതയിലൂടെ രൂപീകരിക്കണം. ബുദ്ധിപരമായും സാംസ്കാരികമായും മലിനപ്പെടുത്തുന്ന ഇത്തരം എല്ലാ ഗൂഢാലോചനകളെയും തകര്‍ത്തെറിയാന്‍ ശക്തമായ പ്രചാരണം കാലത്തിന്റെ കൂടി ആവശ്യമാണ്. ചില സ്ഥാപനങ്ങളും സംവിധാനങ്ങളും പ്രചരിപ്പിക്കുന്ന അധമമായ ചിന്താഗതികള്‍ ഭാരതത്തിലെ യുവമനസ്സുകളില്‍ പോലും സ്വാധീനം ചെലുത്തുന്നുണ്ട്. കുഞ്ഞുങ്ങളില്‍ എത്തുന്ന മൊബൈല്‍ ഫോണ്‍ സൃഷ്ടിക്കുന്ന സ്വാധീനം അപകടകരമാണ്. അവര്‍ കാണുന്ന ദൃശ്യങ്ങള്‍ ഏതുതരത്തിലുള്ളതാണെന്ന് അറിയാന്‍ വഴിയില്ല. അവരുടെ കൈകളില്‍ കിട്ടുന്ന വിവരങ്ങള്‍ മാന്യതയുടെയും സഭ്യതയുടെയും നിലവാരം പുലര്‍ത്തുന്നതാണോ എന്നറിയാന്‍ ആവില്ല. അതേപോലെതന്നെ മയക്കുമരുന്ന് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ കാട്ടുതീ പോലെ പടരുകയാണ്. ഇതില്‍ നിന്നെല്ലാം യുവസമൂഹത്തെ നേര്‍വഴിക്ക് നയിക്കാന്‍ മൂല്യങ്ങളുടെയും നന്മയുടെയും വഴിത്താരകള്‍ നമ്മുടെ സമൂഹം തന്നെ രൂപപ്പെടുത്തുകയും പഴയവ പുനരുജ്ജീവിപ്പിക്കുകയും ചെയ്യണം.
വനിതകള്‍ അഭീകരിക്കുന്ന പ്രശ്നങ്ങള്‍ കൊല്‍ക്കത്തയിലെ ആര്.ജി കര് ആസ്പത്രിയിലെ വനിതാ ഡോക്ടറുടെ ഹീനമായ ബലാത്സംഗവും ദയനീയമായ മരണവും ഉദ്ധരിച്ചാണ് അദ്ദേഹം വിവരിച്ചത്. അമ്മമാരെ ദേവതുല്യരായി കാണുന്ന നമ്മുടെ പാരമ്പര്യത്തിന് തലമുറകളുടെയും സഹസ്രാബ്ദങ്ങളുടെയും പഴക്കമുണ്ട്. കുടുംബങ്ങളിലും സമൂഹത്തിലും ആ മൂല്യങ്ങള്‍ തിരിച്ചുകൊണ്ടുവരാനും പഠിപ്പിക്കാനും പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും ആ വഴികളിലേക്ക് തിരിച്ചുപോകാനും സമൂഹവും മാധ്യമങ്ങളും കുടുംബങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മൂല്യങ്ങള്‍ ചോര്‍ന്നുപോകുന്നതും വിഘടനവാദശക്തികള്‍ പിടിമുറുക്കുന്നതും നമ്മള് അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്നമാണെന്നും പറഞ്ഞു. ജാതി, ഭാഷ, പ്രവിശ്യ എന്നിവയുടെ അടിസ്ഥാനത്തില്‍ വിഭജനവും വിഘടനവാദവും സൃഷ്ടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. സ്വാര്‍ത്ഥതയുടെ അടിസ്ഥാനത്തില്‍ സൃഷ്ടിക്കപ്പെടുന്ന ഇത്തരം സംഭവങ്ങളുടെ ഗൗരവം സങ്കീര്‍ണമായ സ്ഥിതിയിലേക്കെത്തുംവരെ ഇതിന് ഇരയാകുന്നവര്‍ മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം. പഞ്ചാബ്, ജമ്മു-കശ്മീര്‍, ലഡാക്ക്, വടക്കു-കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, തമിഴ്നാട്, കേരളം, ബീഹാറിന്റെയും മണിപ്പൂരിന്റെയും പൂര്‍വ്വാഞ്ചല്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളൊക്കെ അസ്വസ്ഥമാണ്. യാതൊരു പ്രകോപനവുമില്ലാതെ വര്‍ഗീയ അസ്വാസ്ഥ്യങ്ങള്‍ രാജ്യത്തിന്റെ പലഭാഗത്തും ഉയരുന്നു. ജനാധിപത്യപരമായ രീതിയില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പകരം അക്രമങ്ങളിലേക്കും ചില പ്രത്യേക വിഭാഗങ്ങളെ ഉപദ്രവിക്കുന്നതിലേക്കും സംഘര്‍ഷം സൃഷ്ടിക്കുന്നതിലേക്കും സാമൂഹ്യവിരുദ്ധ നടപടികളിലേക്കും ഒക്കെ ഇത് പോകുന്നു. ഡോ. ബി.ആര്. അംബേദ്കര്‍ അരാജകത്വത്തിന്റെ വ്യാകരണം എന്ന് വിശേഷിപ്പിച്ച സംഭവ വികാസങ്ങളാണ് ഇത്. വിനായകചതുര്‍ത്ഥി വേളയില്‍ ഗണപതി വിഗ്രഹ നിമജ്ജനത്തിന് പോകുന്നവര്‍ക്കെതിരെ ഒരു പ്രകോപനവും ഇല്ലാതെയുള്ള കല്ലേറ് അടക്കമുള്ള സംഭവങ്ങള്‍ ഇതിന്റെ ഉദാഹരണമാണ്. ഭയപ്പെടാനോ സംഘര്‍ഷത്തിനോ ശ്രമിക്കുന്നതിനു പകരം ഇത്തരം സംഭവങ്ങളെ സമാധാനപരമായി പരിഹരിക്കാനുള്ള ബാധ്യത ഹിന്ദു സമൂഹത്തിനുണ്ട്. കാരണം, ഈ രാജ്യത്തെ ഐക്യത്തോടെ, സന്തോഷത്തോടെ, സമാധാനത്തോടെ, സമ്പല്സമൃദ്ധമായും ശക്തമായും നിലനിര്‍ത്താനുള്ള ബാധ്യത ഹിന്ദുസമൂഹത്തിന്റേതാണ്. മറ്റുള്ളവരെക്കാള്‍ ഈ ദൃഷ്ടിയില് കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കാനുള്ള ആര്‍ജ്ജവം ഹിന്ദുസമൂഹത്തില്‍ ഉണ്ടാകണം. മാത്രമല്ല, ഇത്തരം സംഭവവികാസങ്ങള്‍ ഉണ്ടാകാതിരിക്കാനും ആവര്‍ത്തിക്കാതിരിക്കാനും ഹിന്ദുസമൂഹം കൂടുതല്‍ ശക്തമാവുകയും വേണം. രാഷ്ട്രം എന്ന നിലയില്‍ സുശക്തമാകണമെങ്കില് ആ തരത്തില്‍ ശക്തിപ്രാപിക്കാന്‍ നമുക്ക് കഴിയണം.
അടുത്തവര്‍ഷം സംഘത്തിന്റെ ശതാബ്ദി വര്‍ഷമാണ്. പേരിനുവേണ്ടിയുള്ള ചില പരിപാടികള്‍ക്ക് പകരം വ്യക്തികളുടെയും കുടുംബങ്ങളുടെയും സമൂഹത്തിന്റെ എല്ലാ തട്ടിലുള്ളവരുടെയും പരിപൂര്‍ണ്ണമായ സംയോജനം സാധ്യമാകുന്ന തരത്തിലുള്ള പരിപാടികളാണ് ഉണ്ടാകേണ്ടത്. ഉത്സവങ്ങളെല്ലാം മുഴുവന്‍ സമൂഹത്തിന്റെയും ഉത്സവങ്ങളായി മാറണം. ക്ഷേത്രങ്ങള്‍, ശ്മശാനങ്ങള്‍, കിണറുകള്‍ എന്നിവ മുഴുവന്‍ ഹിന്ദുസമൂഹവും ഒരുപോലെ ഒന്നിച്ച് ഉപയോഗിക്കുന്ന ജാതിരഹിത സമ്പ്രദായം ഉണ്ടാകണമെന്ന് ഡോ. മോഹന്‍ ഭാഗവത് അടിവരയിട്ടു പറഞ്ഞു. സമൂഹത്തിലെ ദുര്‍ബലരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്ന രീതിയിലേക്ക് നമ്മള് മാറണം. ഒരു കുടുംബത്തിലെ മുതിര്‍ന്നവരും ശക്തരും താഴെയുള്ളവരുടെയും ആരോഗ്യപ്രശ്നം ഉള്ളവരുടെയും കാര്യങ്ങള്‍ നോക്കുന്ന മാതിരി സമൂഹത്തിലെ ഇത്തരം കാര്യങ്ങള്‍ നോക്കാനും പരിഹരിക്കാനും നമുക്ക് കഴിയണം. ആഗോളതലത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള പരിസ്ഥിതി പ്രശ്നങ്ങളെകുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. കാലാവസ്ഥാ വ്യതിയാനവും കാലാവസ്ഥയിലെ ആക്രാമിക മാറ്റങ്ങളും ക്രമം തെറ്റുന്നതടക്കമുള്ള കാര്യങ്ങള്‍ ഉപഭോഗതൃഷ്ണയുടെയും ഭൗതികതയുടെയും ഫലമായി ഉണ്ടായിട്ടുള്ള വിനാശകരമായ സംസ്കാരമാണെന്ന് അദ്ദേഹം പറഞ്ഞു. ഭൂമിയെയും പ്രകൃതിയെയും അമ്മയായി കാണുന്ന സര്‍വ്വസ്പര്‍ശിയും ഏകാത്മകവുമായ ഭാരതീയ പാരമ്പര്യത്തിലേക്ക് തിരിച്ചുപോകാനും അതുവഴി ലോകത്തിനു വഴികാട്ടാനും കഴിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വെള്ളം ആവശ്യത്തിന് മാത്രം ഉപയോഗപ്പെടുത്താനും പാഴാക്കുന്നത് തടയാനും പൗരാണിക പാരമ്പര്യമനുസരിച്ച് മരങ്ങള്‍ നട്ടുപരിപാലിക്കാനും കഴിയണം. നിയമത്തിനും നയത്തിനും കാത്തിരിക്കാതെ നമ്മുടെ വീടുകളില്‍നിന്ന് തന്നെ ഇതിനായുള്ള പ്രവര്‍ത്തനം ആരംഭിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
മൂന്നു വയസ്സ് മുതല്‍ 12 വയസ്സു വരെയുള്ള കുഞ്ഞുങ്ങള്‍ക്ക് ജീവിത മൂല്യങ്ങള്‍ വീടുകളില്‍ നിന്നുതന്നെ പകര്‍ന്നു നല്‍കിയിരുന്ന നമ്മുടെ സമ്പ്രദായം കൂടുതല്‍ ശക്തമാക്കാനും ആത്മാഭിമാനം, ദേശഭക്തി, ധാര്‍മികത എന്നീ മൂല്യങ്ങള്‍ അവര്‍ വളര്‍ത്തിയെടുക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. സഹസ്രാബ്ദങ്ങളായി ഭാരതീയര്‍ എന്ന നിലയില്‍ നമ്മള് വളര്‍ത്തിയെടുത്ത ആത്മാഭിമാനത്തിന്റെയും മൂല്യബോധത്തിന്റേയും വഴിത്താരയിലേക്ക് മടങ്ങാനും സ്വദേശി സങ്കല്പം, സ്വദേശി പെരുമാറ്റം ജീവിതത്തിന്റെ എല്ലാ തുറകളിലും വ്യാപിപ്പിക്കാനും ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ വിദേശവസ്തുക്കള്‍ക്കും പകരം സ്വദേശി ഉല്‍പ്പന്നങ്ങള്‍ ബദലായി കണ്ടെത്താന്‍ കഴിയണം. ഭാഷ, വസ്ത്രം, ഭക്ഷണം എന്നിവ നമ്മുടെ പാരമ്പര്യത്തിന് അനുസൃതമാക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. മഹത്തായ ഭൂതകാലത്തിന്റെയും മൂല്യങ്ങളുടെയും സംസ്കാരത്തിന്റെയും അടിത്തറയില്‍ ലോകമെമ്പാടുമുള്ള മാനവികജീവിതത്തിന് ഒരു പുതിയ ദിശാബോധം നല്‍കുന്നതായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രഭാഷണം. ശക്തമായ ഭാരതം മൂല്യബോധമുള്ള, മൂല്യാധിഷ്ഠിതമായ, ധര്‍മ്മാധിഷ്ഠിതമായ, ജാതിരഹിത ഭാരതം. അതേസമയം തന്നെ വിഘടനവാദികളുടെയും വിദ്രോഹികളുടെയും ശ്രമങ്ങളെ തകര്‍ത്തെറിയുന്ന ചടുലവും ശക്തവുമായ സുരക്ഷാസംവിധാനം രാഷ്ട്രത്തിന് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. വനിതകളുടെ കാര്യത്തില്‍ ഭാരതീയമായ മൂല്യബോധം എല്ലാ തുറകളിലും ഉണ്ടാകണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ആധുനിക ഭാരതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ദിശാസൂചകമായ കാഴ്ചപ്പാടാണ് പ്രഭാഷണത്തിലുടനീളം സര്‍സംഘ ചാലക് മുന്നോട്ടുവച്ചിട്ടുള്ളത്. ശതാബ്ദിയിലേക്ക് എത്തുന്ന സംഘത്തിന്റെ ഉത്സവങ്ങള്‍ മുതല്‍ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കണം എന്ന കാഴ്ചപ്പാടും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഒരു നവഭാരത സൃഷ്ടിയുടെ മൂല്യാധിഷ്ഠിതമായ രൂപരേഖയാണ് സര്‍വ്വസ്പര്‍ശിയായ ഈ പ്രഭാഷണത്തില്‍ അടങ്ങിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: