ന്യൂദല്‍ഹി: ട്രെയിന്‍ ടിക്കറ്റ് മുന്‍കൂറായി ബുക്ക് ചെയ്യുന്ന സമയപരിധിയില്‍ മാറ്റവുമായി ഇന്ത്യൻ റെയിൽവേ. ട്രെയിൻ ഷെഡ്യൂള്‍ ചെയ്‌തിരിക്കുന്ന ദിവസത്തിന് 60 ദിവസം മുന്‍പ് മാത്രമായിരിക്കും ഇനി മുതല്‍ യാത്രക്കാര്‍ക്ക് മുൻകൂറായി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുക. നേരത്തെ, 120 ദിവസത്തിന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുമായിരുന്നു. പുതുക്കിയ നിയമം നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
ഈ മാസം 31 വരെയുള്ള ബുക്കിങ്ങുകള്‍ക്ക് പുതിയ നിയമം ബാധകമല്ല. പകല്‍ സമയങ്ങളില്‍ ഓടുന്ന താജ് എക്‌സ്‌പ്രസ്, ഗോമതി എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളെയും നിയമം ബാധിക്കില്ല. കൂടാതെ, ടൂറിസ്റ്റുകള്‍ക്കായുള്ള ബുക്കിങ് കാലാവധി 365 ദിവസമായി തന്നെ തുടരുമെന്നും റെയില്‍വേ അറിയിച്ചു. മുൻകൂട്ടി യാത്ര ബുക്ക് ചെയ്യുന്നവർക്ക് ട്രെയിൻ സമയമാറ്റവും സർവീസ് റദ്ദാക്കുന്നതും മൂലമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് അഡ്വാൻസ്ഡ് ബുക്കിങ് കാലയളവിൽ മാറ്റം കൊണ്ടുവന്നതെന്ന് റെയിൽവേ വ്യക്തമാക്കി.
ടിക്കറ്റ് ബുക്കിങ്ങില്‍ നിരവധി മാറ്റങ്ങളാണ് ഐആര്‍സിടിസി അടുത്തിടെയായി കൊണ്ടുവന്നിട്ടുള്ളത്. അടുത്ത 5-6 വര്‍ഷത്തിനുള്ളില്‍ വെയിറ്റിങ് ലിസ്റ്റ് പ്രശ്‌നം പരിഹരിച്ച് ഓരോ യാത്രക്കാരനും ബെര്‍ത്ത് ഉറപ്പാക്കാനുള്ള മാറ്റങ്ങളും ഇതില്‍പ്പെടുന്നു. കൂടാതെ, ടിക്കറ്റ് ബുക്കിങ് മുതല്‍ യാത്ര ആസൂത്രണം വരെയുള്ള നിരവധി സേവനങ്ങള്‍ പ്രയോജനപ്പെടുത്താൻ സാധിക്കുന്ന തരത്തില്‍ ഒരു ആപ്പ് പുറത്തിറക്കാനും റെയില്‍വേ പദ്ധതിയിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: