പഞ്ച്കുല: ബിജെപി ചരിത്രവിജയം നേടിയ ഹരിയാനയിൽ നയാബ് സിംഗ് സെയ്‌നി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്കരി, എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
പഞ്ച്കുളയിലെ സെക്ടർ അഞ്ചിലെ പരേഡ് ഗ്രൗണ്ടിൽ 50,000ത്തോളം ആളുകളുടെ സാന്നിധ്യത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. തന്റെ മുൻഗാമിയും ഉപദേഷ്ടാവുമായ ബിജെപി നേതാവ് മനോഹർ ലാൽ ഖട്ടറിനൊപ്പമാണ് നായബ് സിംഗ് സെയ്നി വേദിയിലേക്ക് എത്തിയത്. മുഖ്യമന്ത്രിയടക്കം 14 മന്ത്രിമാരാണ് ഹരിയാന മന്ത്രിസഭയിലുള്ളത്. മുതിർന്ന നേതാവ് അനിൽ വിജ് സെയ്‌നിയും രണ്ടാം മന്ത്രിസഭയിലെ അംഗമായി സത്യപ്രതിജ്ഞ ചെയ്തു.
ഇത് രണ്ടാം തവണയാണ് നയാബ് സിംഗ് സെയ്നി ഹരിയാനയുടെ മുഖ്യമന്ത്രിയാവുന്നത്. 2014 മുതൽ മുഖ്യമന്ത്രിയായിരുന്ന മനോഹർ ലാൽ ഖട്ടറിന്റെ പിൻഗാമിയായി സെയ്‌നി ഈ വർഷം മാർച്ചിലാണ് ആദ്യമായി മുഖ്യമന്ത്രിയായത്. സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി, സെയ്‌നിയും ഭാര്യ സുമൻ സെയ്‌നിയും വാൽമീകി ക്ഷേത്രത്തിൽ പ്രാർഥന നടത്തി, തന്റെ വാതിലുകൾ 24 മണിക്കൂറും തുറന്നിരിക്കുന്നുവെന്നും സാധാരണക്കാർക്ക് അവരുടെ പ്രശ്‌നങ്ങളുമായി തന്നെ സമീപിക്കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. മഹർഷി വാൽമീകിക്ക് പ്രണാമം അർപ്പിച്ച ശേഷം, സെയ്‌നിയും ഭാര്യയും പഞ്ച്കുളയിലെ ശ്രീ നാദാ സാഹിബു ഗുരുദ്വാരയിലും മാനസ ദേവി ക്ഷേത്രത്തിലും പ്രാർത്ഥന നടത്തി.
1970-ൽ ജനിച്ച സെയ്‌നി 30 വർഷം മുമ്പാണ് രാഷ്‌ട്രീയത്തിലെത്തിയത്. 2014-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നരേൻഗഡിൽ നിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2016-ൽ മന്ത്രിസഭയിൽ അംഗമായി. 90 സീറ്റുകളുള്ള ഹരിയാന നിയമസഭയിൽ 48 സീറ്റുകൾ നേടിയാണ് ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. കോൺഗ്രസ് 37 സീറ്റുകൾ നേടിയപ്പോൾ ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐഎൻഎൽഡി) രണ്ടും മൂന്നും സ്വതന്ത്രർ തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് പേരും സർക്കാരിന് നിരുപാധിക പിന്തുണ നൽകിയിട്ടുണ്ട്.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കുരുക്ഷേത്ര മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ച സെയ്‌നി കോൺഗ്രസിന്റെ നിർമൽ സിങ്ങിനെ വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. ഇത്തവണ ലാഡ്‌വ മണ്ഡലത്തിൽ 16,054 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സെയ്‌നി വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: