തിരുവല്ല: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിപിഎം ഇപ്പോള്‍ ഒഴുക്കുന്നത് മുതലക്കണ്ണീര്. എന്നാല്‍ നവീന്റെ മരണത്തെച്ചൊല്ലി പത്തനംതിട്ട ജില്ലാ ഘടകം പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കിയിരിക്കുന്ന കണ്ണൂര്‍ ലോബിക്കെതിരേ ഇപ്പോള്‍ തുറന്നിരിക്കുന്ന പോര്‍മുഖം പുതിയ വിഭാഗീയതയ്ക്കു വിത്തിടുകയാണ്.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ സംരക്ഷിക്കുന്ന കണ്ണൂര്‍ ലോബിക്കെതിരേ തങ്ങളുടെ കടുത്ത രോഷം പല ജില്ലകളിലെയും മുതിര്‍ന്ന നേതാക്കള്‍ പത്തനംതിട്ട ജില്ലാ നേതൃത്വത്തെ രഹസ്യമായി അറിയിക്കുന്നുണ്ട്. അഴിമതിക്കാരെ ചേര്‍ത്തുപിടിക്കുകയും ആദര്‍ശവാദികളെ നിശബ്ദരും നിര്വീര്യരുമാക്കുകയും എതിര്‍ക്കുന്നവരെ മരണത്തിലേക്കു തള്ളിവിടുകയും ചെയ്യുന്ന ഇപ്പോഴത്തെ സംസ്ഥാന നേതൃത്വത്തിനെതിരേ വൈകാതെ മറ്റു ജില്ലകളില്‍ നിന്നും സമാന പ്രതികരണങ്ങളുണ്ടാകും.
പാര്‍ട്ടിയെ നിയന്ത്രിക്കുന്ന ഔദ്യോഗിക വിഭാഗത്തോട് അചഞ്ചല വിധേയത്വം പുലര്‍ത്തിയ ഉദ്യോഗസ്ഥനായിരുന്നിട്ടും വലിയൊരു ഗൂഢാലോചനയിലൂടെ കണ്ണൂര്‍ ലോബി നവീനെ കൊലയ്ക്കു കൊടുക്കുകയായിരുന്നു എന്ന അമര്‍ഷം പത്തനംതിട്ടയിലെ പാര്‍ട്ടി അണികളില്‍ പ്രകടമാണ്. യഥാര്‍ത്ഥത്തില്‍ പത്തനംതിട്ട ജില്ലയിലെ സിപിഎം വിഭാഗീയതയുടെ ഇരയാണ് നവീന്‍ എന്നതാണ് സത്യം. പാര്‍ട്ടി ഔദ്യോഗിക വിഭാഗത്തോടൊപ്പം നിന്നിട്ടും റാന്നിയില്‍ നിന്നു കാസര്‍കോട്ടേക്കും തുടര്‍ന്നു കണ്ണൂരേക്കും അദ്ദേഹത്തെ സ്ഥലംമാറ്റിയതിനു പിന്നില്‍ പത്തനംതിട്ടയിലെ പ്രബല സിപിഎം നേതാക്കളുടെ പങ്കു വലുതാണ്.
സിപിഎം സര്‍വീസ് സംഘടനയില്‍ ഉറച്ചു നില്‍ക്കുമ്പോഴും വഴിവിട്ട രീതിയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ തയാറാകാതിരുന്ന സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു നവീന്‍ ബാബു.
റാന്നി തഹസില്‍ദാര്‍ എന്ന നിലയില്‍ വളരെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവച്ചതെന്ന് അന്നും ഇപ്പോഴും റാന്നി എംഎല്‍എയായ പ്രമോദ് നാരായണന് പറയുന്നു.
എന്നാല്‍ പട്ടയ വിഷയത്തില്‍ നവീനെടുത്ത കര്‍ശന നിലപാട് അദ്ദേഹത്തെ പത്തനംതിട്ടയിലെ ഒരു വിഭാഗം നേതാക്കളുടെ കടുത്ത ശത്രുവാക്കി. ഇക്കോസോണിലെ കൈയേറ്റ ഭൂമികള്‍ക്കു പട്ടയം നല്‍കണമെന്ന ഒരു വിഭാഗം ജില്ലാ നേതാക്കളുടെയും ഒരു മുന്‍ എംഎല്‍എയുടെയും വനിതകളെ മല കയറ്റി ശബരിമലയെ കലാപ ഭൂമിയാക്കാന്‍ ഒത്താശ ചെയ്ത നേതാവിന്റെയും ആവശ്യം നവീന്‍ നിരസിച്ചതോടെയാണ് അത്യുത്തര കേരളത്തിലേക്ക് സ്ഥലംമാറ്റപ്പെട്ടത്.
കാസര്‍കോടു നിന്ന് കണ്ണൂരിലെത്തിയപ്പോഴും പാര്‍ട്ടി ഔദ്യോഗിക വിഭാഗത്തിന്റെ ആളായി നിന്നെങ്കിലും നിയമപരമല്ലാത്ത കാര്യങ്ങളില്‍ നവീന്‍ കര്‍ക്കശ നിലപാടാണ് തുടര്‍ന്നത്. കൊല്ലിനും കൊലയ്ക്കും മടിയില്ലാത്ത കണ്ണൂര്‍ നേതാക്കളുടെ അതൃപ്തി തന്റെ ജീവനു തന്നെ ഭീഷണിയാകുമെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് അദ്ദേഹം പത്തനംതിട്ടയിലെ ഔദ്യോഗിക വിഭാഗം നേതാക്കളുടെ സഹായത്തോടെ ജന്മനാട്ടിലേക്ക് സ്ഥലംമാറ്റം വാങ്ങിയത്.
എന്നാല്‍ ക്ഷണിക്കാത്ത വിടവാങ്ങല്‍ ചടങ്ങിലേക്ക് മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥ പ്രകാരം പ്രാദേശിക ചാനലിനെയും കൂട്ടി അഹന്തയോടെ കടന്നുചെന്ന് ‘ഓരോ ഫയലിലും ഓരോ ജീവിതമുണ്ട്’ എന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ ആവര്‍ത്തിച്ച ദിവ്യ ഒരു ഫയല്‍ കൊണ്ട് ഒരു നീതിമാന്റെ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: