Categories: Kerala

എഡിഎം ആത്മഹത്യ ചെയ്ത സംഭവത്തില്‍ കളക്ടറുടെ മൗനത്തിനെതിരെ ബിജെപി

Published by

കണ്ണൂര്‍: സിപിഎം നേതാവ് പി.പി. ദിവ്യ പരസ്യമായി പൊതുവേദിയില്‍ അപമാനിച്ചതില്‍ മനംനൊന്ത് എഡിഎം ആത്മഹത്യ ചെയ്ത സംഭവത്തില്‍ കളക്ടറുടെ മൗനത്തിനെതിരെ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്. പരിപാടിയിലേക്ക് ക്ഷണിക്കപ്പെടാതെയെത്തിയ ദിവ്യ കളക്ടര്‍ വേദിയിലിരിക്കെയാണ് എഡിഎമ്മിനെതിരെ ആരോപണമുന്നയിച്ചത്. അപ്പോള്‍ കളക്ടര്‍ നിസംഗനായി ഇരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് കെ. ശ്രീകാന്തിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയുള്ള പ്രതികരണം.

‘കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ കളക്ടര്‍ അനുശോചനം രേഖപ്പെടുത്തിയത് ശ്രദ്ധയില്‍പ്പെട്ടു. മിസ്റ്റര്‍ കളക്ടര്‍, താങ്കളോട് പറയാനുള്ളത് ഈ അകാല മരണത്തിന് താങ്കള്‍ക്കും കൂടി ഉത്തരവാദിത്വമുണ്ട് എന്നാണ്. കളക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് സഖാവ് പി.പി. ദിവ്യ ഇടിച്ചുകയറി വന്നപ്പോള്‍ താങ്കള്‍ വേദിയില്‍ ഇരുത്തി. അതിക്രമിച്ചു വന്നവള്‍ക്ക് താങ്കള്‍ സംസാരിക്കാന്‍ അവസരം നല്കി. അധിക്ഷേപാര്‍ഹമായ വാക്കുകള്‍ തുടരുമ്പോള്‍ അത് തടയാന്‍ ശ്രമിച്ചില്ല. ദിവ്യ പുലഭ്യം പറയുമ്പോള്‍ ചായകുടിച്ച് ആസ്വദിച്ചിരുന്നു. സഹപ്രവര്‍ത്തകനെ അപമാനിച്ച്, അധിക്ഷേപിച്ച് അഹങ്കാരത്തോടു കൂടി ഇറങ്ങിപോകുമ്പോള്‍ താങ്കള്‍ മൗനംപാലിച്ചു.

അത് തടയാനോ പിന്നീട് അത് ഖണ്ഡിക്കാനോ പ്രതിഷേധിക്കാനോ താങ്കള്‍ തയാറായില്ല. ഒരുപക്ഷേ താങ്കള്‍ എഡിഎമ്മിനെ പിന്തുണച്ചിരുന്നെങ്കില്‍, അല്ലെങ്കില്‍ അതില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നെങ്കില്‍ നവീന്‍ ബാബു ഇന്ന് നമ്മുടെ കൂടെ ഉണ്ടാകുമായിരുന്നു. മിസ്റ്റര്‍ ജില്ലാ കളക്ടര്‍ ഈ മരണത്തില്‍ താങ്കള്‍ക്കും കൂടി ഉത്തരവാദിത്വമുണ്ടെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by