പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലം ഇനി തെരഞ്ഞെടുപ്പ് ചൂടിലേക്ക്. പാലക്കാട് എംഎല്‍എയായിരുന്ന ഷാഫി പറമ്പില്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ചതോടെയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിലേക്ക് വഴിമാറിയത്. നവംബര്‍ 13നാണ് തെരഞ്ഞെടുപ്പ്.
മുന്നണികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയവും പ്രഖ്യാപനവും അടുത്ത ദിവസങ്ങളില്‍ ഉണ്ടാവും. പാലക്കാട് നഗരസഭ, പിരായിരി, മാത്തൂര്‍, കണ്ണാടി പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് പാലക്കാട് നിയമസഭാ മണ്ഡലം. പാലക്കാട് നഗരസഭ ഭരിക്കുന്നത് ബിജെപിയാണ്. അതുകൊണ്ടുതന്നെ വിജയപ്രതീക്ഷയിലാണ് പാര്‍ട്ടി.
തുടര്‍ച്ചയായി മൂന്ന് തവണ യുഡിഎഫ് വിജയിച്ച മണ്ഡലമാണെങ്കിലും രണ്ടാം സ്ഥാനത്ത് ബിജെപിയായതിനാല്‍ തീപ്പൊരി മത്സരമായിരിക്കും നടക്കുക. ഇരുമുന്നണികളും മാറിമാറി വിജയിച്ച മണ്ഡലത്തില്‍ ബിജെപി ഓരോ തെരഞ്ഞെടുപ്പ് കഴിയുംതോറും ശക്തിയാര്‍ജിക്കുന്നത് മുന്നണികളില്‍ അങ്കലാപ്പ് ഉണ്ടാക്കിയിട്ടുണ്ട്.
2021ലെ തെരഞ്ഞെടുപ്പില്‍ മെട്രോമാന്‍ ഇ. ശ്രീധരന്‍ വെറും 3859 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. അതിന് മുമ്പ് നടന്ന തെരഞ്ഞെടുപ്പിലും ബിജെപിയായിരുന്നു രണ്ടാം സ്ഥാനത്ത്. നിരവധി തവണ പാലക്കാട് മണ്ഡലത്തില്‍ വിജയിച്ച ഇടതുമുന്നണി മൂന്നാം സ്ഥാനത്തേക്ക് പോകുന്ന കാഴ്ചയാണ് കഴിഞ്ഞ ലോകസഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പ്രകടമായത്.
യുഡിഎഫില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ഷാഫി പറമ്പില്‍ പക്ഷവും എംപി വി.കെ. ശ്രീകണ്ഠന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷവും തമ്മില്‍ കടുത്ത തര്‍ക്കത്തിലാണ്. ഷാഫി യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ ഔദ്യോഗീക പക്ഷം ജില്ലയിലെ ഒരു പ്രമുഖ നേതാവിനെ പരിഗണിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. അതേസമയം ഇടതുമുന്നണിയില്‍ സ്ഥാനാര്‍ത്ഥി ദാരിദ്ര്യം മൂലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ വനിതയെയാണ് പരിഗണിക്കുന്നത്.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍, നാലുതവണ എംപിയായ എന്‍.എന്‍. കൃഷ്ണദാസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയാണ് ഉണ്ടായത്. ബിജെപി സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രനായിരുന്നു രണ്ടാം സ്ഥാനത്ത്. പാലക്കാട് മണ്ഡലത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നേരത്തെ തന്നെ ആരംഭിച്ചു. പലയിടത്തും ചുമരെഴുത്തുകളും തുടങ്ങി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുന്നതോടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാവും.
അതേസമയം, പ്രസിദ്ധമായ കല്പാത്തി രഥോത്സവം 13,14,15 തീയതികളില്‍ നടക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ് തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് നടക്കുന്ന മൂന്ന് ഉപതെരഞ്ഞെടുപ്പും നേരിടാന്‍ എന്‍ഡിഎയും ബിജെപിയും സജ്ജമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പാലക്കാടും ചേലക്കരയിലും വിജയിക്കാനാണ് പരിശ്രമിക്കുന്നതെന്നും കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാവും ദേശീയ ജനാധിപത്യ സഖ്യം പുറത്തെടുക്കുക. ബിജെപിക്ക് അനുകൂലമായ രാഷ്‌ട്രീയ സാഹചര്യമാണ് കേരളത്തിലുള്ളത്. എല്‍ഡിഎഫിന് പകരം യുഡിഎഫ്, യുഡിഎഫിനു പകരം എല്‍ഡിഎഫ് എന്ന രാഷ്‌ട്രീയ സമവാക്യം ഈ ഉപതെരഞ്ഞെടുപ്പോടെ കേരളത്തില്‍ അവസാനിക്കും. എല്‍ഡിഎഫിനും യുഡിഎഫിനും എതിരായ വികാരമാണ് സംസ്ഥാനത്ത്. ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട സര്‍ക്കാരാണ് പിണറായി വിജയന്റേത്.
സ്ഥാനാര്‍ത്ഥികളെ ദല്‍ഹിയില്‍ പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനിക്കും. സംസ്ഥാനത്തു നിന്നുള്ള മൂന്നുപേരുടെ പട്ടിക കേന്ദ്ര നേതൃത്വത്തിന് അയച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക കേന്ദ്ര നേതൃത്വമായിരിക്കും. പാലക്കാട് ഇന്‍ഡി മുന്നണി സഖ്യമാണ് മത്സരിക്കുന്നത്. കഴിഞ്ഞതവണ ഷാഫി പറമ്പലിനെ വിജയിപ്പിക്കാന്‍ പരിശ്രമിച്ചത് സിപിഎമ്മുകാരാണ്. ഇത്തവണയും അത്തരമൊരു നിലപാട് സിപിഎം കൈക്കൊള്ളുമോ എന്ന് കണ്ടറിയേണ്ടതാണ്. എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ച് വന്നാലും പാലക്കാട് ബിജെപി വിജയം നേടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: