തിരുവനന്തപുരം: ശബരിമലയില്‍ മണ്ഡലകാലത്ത് വെര്‍ച്വല്‍ ക്യൂ രജിസ്ട്രേഷന് ഇല്ലാതെയും ദര്‍ശനത്തിനുള്ള സൗകര്യം ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഭക്തജന സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നിലപാട് മാറ്റം.
അതേസമയം മുഖ്യമന്ത്രിയുടെ നിലപാട് മാറ്റത്തില്‍ ദുരുഹതയും ഉയരുന്നു. എങ്ങനെയാണ് വെര്‍ച്വല്‍ ബുക്കിങ് ഇല്ലാതെ വരുന്നവര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കുന്നതെന്ന് പറഞ്ഞിട്ടില്ല. ഒരു ദിവസം മല കയറുന്നവരുടെ ആകെ എണ്ണം 80,000 തന്നെയായിരിക്കുമെന്നാണ് അറിയുന്നത്.
ശബരിമല ദര്‍ശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്താതെയും ഈ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയും എത്തുന്ന തീര്‍ത്ഥാടകര്‍ക്കും സുഗമമായ ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നാണ് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ ദര്‍ശനം ഉറപ്പുവരുത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വി. ജോയിയുടെ സബ്മിഷന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വെര്‍ച്വല്‍ ക്യൂ രജിസ്ട്രേഷനിലൂടെ തീര്‍ത്ഥാടകരുടെ വിശദാംശങ്ങള്‍ ഡിജിറ്റല്‍ രേഖയായി ലഭ്യമാകും. ഇത് ശബരിമലയിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അപകടങ്ങളും കൂട്ടംതെറ്റലുകളും ഉണ്ടായാല്‍ ആളുകളെ കണ്ടെത്തുന്നതിനും സഹായകരമാണെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു.
പ്രതിദിനം 80,000 പേര്‍ക്ക് മാത്രം ദര്‍ശനമെന്നും കാനന പാതയിലൂടെ എത്തുന്നവര്‍ പോലും വെര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് മുഖ്യമന്ത്രി തന്നെ അധ്യക്ഷനായ യോഗത്തില്‍ തീരുമാനിച്ചത്. ഇതിനുപിന്നാലെ ഭക്തജന സംഘടനകളും ഹിന്ദു സംഘടനകളും ശക്തമായ പ്രതിഷേധം ഉയര്‍ത്തി. അപ്പോഴും ദേവസ്വം മന്ത്രിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും നിലപാടില്‍ ഉറച്ചുനിന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ശബരിമല വെര്‍ച്വല്‍ക്യൂ സംബന്ധിച്ച് സബ്മിഷന് ഉന്നയിച്ചിരുന്നു. അന്നും വെര്‍ച്വല്‍ ക്യൂവില്‍ നിന്ന് മാറ്റമില്ലെന്നും സര്‍ക്കാര്‍ ഉറപ്പിച്ച് പറഞ്ഞു. എന്നാല്‍ ഇന്നലെ ഇതേ വിഷയം തന്നെ സിപിഎം എംഎല്‍എയെക്കൊണ്ട് ഉന്നയിപ്പിച്ചാണ് മുഖ്യമന്ത്രി സഭയില്‍ സംസാരിച്ചത്. വെര്‍ച്വല്‍ ക്യൂ കുറ്റമറ്റ രീതിയില്‍ ശക്തിപ്പെടുത്താന്‍ തന്നെയാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി ഉറപ്പിച്ചു പറഞ്ഞു. ഇതാണ് ദുരൂഹത ഉയര്‍ത്തുന്നത്.
എങ്ങനെയാണ് ഓണ്‍ലൈന്‍ ബുക്കിങ് ഇല്ലാതെ വരുന്നവര്‍ക്ക് സൗകര്യം ഒരുക്കുക എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല. ഇടത്താവളങ്ങളില്‍ അക്ഷയ കേന്ദ്രങ്ങള്‍ ഒരുക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കില്‍ സോഫ്റ്റ് വെയറില്‍ ഓണ്‍ലൈന്‍ ബുക്കിങ് സ്ലോട്ട് 70,000 ആയി കുറയ്ക്കുകയും 10,000 പേര്‍ക്ക് സ്പോട്ട് ബുക്കിങ് നല്‍കാനുമാണ് നീക്കം. എത്ര ബുക്കിങ് സ്ലോട്ട് അനുവദിച്ചുവെന്ന് പുറത്ത് നിന്നും അറിയാനാകില്ല. ബുക്കിങ് 80,000ല്‍ നിജപ്പെടുത്താനും ഭക്തജന പ്രതിഷേധം ഒതുക്കാനുമാണ് ശ്രമം. ഇതോടെ അയ്യപ്പഭക്തര്‍ക്ക് കൂടുതല്‍ നിയന്ത്രണമാകും ഉണ്ടാകുക. ഇത് ഭക്തര്‍ക്കിടയില്‍ വലിയ ആശങ്ക ഉയര്‍ത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: