ബെംഗളൂരു: ഭാരത-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് മഴ ഭീഷണി. ഇന്ന് തുടങ്ങേണ്ട മത്സരത്തെ ആശങ്കയിലാഴ്ത്തുന്നത് നിലവില്‍ കേരളത്തിലുള്ളതിനെക്കാള്‍ കൂടുതല്‍ മഴ പെയ്യുന്ന മത്സരവേദിയായ ബെംഗളൂരുവിലെ കാലാവസ്ഥയാണ്. ദിവസങ്ങളായി മഴ പെയ്തുകൊണ്ടിരിക്കുന്ന ഇവിടെ ടെസ്റ്റിന്റെ ആദ്യ രണ്ട് ദിവസങ്ങളായ ഇന്നും നാളെയും കനത്ത മഴയായിരിക്കുമെന്നാണ് ഇന്ത്യന്‍ മെറ്റീരിയോളജി ഡിപ്പാര്‍ട്ട്മെന്റ്(ഐഎംഡി) പ്രവചനം. ഭാരതത്തിലേക്ക് മൂന്ന് മത്സര ടെസ്റ്റ് പരമ്പരക്കായാണ് ന്യൂസിലന്‍ഡ് എത്തിയിരിക്കുന്നത്.
മഴകാരണം ഇന്നലെ ഭാരത ടീം അംഗങ്ങള്‍ക്ക് പരിശീലനം നടത്താന്‍ പോലും സാധിച്ചില്ല. കളിക്കൊരുങ്ങിയിട്ടുള്ള ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിശീലകന് ഗൗതം ഗംഭീറും അടക്കമുള്ളവര്‍ എത്തിയതാണ്. എന്നാല്‍ മഴയെത്തിയതോടെ എല്ലാവരും മൈതാനത്ത് നിന്നും തിരികെ കയറി. രാവിലെ മുതല്‍ ഉച്ചവരെയാണ് ഭാരത ടീമിന് പരിശീലന സമയം അനുവദിച്ചിരുന്നത്. ഉച്ചയ്ക്ക് ശേഷം ന്യൂസിലന്‍ഡ് ടീം പരിശീലനം നടത്തേണ്ട സമയമായപ്പോള്‍ മഴ മാറിയിരുന്നു.
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം കാന്‍പൂരില്‍ നടത്തിയപ്പോള്‍ മഴ കളിയെ ബാധിച്ചതാണ്. വെറും രണ്ടര ദിവസം മാത്രമാണ് കളിക്കാന്‍ സാധിച്ചത്. ആ ദിവസങ്ങള്‍ക്കുള്ളില്‍ ബൗളിങ്ങിലും ബാറ്റിങ്ങിലും അത്യുഗ്രന്‍ പ്രകടനം കാഴ്ച്ചവച്ച് മത്സരം ജയിക്കാന്‍ ഭാരത ടീമിന് സാധിച്ചിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഭാരതത്തിലെ വിവിധ പ്രദേശങ്ങളില്‍ മഴ പെയ്തുകൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞ മാസം ന്യൂസിലന്‍ഡ്-അഫ്ഗാനിസ്ഥാന് ഏക മത്സര ടെസ്റ്റ് ക്രിക്കറ്റ് മഴ കാരണം മാറ്റിവച്ചിരുന്നു. ഗ്രെയ്റ്റര്‍ നോയിഡയിലായിരുന്നു ആ മത്സരത്തിന് വേദിയായി നിശ്ചയിച്ചിരുന്നത്.
ഭാരത പിച്ചുകളിലെ മറ്റ് സ്റ്റേഡിയങ്ങളെ അപേക്ഷിച്ച് ഇന്നത്തെ കളി നടക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഡ്രെയ്നേജ് സംവിധാനം വളരെ ഫലപ്രദമാണ്. അതിനാല്‍ വെള്ളം കെട്ടി നിന്ന് മൈതാനം കളിക്കാന്‍ സാധിക്കാത്ത വിധത്തിലാകില്ല. കാന്‍പൂരിലും ഗ്രെയ്റ്റര്‍ നോയിഡയിലും മഴ ഒഴിഞ്ഞ സമയം വേണ്ടവോളം ലഭിച്ചെങ്കിലും ഡ്രെയ്നെജ് സംവിധാനത്തിന്റെ പാളിച്ചകാരണം മൈതാനത്തെ ഈര്‍പ്പം വറ്റാതിരുന്നത് പ്രശ്നമാകുകയായിരുന്നു. എന്നാല്‍ ചിന്നസ്വാമിയില്‍ മഴയൊഴിഞ്ഞു നിന്നാല്‍ ഏറെ താമസിയാതെ കളിക്ക് അനുയോജ്യമായി മൈതാനത്തെ പാകപ്പെടുത്താന്‍ സാധിക്കും.
മാസങ്ങളോളം നീണ്ട ഇടവേളയ്ക്ക് ശേഷം ബംഗ്ലാദേശിനെതിരായ പരമ്പര തൂത്തുവാരിയതിന്റെ ആവേശത്തിലാണ് രോഹിത് ശര്‍മയും കൂട്ടരും. ശ്രീലങ്കന്‍ പര്യടനത്തില്‍ ആതിഥേയരോട് സമ്പൂര്‍ണ പരമ്പര തോല്‍വി വഴങ്ങിയാണ് ന്യൂസിലന്‍ഡ് ബെംഗളൂരുവിലെത്തിയിരിക്കുന്നത്. ലോക ടെസ്റ്റ് റാങ്കിങ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ന്യൂസിലന്‍ഡ്. ഭാരതം നാലാം സ്ഥാനത്തും.
ടീം ഭാരതം: രോഹിത് ശര്‍മ(ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, സര്‍ഫറാസ് ഖാന്, ധ്രുവ് ജുറെല്‍, അക്ഷര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അകാശ് ദീപ്.
ടീം ന്യൂസിലന്‍ഡ്: ഡെവോന്‍ കോണ്‍വേ, ടോം ലാതം(ക്യാപ്റ്റന്‍), വില്‍ യങ്, കെയന്‍ വില്ല്യംസണ്, മൈക്കല്‍ ബ്രെയ്സ്വെല്‍, ഡാരില്‍ മിച്ചല്‍, രചിന് രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്സ്, ടോം ബ്ലണ്ടല്‍(വിക്കറ്റ് കീപ്പര്‍), മാര്‍ക് ചാപ്മന്‍, മിച്ചല്‍ സാന്റ്നര്‍, ടിം സൗത്തി, മാറ്റ് ഹെന്റി, ജേക്കബ് ഡുഫി, അജാസ് പട്ടേല്‍, വില്ല്യം ഒറൂര്‍ക്കെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: