പത്തനംതിട്ട: സ്പോര്‍ട്സ്- ഗെയിം ബെറ്റിങ് ആപ്പുകളുടെ ജനപ്രിയത മുതലാക്കി പുതിയ തന്ത്രങ്ങളുമായി ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ രംഗത്ത്. രാജ്യത്ത് ഗെയിം ബെറ്റിങ് ആപ്പുകളുടെ നിയമപരിരക്ഷ പരിമിതമാണ്. സംസ്ഥാന നിയമങ്ങളിലും വ്യത്യാസമുണ്ട്. പല സംസ്ഥാനങ്ങളിലും വാതുവയ്പിനു നിരോധനമുണ്ടെങ്കിലും ചില സംസ്ഥാനങ്ങളില്‍ 1867ലെ പബ്ലിക് ഗാംബ്ലിങ് ആക്ട് പ്രകാരമുള്ള നിയന്ത്രണങ്ങള്‍ മാത്രമേയുള്ളൂ. ഈ പഴുതുകള്‍ തട്ടിപ്പുകാര്‍ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുകയാണിപ്പോള്‍. സൈബര്‍ വിദഗ്ധര്‍ ആവര്‍ത്തിച്ച് സുരക്ഷാമുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും വാതുവയ്പ്പ് ആപ്പുകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നവര്‍ ഇതൊന്നും കാര്യമാക്കാറില്ല.
തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ഭാരതത്തില്‍ നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ മാത്രം ഉപയോഗിക്കുകയാണ് വഴി. ആപ്പുകള്‍ ഇടപാടുകാരുടെ തിരിച്ചറിയല്‍ രേഖകള്‍(കെവൈസി) നിര്‍ബന്ധമാക്കിയിട്ടുണ്ടോ, കള്ളപ്പണ നിരോധന നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്നിവ ഉറപ്പാക്കേണ്ടത് ഉപയോക്താക്കളുടെ ഉത്തരവാദിത്തമാണ്. ആപ്പുകളുടെ ലൈസന്‍സ് വ്യവസ്ഥകളും പരിശോധിച്ച് ഉറപ്പാക്കണം.
വലിയ ബോണസ് പോയിന്റുകളും സമ്മാനത്തുകകളും വാഗ്ദാനം ചെയ്യുന്ന ആപ്പുകളുടെ കാര്യത്തില്‍ പ്രത്യേക കരുതല്‍ വേണം.
ഇങ്ങനെയുള്ള ആപ്പുകളില്‍ തട്ടിപ്പ് സാധ്യത ഏറെയാണ്. ആപ്പുകളുടെ വ്യവസ്ഥകളും മാനദണ്ഡങ്ങളും കൃത്യമായി വായിച്ചു മനസിലാക്കണം. ദ്വിതല സുരക്ഷാ മാനദണ്ഡങ്ങള്‍ ഇപ്പോള്‍ മിക്ക ആപ്പുകളും ഉപയോഗിക്കുന്നുണ്ട്. ഇതും അധിക സുരക്ഷയ്ക്ക് ഉപയോഗപ്പെടുത്താം.
ആപ്പുകളുടെ ഒടിപി, പാസ്വേഡ് ഇവ അശ്രദ്ധമായി ഷെയര്‍ ചെയ്യരുത്. തട്ടിപ്പില്പ്പെട്ടെന്ന് ബോധ്യമായാല്‍ അക്കൗണ്ട് ലിങ്ക് ചെയ്തിട്ടുള്ള ബാങ്കിനെ ഉടനടി വിവരം അറിയിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: