തിരുവനന്തപുരം: സിനിമയില്‍ പാടി അനശ്വരമായ ഒരൊറ്റ ഗാനം…ആ ഗാനത്തിന്റെ മഹിമയില്‍ ജീവിതം മുഴുവന്‍ ആത്മസംതൃപ്തിയുടെ ശോഭയില്‍ ജീവിച്ച ഗായിക. അതാണ് തിങ്കളാഴ്ച വിട പറഞ്ഞ മച്ചാട് വാസന്തി എന്ന ഗായിക.
മണിമാരന്‍ തന്നത് പണമല്ല, പൊന്നല്ല, മധുരക്കിനാവിന്റെ …മച്ചാട് വാസന്തിയുടെ യേശുദാസിനോട് ചേര്‍ന്നുള്ള യുഗ്മഗാനം:
1970കളാണ്. ആര്‍ക്കും ശിപാര്ശക്കത്തുനല്കാത്ത എംടി അന്ന് മച്ചാട് വാസന്തിക്ക് ഒരു ശിപാര്‍ശക്കത്ത് നല്കി. ‘ഓളവും തീരവും’ എന്ന സിനിമ നിര്‍മ്മിക്കുന്ന പി.എ. ബക്കറിനെ (കബനീ നദി ചുവന്നപ്പോൾ ഉള്‍പ്പെടെയുള്ള സിനിമയുടെ സംവിധായകന്) കാണാനായിരുന്നു ഈ കത്ത്. എം.ടി. വാസുദേവന്‍നായര്‍ തിരക്കഥ എഴുതിയ ‘ഓളവും തീരവും’ എന്ന സിനിമ സംവിധാനം ചെയ്യുന്നത് പി.എന്‍. മേനോന്.
തിരക്കഥാകൃത്തായ എംടിയുടെ കത്തിന് പവര്‍ ഉണ്ടായിരുന്നു. ബക്കര്‍ സിനിമയിലെ പ്രധാനപ്പെട്ട ഒരു പാട്ട് തന്നെ മച്ചാട് വാസന്തിക്ക് നല്കി. യേശുദാസിനൊപ്പം യുഗ്മഗാനം പാടാനുള്ള അവസരമായിരുന്നു ഇത്. അന്നത്തെ സിനിമ ലോകത്തെ സ്ഥിതി നോക്കിയാല്‍ സുവര്‍ണ്ണാവസരം. എസ്. ജാനകിയും പി.സുശീലയും ശക്തരായ പിന്നണി ഗായികമാരായി അരങ്ങുവാഴുന്ന കാലത്താണ് ഇത്രയും മികച്ച സിനിമയില്‍ മച്ചാട് വാസന്തിക്ക് അവസരം കൈവരുന്നത്.
അറുപതുകളില്‍ നാട്ടിലെ പേരെടുത്ത ഗായികയായിരുന്ന മച്ചാട് വാസന്തിക്ക് യേശുദാസിനും പി. ജയചന്ദ്രനും പാടുന്ന കോഴിക്കോട്ടെ ഒരു ഗാനമേളയില്‍ യുഗ്മഗാനം പാടാന്‍ അവസരം ലഭിച്ചിട്ടുണ്ട്. പക്ഷെ അതുവരെ സ്റ്റുഡിയോയില്‍ റെക്കോഡിംഗിന് യേശുദാസിനൊപ്പം പാടിയിട്ടില്ല. ആര്‍ക്കും ചങ്കിടിക്കുന്ന നിമിഷമാണ്. എം.എസ്. ബാബുരാജിന്റെ ശിഷ്യയായി ഹിന്ദുസ്ഥാനി സംഗീതം പഠിച്ചതിനാല്‍, ബാബുരാജിന്റെ ഗാനമേളയിലും വാസന്തി പാടിയിരുന്നു. അന്നേ എം.എസ്. ബാബുരാജ് ഈ ഗായികയെ ശ്രദ്ധിച്ചിരുന്നു.
പിന്നീടിതാ മദ്രാസില്‍ ഓളവും തീരവും എന്ന സിനിമയിലെ യേശുദാസിനൊപ്പമുള്ള യുഗ്മഗാനം പാടുന്നതിന് മുന്‍പുള്ള റിഹേഴ്സലില്‍ മച്ചാട് വാസന്തി ബാബുക്ക എന്ന എം.എസ്. ബാബുരാജിനെ വീണ്ടും കണ്ടു. ‘മണിമാരന്‍ തന്നത്…’ എന്ന് തുടങ്ങുന്ന ഗാനം. ബാബുരാജ് താമസിക്കുന്ന ഹോട്ടല്‍ മുറിയിലാണ് റിഹേഴ്സല്‍. ഈ ഗാനത്തില്‍ ഒരു വരിയുണ്ട് –നീയെന്റെ ഖല്ബില് വന്ന് ചിരിച്ച് നില്ക്കും….എന്നാണ് ആ വരി. റെക്കോഡിംഗ് വേളയില്‍ ഈ വരി പാടിയപ്പോള്‍ അറിയാതെ ഉള്ളില്‍ നിന്നും വാസന്തിക്ക് ഒരു ചിരിപൊട്ടി. ഇത് പാട്ടിന്റെ മൂഡിന് നന്നായിരിക്കും എന്ന് വാസന്തി മനസ്സില്‍ കരുതിയിരുന്നു.
ഒന്നോ രണ്ടോ ടേക്കിനുള്ളില്‍ പാട്ട് റെഡിയായി. മാത്രമല്ല, യേശുദാസിന്റെ വിവാഹം പിറ്റേന്ന് നടക്കുകയാണ്. പ്രഭ യേശുദാസ് എന്ന ഹിന്ദു പെണ്‍കുട്ടിയെ യേശുദാസ് വിവാഹം കഴിക്കാന്‍ പോകുന്നു. കോളിളക്കം സൃഷ്ടിക്കുന്ന വിവാഹം. പ്രണയവിവാഹം. എന്തായാലും പാട്ടിന്റെ റെക്കോഡിംഗ് കഴിഞ്ഞപ്പോള്‍ ബാബുക്ക തന്റെ നേരെ ഓടിവരുന്നത് വാസന്തി കണ്ടു. പാടിയതില്‍ എന്തെങ്കിലും അബദ്ധം കാണിച്ചിരിക്കും എന്ന പേടിയോടെ വാസന്തി നില്‍ക്കുകയാണ്. പക്ഷെ ചിരിച്ചുകൊണ്ട് അടുത്തെത്തിയ ബാബുക്ക കവിളില്‍ ഒരു ഉമ്മ നല്കി. നീയെന്റെ ഖല്ബില് വന്ന് ചിരിച്ച് നില്ക്കും എന്ന വരി പാടിയപ്പോള്‍ അറിയാതെ ചിരിച്ചുപോയതിന് കിട്ടിയ ഉമ്മ. കാരണം ആ ചിരി പാട്ടില്‍ നന്നായി ചേര്‍ന്നുവെന്ന് ബാബുരാജ് പറഞ്ഞു. മോളേ ഞാന്‍ മനസ്സില്‍ കണ്ടത് നീ പാടി എന്നായിരുന്നു ബാബുരാജിന്റെ പ്രതികരണം.
ഓളവും തീരവും എന്ന സിനിമയ്ക്കൊപ്പം ‘മണിമാരന്‍’ എന്ന് തുടങ്ങുന്ന യേശുദാസ്-വാസന്തി യുഗ്മഗാനവും പ്രതീക്ഷിച്ചതുപോലെ വമ്പന്‍ ഹിറ്റായി. പക്ഷെ ഗായിക വാസന്തി ഈ ഗാനത്തിന്റെ റെക്കോഡിങ്ങിന് ശേഷം മദ്രാസില്‍ നിന്നും മടങ്ങി. മദ്രാസില്‍ തങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ അവസരം ലഭിച്ചേനെ. മദ്രാസില്‍ നില്ക്കാന് ഗായിക എസ്. ജാനകിയും വാസന്തിയെ നിര്‍ബന്ധിച്ചിരുന്നു. പക്ഷെ ഭർത്താവിന്റെ അസുഖം മൂലം വാസന്തിക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. അത് മദ്രാസ് എന്ന സിനിമാപ്പാട്ടിന്റെ നഗരത്തോടുള്ള ഏതാണ്ട് എന്നെന്നേയ്ക്കുമുള്ള വിടപറച്ചിലായിരുന്നു.
പ്രൊജക്ടര്‍ ഓപ്പറേറ്ററായിരുന്നു ഭര്‍ത്താവ് ബാലകൃഷ്ണന്. ഇദ്ദേഹത്തിന്റെ വരവ് വാസന്തിയുടെ സ്വാതന്ത്രമായ പാട്ടുജീവിതം തെല്ലൊന്ന് പരിമിതപ്പെടുത്തി. ദൂരയാത്രകള്‍ക്ക് വിലക്ക് വീണു. കുടുംബത്തില്‍ നില്ക്കാന് നിര്‍ബന്ധമുണ്ടായി. കിട്ടാവുന്ന നാടകങ്ങളില്‍ പാടാന്‍ പോയാല്‍ മതിയെന്നായിരുന്നു ബാലകൃഷ്ണന്റെ തീരുമാനം. 48 വയസ്സുള്ളപ്പോള്‍ ഭര്‍ത്താവ് മരിച്ചു. അതോടെ കുടുംബജീവിതത്തില്‍ ബാക്കിയായ കടങ്ങള്‍ വീട്ടാനായി പിന്നീട് ഓടിനടന്ന് പാടിയത്.
പിന്നീട് സിനിമകള്‍ അധികം കിട്ടിയില്ല. വലപ്പോഴും മാത്രമാണ് അവസരം ലഭിച്ചത്. മച്ചാട് വാസന്തിയുടേതായി നേരത്തെ അനശ്വരമായ മറ്റൊരു ഗാനമുണ്ടായിരുന്നു. അത് നാടകവേദിയില്‍ പാടിയ ഗാനമായിരുന്നു. മലബാറില്‍ ഏറെക്കുറെ അനശ്വരമായ ഗാനം. പണ്ട് ചെറുകാടിന്റെ ”നമ്മളൊന്ന്’ എന്ന നാടകത്തിൽ പൊൻകുന്നം ദാമോദരന്റെ രചനയിൽ ബാബുരാജ് ഈണം നൽകിയ ‘പച്ചപ്പനം തത്തേ..’ . ഈ ഗാനം വാസന്തി ആലപിച്ചത് 13ാം വയസ്സിൽ.കാലങ്ങൾക്കു ശേഷം പിന്നീട് “നോട്ടം’ എന്ന സിനിമയിൽ എം ജയചന്ദ്രന്റെ ഈണത്തിൽ ഈ ഗാനം സിനിമയില്‍ ഉപയോഗിച്ചിരുന്നു. പക്ഷെ സിനിമയില്‍ ആ ഗാനം ആലപിച്ചത് യേശുദാസ്.
വാസന്തിയുടെ ഗാന ചരിത്രം
അച്ഛന് വിപ്ലവഗായകനായ മച്ചാട് കൃഷ്ണന്റെ മകളായിരുന്നു വാസന്തി. ഒരിയ്ക്കല്‍ ഒരു വേദിയില്‍ 11കാരിയായ മച്ചാട് വാസന്തിയുടെ പാട്ട് കേട്ട വേദിയില്‍ അതിഥിയായെത്തിയ സംഗീതസംവിധായകന് ബാബുരാജ് ആ കുഞ്ഞുഗായികയുടെ കഴിവ് തിരിച്ചറിഞ്ഞു.’ പൊട്ടിക്കൂ പാശം സമരാവേശം’ എന്നതായിരുന്നു വാസന്തി പാടിയ പാട്ട്. പരിപാടി കഴിഞ്ഞതിന് ശേഷം ബാബുരാജ് വാസന്തിയെ അഭിനന്ദിച്ചു. കോഴിക്കോട് വന്നാൽ പാട്ടുപാടാൻ കൂടുതൽ അവസരങ്ങൾ കിട്ടുമെന്ന് പറഞ്ഞു. അച്ഛന് മച്ചാട് കൃഷ്ണനും ഗായകനായിരുന്നതിനാല്‍ എം.എസ്. ബാബുരാജിന്റെ കഴിവില്‍ വിശ്വാസമുണ്ടായിരുന്നു. തൊട്ടടുത്ത ദിവസം വാസന്തിയും കുടുംബവും കോഴിക്കോട്ട് എത്തി. ഒരു വീട് വാടകയ്ക്ക് എടുത്ത് താമസം തുടങ്ങി. കോഴിക്കോട് കല്ലായിയിലെ ബാബുരാജിന്റെ വീട്ടില്‍ എത്തി ഹിന്ദുസ്ഥാനിയും മറ്റും പഠിക്കാന്‍ തുടങ്ങി. മങ്കേഷ്കര്‍ റാവു എന്ന ഗുജറാത്തി ഗായകന് അന്ന് കോഴിക്കോട് താമസിച്ചിരുന്നു. ഇദ്ദേഹവും കുട്ടികളെ പാട്ടുപഠിപ്പിച്ചിരുന്നു. ഇവിടെയും മച്ചാട് വാസന്തി രണ്ടു വര്‍ഷത്തോളം പാട്ട് അഭ്യസിച്ചു. സമാന്തരമായി നാടകങ്ങളിലും ആകാശവാണിയില്‍ ലളിതസംഗീതവും പാടി.
പിന്നീട് എം.എസ്. ബാബുരാജ് ആദ്യമായി സംഗീതം നൽകിയ തിരമാല സിനിമയിൽ അവർ ഗായിക. ആ ചിത്രം ഇറങ്ങിയില്ല. പിന്നാലെ രാമുകാര്യാട്ടിന്റെ “മിന്നാമിനുങ്ങി’ൽ അദ്ദേഹം ഈണമിട്ട “തത്തമ്മേ തത്തമ്മേ നീ പാടിയാൽ അത്തിപ്പഴം തന്നിടും…’, “ആര് ചൊല്ലിടും ആര് ചൊല്ലിടും…’ എന്നീ ഗാനങ്ങളിലൂടെ സിനിമയിൽ വരവറിയിച്ചു.
“തത്തമ്മേ തത്തമ്മേ നീ പാറ്റിയാല്‍
അത്തിപ്പഴം തന്നിടാം
ഞാന്‍ പുതുവിത്തിന് മണി തന്നിടാം
തത്തമ്മേ പൂച്ച പൂച്ചമുത്തമ്മയായിപ്പോയോ
നിന്റെ മുണ്ടാട്ടം മുട്ടിപ്പോയൊ
മൈലാഞ്ചി കാലിലിട്ടു മണിമാല മാറിലിട്ടു
മണവാട്ടിയായല്ലോ
നിന്റെ മയിലാട്ടമെങ്ങു പോയി”-പി.ഭാസ്കരന് രചിച്ച് എം.എസ്. ബാബുരാജ് സംഗീതം ചെയ്ത ഈ ഗാനം മച്ചാട് വാസന്തിയും മീന സുലോചനയും ചേര്‍ന്നാണ് പാടിയത്.
രണ്ടാം ചിത്രമായ അമ്മുവിൽ എൽ ആർ ഈശ്വരിക്കൊപ്പം പാടിയ “കുഞ്ഞിപ്പെണ്ണിനു കണ്ണെഴുതാൻ..’ ശ്രദ്ധേയമായി. എന്നാൽ അവരെ പ്രശസ്തിയിലേക്കെത്തിച്ചത് എം ടിയുടെ ഓളവും തീരവും ചിത്രത്തിലെ “മണിമാരൻ തന്നത് പണമല്ല പൊന്നല്ലാ..മധുരക്കിനാവിന്റെ കിരിമ്പു തോട്ടം..’ എന്ന ഗാനമാണ്.
എക്കാലത്തെയും മികച്ച ഗാനം. സിനിമയിൽ അവസാനമായി പാടിയ മീശമാധവനിലെ “പത്തിരി ചുട്ടു വിളമ്പി…’ എന്ന ഗാനം കാസറ്റിലൊതുങ്ങി.
‘പത്തിരി ചുട്ടു’ എന്ന ഗാനമാണ് മീശമാധവനില്‍ പാടിയത്. ഗിരീഷ് പുത്തഞ്ചേരി എഴുതി വിദ്യാസാഗര്‍ സംഗീതം ചെയ്ത മാപ്പിളപ്പാട്ടായിരുന്നു ഇത്. മീശമാധവന് ഇറങ്ങിയത് 2002ല്‍ ആണ്.
‘പത്തിരി ചുട്ടു വിളമ്പി വിളിച്ചത് മുത്തൊളി പാത്തുമ്മ
അവളുടെ രങ്കുണരുന്ന കിനാവിലുദിച്ചത് റംസാൻ പിറയുമ്മാ
വിമ്പു മഴയ്ക്കൊരു ചേമ്പില തലയിൽ തമ്പൊടു കുടയാക്കി
അവനുടെ വമ്പിയലുന്ന വരത്തും കാത്തിതാ തുമ്പിപ്പാത്തുമ്മാ’- ഇങ്ങിനെപ്പോകുന്നു വരികള്‍. വെറും എട്ടുവരിയുള്ള ഒരു കുഞ്ഞുപാട്ട്. ഈ പാട്ട് കേട്ടാല്‍ മച്ചാട് വാസന്തിയുടെ ശബ്ദത്തിലെ ഇടര്‍ച്ച വ്യക്തമാണ്. കാരണം അവരുടെ പാട്ടിന്റെ വസന്തകാലം അവസാനിച്ച ശേഷം കിട്ടിയ പാട്ടാണിത്.
എം ടി യുടെ കുട്ട്യേടത്തി എന്ന സിനിമയില്‍ ഒരു സ്വാതി തിരുന്നാള്‍ കീർത്തനം പാടി സ്വാതിതിരുനാളിന്റെ ഈ കീര്‍ത്തനം )ബാബുരാജ് പ്രത്യേക രീതിയില്‍ ട്യൂണ്‍ ചെയ്തിരുന്നു. പക്ഷെ ഈ കീര്‍ത്തനം പ്രധാനമായും പാടിയത് എം ടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതിയായിരുന്നു. സഹഗായിക മാത്രമായിരുന്നു മച്ചാട് വാസന്തി. ഈ സിനിമയില്‍ പി.ലീല പാടിയ ഒരു തിരുവാതിരപ്പാട്ടുണ്ട്. ‘ചിത്രലേഖേ പ്രിയം വദേ’ എന്ന് തുടങ്ങുന്ന ഗാനം. ഇതിലും മച്ചാട് വാസന്തി കൂടെപ്പാടി. . കുട്ടിക്കുപ്പായം എന്ന സിനിമയിലെ ഒരു ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു. കേരളത്തിലാകെ അലയടിച്ച മുസ്ലിം ചുവയുള്ള ഗാനം. ഒരു കൊട്ടാ പൊന്നുണ്ടല്ലോ’ എന്ന് തുടങ്ങുന്ന ഈ ഗാനത്തില്‍ കോറസിനൊപ്പം പാടി. ഈ ഗാനം പ്രധാനമായും പാടിയത് എൽ ആർ ഈശ്വരിയായിരുന്നു.
മോഹന്‍ലാല്‍ നായകനായ വടക്കുംനാഥന് എന്ന സിനിമയില്‍ ‘തത്തക തത്തക തത്തക തത്തകളെത്തി തത്തും കല്യാണം’ എന്ന പാട്ടിന്റെ ആദ്യഭാഗം പാടിയത് വാസന്തിയാണ്. ‘ആളകമ്പടിയോടും മേളവാദ്യഘോഷത്തോടും നാളെ നിന്റെ വേളിച്ചെക്കൻ വരുന്നൂ തത്തേ’ പാടി. കവിയൂർ പൊന്നമ്മയാണ് സിനിമയിൽ ഈ രംഗത്തിൽ അഭിനയിച്ചത് . ആറ് സിനിമകളിൽ മാത്രം പിന്നണിഗായികയായ വാസന്തി ഏകദേശം അതിന്റെ ഇരട്ടിയോളം സിനിമകളില്‍ അഭിനയിച്ചു.
കാൽനൂറ്റാണ്ടിലധികം ആകാശവാണിയിലെ സ്ഥിരം ഗായികയായിരുന്നെങ്കിലും അവസരങ്ങൾ നേട്ടമാക്കാനോ പ്രശസ്തി ഉപയോഗിച്ച് മുന്നേറാനോ സാധിച്ചില്ല. പല വിധമായ പരിമിതികളില്‍ വാസന്തി ഒതുങ്ങിപ്പോയി.. കലാലോകത്തേക്ക് കൈപിടിച്ചു നടത്തിയ അച്ഛനും അവസരങ്ങൾ നൽകിയ ബാബുരാജും അബ്ദുൽഖാദറുമെല്ലാം പിൻവാങ്ങിയതോടെ വാസന്തിയും കാണാമറയത്തായി. ഭർത്താവിന്റെ മരണം തളർത്തി. ഒരു വാഹനാപകടത്തില്‍ പരിക്കേറ്റ വാസന്തിക്ക് സഹായത്തിന് ആരുമെത്തിയില്ല. സര്‍ക്കാര്‍ മൂന്ന് സെന്റ് ഭൂമി വാഗ്ദാനം ചെയ്തിരുന്നെങ്കിലും കിട്ടിയില്ല. മക്കളോടൊപ്പം വാടകവീടുകൾ കയറിയിറങ്ങി ചലച്ചിത്ര അക്കാദമിയുടെ നിസ്സാരമായ പെന്ഷന് മാത്രമായിരുന്നു ഏക വരുമാനം.പിന്നീട് ശാരീരിക അവശതകള്‍ കൂടുതല്‍ തളര്‍ത്തി.
രണ്ട് മക്കളുണ്ട്- മുരളി, സംഗീത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: