മുംബൈ: കോൺഗ്രസ് പാർട്ടി ന്യൂനപക്ഷങ്ങളെ അവരുടെ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് വേണ്ടി മാത്രം ഉപയോഗിക്കുകയാണെന്ന് ആരോപിച്ച് കേന്ദ്ര പാർലമെൻ്ററി ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. മഹാരാഷ്‌ട്ര പര്യടനത്തിനിടെ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് എല്ലായ്‌പ്പോഴും ന്യൂനപക്ഷങ്ങളെ വിഡ്ഢികളാക്കുകയും അവരുടെ വോട്ട് ബാങ്കായി ഉപയോഗിക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി രാജ്യത്തിന്റെ ഭരണഘടന മാറ്റാൻ പോകുന്നുവെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തെറ്റായ പ്രചാരണം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ ഭരണഘടന യഥാർത്ഥത്തിൽ അവകാശങ്ങളുടെയും കടമകളുടെയും രേഖ മാത്രമല്ല ഓരോ ഇന്ത്യൻ പൗരന്റെയും ആത്മാവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നിരുന്നാലും കോൺഗ്രസിനെ ഇപ്പോൾ തങ്ങൾ തുറന്നുകാട്ടിയെന്നും ജനങ്ങളിലേക്കിറങ്ങി അവരുടെ വ്യാജ വിവരണം തിരുത്താൻ തങ്ങൾ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ അവരുടെ പൊള്ളയായ വിവരണത്തിൽ വീഴില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ കോൺഗ്രസ് പാർട്ടി പലതവണ ഭരണഘടന ഭേദഗതി ചെയ്യുകയും ഭരണഘടനയുടെ ആമുഖം പോലും മാറ്റുകയും രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തുകയും ചെയ്തുവെന്നും മന്ത്രി ആരോപിച്ചു. ഭരണഘടനാ ശില്പിയായ ഡോ. അംബേദ്കറെ കോൺഗ്രസ് ആദരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഏക് ഭാരത് ശ്രേഷ്ഠ ഭാരതമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സബ്‌കാ സാത്ത്, സബ്‌കാ വികാസ്, സബ്‌കാ വിശ്വാസ് എന്നീ പദ്ധതികളെ പ്രകീർത്തിച്ച റിജിജു 75 വർഷം തികയുന്നതിന്റെ ഭാഗമായി ഈ വർഷം നവംബർ 26 ന് കേന്ദ്ര സർക്കാർ ഭരണഘടനാ ദിനം ഗംഭീര ആഘോഷമാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു.
അംബേദ്കർ വർഷങ്ങളോളം ചെലവഴിച്ച കൻ്റോൺമെൻ്റ് ഏരിയയിലെ വീട്ടിൽ അംബേദ്കറുടെ സ്മാരകം നിർമിക്കാൻ ന്യൂനപക്ഷ മന്ത്രാലയം ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി വിഭാഗങ്ങളിലെ ജനങ്ങൾ ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്നവരാണെന്നും മഹാരാഷ്‌ട്രയിൽ ബുദ്ധമതക്കാരുടെ വലിയൊരു ജനസംഖ്യയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: