ന്യൂദൽഹി : ഇന്ത്യയും ജപ്പാനും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനായി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ നാലു ദിവസത്തെ ജപ്പാൻ സന്ദർശനം തുടങ്ങി.
ഒക്ടോബർ 14 മുതൽ 17 വരെയുള്ള തന്റെ സന്ദർശന വേളയിൽ അദ്ദേഹം ഹിരോഷിമ സന്ദർശിക്കും. തുടർന്ന് അദ്ദേഹം അവിടെ ഹിരോഷിമ പീസ് പാർക്കിൽ പുഷ്പചക്രം അർപ്പിക്കുകയും മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്യും.
ഇന്ത്യയും ജപ്പാനും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് സന്ദർശനമെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ തിങ്കളാഴ്ച ജനറൽ ദ്വിവേദി ജപ്പാനിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജുമായി ആശയവിനിമയം നടത്തും.
അതിനുശേഷം ടോക്കിയോയിലെ ഇന്ത്യൻ എംബസിയിൽ ഇന്ത്യ-ജപ്പാൻ ബന്ധത്തെക്കുറിച്ചും ചർച്ച ചെയ്യും. തുടർന്ന് ചൊവ്വാഴ്ച ഇച്ചിഗയയിലെ പ്രതിരോധ മന്ത്രാലയത്തിൽ ജപ്പാനിലെ മുതിർന്ന സൈനിക നേതൃത്വവുമായി അദ്ദേഹം സംഭാഷണത്തിൽ ഏർപ്പെടും.
പിന്നീട് വരും ദിവസങ്ങളിൽ കരസേനാ മേധാവി ജോയിൻ്റ് സെൽഫ് ഡിഫൻസ് ഫോഴ്സ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ യോഷിദ യോഷിഹൈഡുമായും കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: