Kerala

ശബരിമല: എണ്ണം ചുരുക്കിയത് സുഖകരമായ ദർശനത്തിന്, സ്പോട്ട് ബുക്കിങ് ഒഴിവാക്കിയതിനെ ന്യായീകരിച്ച് ദേവസ്വം മന്ത്രി

Published by

കോട്ടയം: മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ശബരിമലയിൽ സ്പോട്ട് ബുക്കിങ് ഒഴിവാക്കിയതിനെ ന്യായീകരിച്ച് ദേവസ്വം മന്ത്രി വി. എൻ വാസവൻ. എണ്ണം ചുരുക്കിയത് സുഖകരമായ ദർശനത്തിനാണെന്നും സ്പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. കാര്യങ്ങൾ മനസിലാക്കാതെയാണ് ചിലർ സംസാരിക്കുന്നതെന്ന് അദ്ദേഹം സിപിഐക്ക് പരോക്ഷമായി മറുപടി നൽകി.

ഭക്തജനങ്ങളെ ചില രാഷ്‌ട്രീയ കക്ഷികൾ തെറ്റിദ്ധരിപ്പിക്കുക്കയാണ്. അത് ജനങ്ങൾ തിരിച്ചറിയും.രാഷ്‌ട്രീയ മുതലെടുപ്പ് നടത്തിയാൽ അതിനെ നേരിടും.കലാപത്തിനുള്ള സാദ്ധ്യത ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. ശബരിമലയിൽ വരുന്ന ഭക്തർക്ക് പൂർണമായും ദർശനം ഉറപ്പാക്കും. വിവിധ ഇടത്താവളങ്ങളിൽ അക്ഷയ കേന്ദ്രങ്ങൾ ഒരുക്കും.അവിടെ ഭക്തരുടെ വിവരങ്ങൾ ശേഖരിക്കും.മാല ഇട്ടു വരുന്ന ആരെയും തിരിച്ചയക്കില്ല. ഭക്തരുടെ താല്പര്യങ്ങൾ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.

ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിംഗ് പൂർണമായും ഒഴിവാക്കരുതെന്ന് സർക്കാരിനെ അറിയിക്കാൻ കഴിഞ്ഞദിവസം ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അവലോകന യോഗം തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കുന്ന അടുത്ത അവലോകന യോഗത്തിൽ സ്പോട്ട്ബുക്കിംഗ് കൂടി അനുവദിക്കുന്ന തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. ഓൺലൈൻ ബുക്കിംഗ് മാത്രം മതിയെന്ന തീരുമാനം കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണിത്.

പമ്പയിൽ ആധാർ പോലുള്ള തിരിച്ചറിയൽ രേഖയും ഫോട്ടോയും ശേഖരിച്ച് സ്പോട്ട് ബുക്കിംഗ് നടത്തണമെന്ന നിർദ്ദേശം യോഗത്തിലുയർന്നു. ഓൺലൈൻ ബുക്കിംഗ് മാത്രം മതിയെന്ന പിടിവാശി സർക്കാരിന് ഇല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. നിയന്ത്രണം സംബന്ധിച്ച പരാതി വസ്തുതാപരമെങ്കിൽ വേണ്ട മാറ്റങ്ങൾ വരുത്തും. അന്യസംസ്ഥാനക്കാരും നടന്ന് എത്തുന്നവരുമടക്കം ഓൺലൈൻ സംവിധാനത്തെക്കുറിച്ച് അറിയാത്തവർ നിരവധിയുണ്ട്. സർക്കാർ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by