ന്യൂദല്‍ഹി ബംഗ്ലാദേശില്‍ ഹിന്ദുക്ഷേത്രങ്ങള്‍ക്ക് നേരെ വിജയദശമി നാളില്‍ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. ബംഗ്ലാദേശില്‍ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യ മുഹമ്മദ് യൂനുസ് നേതൃത്വം വഹിക്കുന്ന ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
എന്തു വിലകൊടുത്തും ഈ ഹിന്ദു ഉത്സവനാളുകളില്‍ ആക്രമണങ്ങള്‍ തടയണമെന്നും ഇന്തന്‍ വിദേശകാര്യമന്ത്രാലയം ബംഗ്ലാദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദുര്‍ഗ്ഗ പൂജ ഉത്സവനാളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗ്ലാദേശിലെ തെക്ക് പടിഞ്ഞാറന്‍ ജില്ലയായ സത് ഖീരന്‍ ജില്ലയിലെ ജെഷോരേശ്വരി കാളീക്ഷേത്രത്തിന് നല്‍കിയ സ്വര്‍ണ്ണക്കിരീടം മോഷണം പോയിരുന്നു. ഇതില്‍ ഇന്ത്യ നടുക്കം രേഖപ്പെടുത്തുന്നതായി വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
“ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ തന്തിബസാറില്‍ ഒരു പൂജമണ്ഡപത്തിന് നേരെ ആക്രമണം നടന്നു.ഇത് അപലപനീയമായ സംഭവമാണ്. ഇവിടെ ദുര്‍ഗ്ഗാപൂജ പന്തലിന് നേരെ നാടന്‍ ബോംബ് എറിയുകയായിരുന്നു. ക്ഷേത്രങ്ങള്‍ക്കും ക്ഷേത്രവിഗ്രഹങ്ങള്‍ക്കും നേരെ കടുത്ത ആക്രമണങ്ങളാണ് നടക്കുന്നത്. ഇത് എന്തുവിലകൊടുത്തും അവസാനിപ്പിച്ചേ മതിയാവൂ”- ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെടുന്നു.
“ഹിന്ദുക്കള്‍ക്കും സിഖുകാരുള്‍പ്പെെടെയുള്ള മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും ബംഗ്ലാദേശില്‍ സംരക്ഷണം നല്‍കണം. അവരുടെ ആരാധനാലയങ്ങള്‍ക്കും സംരക്ഷണം നല്‍കണം. ഈ വിശുദ്ധമായ ഉത്സവനാളുകളില്‍ പ്രത്യേകിച്ചും”.- വിദേശകാര്യമന്ത്രാലയം ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: