ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് എങ്ങിനെ വിജയിക്കണം?, പരാജയകാരണങ്ങള്‍ എന്തൊക്കെയാണ്?, അവയെ മറികടക്കാന്‍ എന്തൊക്കെ ചെയ്യണം? വിജയത്തിന് പിന്നിലെ പ്രധാനഘടകങ്ങള്‍ എന്തൊക്കെ? വിജയിക്കാന്‍ ആരെയെല്ലാം സ്ഥാനാര്‍ത്ഥികളാക്കണം?- എന്നിങ്ങനെ നൂറായിരം വസ്തുതകള്‍ കണക്കിലെടുത്ത് ചെയ്യുന്ന ആസൂത്രണമാണ് തെരഞ്ഞെടുപ്പ് എഞ്ചിനീയറിംഗ് അഥവാ ഇലക്ഷന് എഞ്ചിനീയറിംഗ്.
മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് തുടങ്ങിയ നൂറായിരം എഞ്ചിനീയറിംഗ് വിഷയങ്ങള്‍ പോലെ തന്നെയാണ് ഇലക്ഷന് എഞ്ചിനീയറിംഗ് അഥവാ തെരഞ്ഞെടുപ്പ് എഞ്ചിനീയറിംഗ്. ഇതില്‍ അഗ്രഗണ്യനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മോദിയുടേതു പോലെ ജനങ്ങളെ കാന്തം പോലെ ആകര്‍ഷിക്കാനുള്ള കഴിവില്ലെങ്കിലും നേതൃഗുണമുള്ളവരെ തിരിച്ചറിയാനും കഴിവുള്ളവരെ തിരഞ്ഞുപിടിച്ചെടുക്കാനും ഒക്കെ കഴിയുന്ന നേതാവാണ് അമിത് ഷാ.
ഗുജറാത്തിലെ നേതാക്കളായിരിക്കെ, ഗുജറാത്തില്‍ ബിജെപിയെ പരാജയമറിയാത്ത പാര്‍ട്ടിയായി വളര്‍ത്തിയെടുത്തതിന് പിന്നില്‍ അമിത് ഷായുടെ തെരഞ്ഞെടുപ്പ് എഞ്ചിനീയറിംഗിന് ഏറെ പ്രധാന്യമുണ്ട്. ഒരു നിയോജകമണ്ഡലത്തില്‍ ഒരു വ്യക്തിയെ സര്‍വ്വസമ്മതനാക്കുന്ന ഘടകങ്ങളില്‍ ജാതിയും മതവും വിദ്യാഭ്യാസവും സെലിബ്രിറ്റി ഘടകവും നന്മയും ഒക്കെ ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്ന അമിത് ഷായ്ക്കറിയാം. അതിനൊത്ത തീരുമാനം എടുക്കുന്നതോടെ ആ വ്യക്തി അവിടെ ജയിച്ച് കയറുന്നു. മോദി സര്‍ക്കാരിനെ രണ്ട് തവണ കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിക്കുകയും മൂന്നാമതും ആ വിജയം ആവര്‍ത്തിച്ചതിനും പിന്നില്‍ അമിത് ഷായ്ക്ക് വലിയ പങ്കുണ്ട്.
ഇപ്പോഴിതാ ഹരിയാനയിലും അമിത് ഷായുടെ തെരഞ്ഞെടുപ്പ് എഞ്ചിനിയറിംഗ് വിജയം കണ്ടിരിക്കുന്നു. ഒരിയ്ക്കലും ജയസാധ്യതയില്ലെന്ന് പ്രീപോള്‍, പോസ്റ്റ് പോള്‍ സര്വ്വേക്കാര് പ്രവചിച്ച സര്‍ക്കാരിനെയാണ് മൂന്നാം അധികാരത്തില്‍ എത്തിച്ചത്. ഇതിന് പിന്നില്‍ വ്യക്തമായ തെരഞ്ഞെടുപ്പ് ആസൂത്രണം നടന്നിട്ടുണ്ട്. ഭരണവിരുദ്ധ വികാരം ഇല്ലാതാക്കാന്‍ ഒമ്പതര വര്‍ഷത്തോളം ഹരിയാനയിലെ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ലാല്‍ ഖട്ടാറിനെ മാറ്റി എന്ന് മാത്രമല്ല ഖട്ടാറിന്റെ മുഖം ഒരു തെരഞ്ഞെടുപ്പ് പോസ്റ്ററില്‍ ഉപയോഗിക്കുക പോലും ചെയ്തില്ല. ഒബിസിക്കാരനായ നയാബ് സിങ്ങ് സൈനിയെ കൊണ്ടുവരികയും ചെയ്തു. കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ്ങ് ഹൂഡ എന്ന ജാട്ട് നേതാവിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ പൊരുതുന്ന ഷെല്‍ജ എന്ന പട്ടികജാതി ഫാക്ടര്‍ ബിജെപി കണക്കിലെടുത്തു. ഭൂപീന്ദര്‍ സിങ്ങ് ഹൂഡയുടെ ബന്ധുക്കള്‍ക്കും സൂഹൃത്തുക്കള്‍ക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടിക്കറ്റ് വാരിക്കൊടുത്തപ്പോള്‍ ഷെല്‍ജ എന്ന പട്ടികജാതിക്കാരുടെ ബന്ധുക്കളെ, സുഹൃത്തുക്കളെ തഴഞ്ഞു. ഇത് ജാട്ടിനെതിരായ പട്ടികജാതിക്കാരുടെ രോഷത്തിന് കാരണമായി. അത് ബിജെപിയ്ക്ക് ഗുണം ചെയ്തു. ഹരിയാനയിലെ ഓരോ മണ്ഡലങ്ങളിലും ജാതി, ഉപജാതി, വിദ്യാഭ്യാസം, ലിംഗം തുടങ്ങി നൂറായിരം വസ്തുതകള്‍ അടുക്കിവെച്ച് അതിന് അനുയോജ്യരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. അതുപോലെ ഓരോ മണ്ഡലത്തിലും ഉള്ള കോണ്‍ഗ്രസ്, ജെജെപി, ഐഎന്‍എല്‍ഡി തുടങ്ങിയവരുടെ സ്ഥാനാര്‍ത്ഥികളുടെ സമാവാക്യങ്ങളും വിശകലനം ചെയ്യും. ഇതെല്ലാം ആറ്റിക്കുറുക്കിയാണ് അവിടെ ബിജെപി സ്ഥാനാര്‍ത്ഥി വന്നില്ല. എന്തിന് മോദിയെപ്പോലും ഹരിയാനയിലെ അധികം പൊതുയോഗങ്ങളില്‍ ഇറക്കാതിരുന്നതിന് പിന്നില്‍ പോലും വ്യക്തമായ കണക്കുകൂട്ടല്‍ ഉണ്ടായിരുന്നു. ഇതെല്ലാം ചേര്‍ന്ന് ഹരിയാനയില്‍ ബിജെപിക്ക് 1966ന് ശേഷം ഏറ്റവും വലിയ മൃഗീയ ഭൂരിപക്ഷമാണ് മൂന്നാം തവണയും അധികാരത്തില്‍ തിരിച്ചെത്തിയ ബിജെപിയ്ക്ക് ലഭിച്ചത്. ഇതോടെയാണ് അമിത് ഷായ്ക്ക് ഇലക്ഷന് എഞ്ചിനീയറിംഗ് എന്ന കോഴ്സില്‍ ഒരു യൂണിവേഴ്സിറ്റി തന്നെ തുടങ്ങാം എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: