തിരുവനന്തപുരം: ട്രാവല്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി മേഖലയില്‍ നൂതനഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഐബിഎസ് സോഫ്റ്റ് വെയര്‍ ഡേറ്റ ആന്‍ഡ് എഐ മികവിന്റെ കേന്ദ്രം സ്ഥാപിച്ചു. ഡേറ്റ അനാലിസിസ് മെഷീന്‍ ലേര്‍ണിംഗ് ഫിനാന്‍ഷ്യല്‍ എന്‍ജിനീയറിംഗ് തുടങ്ങിയവയില്‍ കാല്‍ നൂറ്റാണ്ട് കാലത്തെ അനുഭവസമ്പത്തുള്ള മലയാളിയായ ജോര്‍ജ് വര്‍ഗീസ് ആണ് ഇതിന്റെ മേധാവി.
ഐബിഎസ്സിന്റെ ആഗോള പ്രവര്‍ത്തന മികവ് വര്‍ദ്ധിപ്പിക്കുന്നതിനും ആധുനിക നിര്‍മ്മിത ബുദ്ധി ഡേറ്റ അധിഷ്ഠിത സാങ്കേതികവിദ്യ ഐടി സേവനങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് മികവിന്റെ കേന്ദ്രം സ്ഥാപിച്ചത്. ഉപഭോക്താക്കള്‍, പുതിയ ഐടി ഉത്പന്നങ്ങള്‍ എന്നിവയില്‍ നിര്‍മ്മിത ബുദ്ധിയുടെ സാധ്യത കണ്ടെത്തുക, അതില്‍ അധിഷ്ഠിതമായ ഉല്‍പ്പന്നങ്ങള്‍ രൂപപ്പെടുത്തി എടുക്കുക എന്നിവ മികവിന്റെ കേന്ദ്രം ലക്ഷ്യമിടുന്നു. ഉത്തരവാദിത്വപൂര്‍ണ്ണമായ നിര്‍മ്മിത ബുദ്ധി ശീലങ്ങള്‍, ഉപഭോക്താവിന്റെ സ്വകാര്യത, ഡേറ്റ സുരക്ഷ, ധാര്‍മികമായ പരിഗണനകള്‍ തുടങ്ങിയവ മികവിന്റെ കേന്ദ്രം ഉറപ്പാക്കും.
ഫിനാന്‍സ്, അല്‍ഗോരിതം ഡെവലപ്മെന്‍റ്, നിര്‍മ്മിത ബുദ്ധി, മെഷീന്‍ ലേര്‍ണിംഗ് പ്രാക്ടീസസ് തുടങ്ങിയവയില്‍ കാല്‍ നൂറ്റാണ്ട് കാലമായി ജോര്‍ജ് വര്‍ഗീസ് പ്രവര്‍ത്തിച്ചുവരുന്നു. അപ്സ്കില്‍സ് പി റ്റി ഇ ലിമിറ്റഡില്‍ നിര്‍മ്മിത ബുദ്ധി മെഷീന്‍ ലേണിങ് വിഭാഗത്തിന്റെ മേധാവിയായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സിസ്റ്റമാറ്റിക് ഹെഡ്ജ് ഫണ്ടായ പിക്വാന്‍റ് ക്യാപിറ്റല്‍ ഇന്ത്യ സഹ സ്ഥാപകന്‍ കൂടിയാണ് അദ്ദേഹം.
ട്രാവല്‍ ഇന്‍ഡസ്ട്രിയില്‍ നിര്‍മ്മിത ബുദ്ധി അധിഷ്ഠിതമായി ഇനിയും ഉപയോഗപ്പെടുത്താത്ത നിരവധി സാധ്യതകള്‍ ഉണ്ടെന്ന് ജോര്‍ജ് വര്‍ഗീസ് പറഞ്ഞു. ട്രാവല്‍ ആന്‍ഡ് ഹോസ്പിറ്റലില്‍ വ്യവസായത്തെ പുനര്‍ നിര്‍വചിക്കാന്‍ തക്കവിധം ഉള്ള സാര്‍ഥകമായ ആധുനിക നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുകയാണ് ഉദ്ദേശ്യം. നിര്‍മ്മിത ബുദ്ധിയുടെ ഗുണഫലങ്ങള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നതിനൊപ്പം ഈ രംഗത്ത് ഉത്തരവാദിത്തപരമായ ശീലങ്ങള്‍ കൊണ്ടുവരികയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഐബിഎസ് ചീഫ് ടെക്നോളജി ഓഫീസറായ ക്രിസ് ബ്രനഗന്റെ കീഴില്‍ സിംഗപ്പൂര്‍ ആസ്ഥാനമായിരിക്കും ജോര്‍ജ് വര്‍ഗീസിന്റെ പ്രവര്‍ത്തനം.
ട്രാവല്‍ അനുഭവങ്ങള്‍ വിപ്ലവകരമായ രീതിയില്‍ മാറ്റാനായി നിര്‍മ്മിത ബുദ്ധിക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് ക്രിസ് ബ്രനഗന്‍ പറഞ്ഞു. വിശ്വാസ്യതയിലും ഉത്തരവാദിത്വത്തിലും അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളിലൂടെ ആയിരിക്കും ഈ ഉദ്യമത്തിന്റെ വിജയം. നൂതന ഗവേഷണത്തിനും കാര്യക്ഷമതയ്‌ക്കും പ്രാധാന്യം നല്‍കുന്നതിനൊപ്പം ഡേറ്റ, സ്വകാര്യത എന്നിവയുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഐബിഎസ് തയ്യാറല്ല. ജോര്‍ജ് വര്‍ഗീസിന്റെ വിശാലമായ അനുഭവസമ്പത്തും നേതൃപാടവും ഈ ദിശയില്‍ ഐബിഎസിനെ മുന്നോട്ടു നയിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: