ബാഴ്‌സലോണ: 22 തവണ ഗ്രാന്‍ഡ്സ്ലാം കിരീടമണിഞ്ഞ കളിമണ്‍ കോര്‍ട്ടിലെ രാജാവ്, ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഈ വർഷം നവംബറില്‍ മലാഗയില്‍ നടക്കുന്ന ഡേവിസ് കപ്പ് ഫൈനലില്‍ സ്പെയിനിനായി 38 കാരനായ താരം തന്റെ അവസാന മത്സരത്തില്‍ പങ്കെടുക്കും.
ആരാധകർക്കായി പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെയാണ് നദാല്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ‘പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് ഞാന്‍ വിരമിക്കുകയാണെന്ന് നിങ്ങളെ അറിയിക്കുന്നു. ‘ഇത് കുറച്ച് ബുദ്ധിമുട്ടുള്ള വര്‍ഷങ്ങളാണെന്നതാണ് യാഥാര്‍ത്ഥ്യം, കഴിഞ്ഞ രണ്ട് വര്‍ഷം പ്രത്യേകിച്ച്’ നദാല്‍ സന്ദേശത്തില്‍ പറഞ്ഞു.
2008ലെ ബെയ്ജിങ് ഒളിംപിക്സിൽ സിംഗിൾസ് സ്വർണവും 2016ലെ റിയോ ഒളിംപിക്സിൽ ഡബിൾസ് സ്വർണവും നേടിയ നദാൽ, ഈ വർഷം നടന്ന പാരിസ് ഒളിംപിക്സിൽ മെഡൽപ്പട്ടികയിൽ ഇടംപിടിക്കാനാകാതെ പുറത്തായിരുന്നു. രണ്ട് വിംബിൾഡൺ കിരീടങ്ങൾ, നാല് യുഎസ് ഓപ്പൺ വിജയങ്ങൾ, രണ്ട് ഓസ്‌ട്രേലിയൻ ഓപ്പൺ ട്രോഫികൾ, മൊത്തം 22 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ. എങ്കിലും ഇത്തവണത്തെ ഫ്രഞ്ച് ഓപ്പണിൽ ആദ്യ റൗണ്ടിൽ തന്നെ അലക്സാണ്ടർ സ്വരേവിനോട് പരാജയപ്പെട്ട് നദാൽ പുറത്തായത് ആരാധകരെയടക്കം ഞെട്ടിച്ചിരുന്നു.
നിലവിൽ ലോക റാങ്കിങ്ങിൽ 261 സ്ഥാനത്താണ് മുൻ ലോക ചാമ്പ്യൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: