ന്യൂദൽഹി: കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി ആർജെഡി എംഎൽഎ കിരൺ ദേവിയുടെയും ഭർത്താവും മുൻ നിയമസഭാംഗവുമായ അരുൺ യാദവിന്റെയും 21 കോടിയിലധികം വരുന്ന സ്വത്തുക്കൾ കണ്ടുകെട്ടിയതായി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറിയിച്ചു.
ബിഹാറിലെ ഭോജ്പൂർ ജില്ലയിലെ അജിയോൺ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന നാൽപ്പത്തിയാറ് സ്ഥാവര സ്വത്തുക്കളും പട്‌നയിലെ മുന്തിയ ഏരിയകളിൽ സ്ഥിതി ചെയ്യുന്ന മറ്റു കെട്ടിടങ്ങളും രണ്ട് കോടി രൂപയുടെ ബാങ്ക് നിക്ഷേപങ്ങളുമാണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഒരു ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷമാണ് നടപടി സ്വീകരിച്ചത്.
അരുൺ യാദവ്, കിരൺ യാദവ്, അരുൺ യാദവിന്റെ മക്കളായ രാജേഷ് കുമാർ, ദിപു സിങ് എന്നിവരുടേതും അവരുടെ കുടുംബ ഉടമസ്ഥതയിലുള്ള കിരൺ ദുർഗ കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടേതുമായ മൊത്തത്തിൽ 21.38 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയതെന്ന് ഏജൻസി അറിയിച്ചു.
ഭോജ്പൂരിലെ സന്ദേശ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലാലു പ്രസാദിന്റെ നേതൃത്വത്തിലുള്ള ആർജെഡിയുടെ സിറ്റിംഗ് എംഎൽഎയാണ് കിരൺ ദേവി. അരുൺ യാദവ് 2015 മുതൽ 2020 വരെ ഈ സീറ്റിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.
നിയമാനുസൃത വരുമാനത്തേക്കാൾ ഉപരി ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും പദവി ദുരുപയോഗം ചെയ്തും അരുൺ യാദവ് വൻ തുക സമ്പാദിച്ചതായും അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചതായും ഏജൻസി കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: