Kerala

സിപിഎം നേതാക്കളുടെ അനാവശ്യ ഇടപെടല്‍, മനംമടുത്ത് കൂട്ടത്തതോടെ ട്രാന്‍സ്ഫറിന് അപേക്ഷിച്ച് മട്ടന്നൂര്‍ പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാര്‍

Published by

കണ്ണൂര്‍ : സി പി എം മുഖപത്രമായ ദേശാഭിമാനി ലേഖകന്റെ പരാതിയും തുടര്‍ന്ന് പാര്‍ട്ടി പ്രാദേശിക നേതൃത്വം ഇടപെടുകയും ചെയ്തതോടെ മനംമടുത്ത് മട്ടന്നൂര്‍ പൊലീസ് സ്‌റ്റേഷനില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ കൂട്ടത്തതോടെ സ്ഥലം മാറ്റ അപേക്ഷ നല്‍കി. ദേശാഭിമാനി ലേഖകന്റെ പരാതിയില്‍ അഞ്ച് പൊലീസുകാരെ സ്ഥലം മാറ്റിയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച പോളിടെക്‌നിക് കോളേജ് തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശിയിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ ദേശാഭിമാനി മട്ടന്നൂര്‍ ലേഖകനെ പൊലീസ് പിടികൂടി.

പിന്നാലെ വാഹനത്തില്‍ കയറ്റി പൊലീസുകാര്‍ ക്രൂരമായി മര്‍ദിച്ചെന്ന് ദേശാഭിമാനി ലേഖകന്‍ പരാതിപ്പെട്ടു.തുടര്‍ന്നാണ് സംഭവത്തില്‍ പ്രാദേശിക നേതൃത്വം ഇടപെടുകയും പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലമാറ്റുകയും ചെയ്തത്. മട്ടന്നൂര്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്ന് അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ കണ്ണൂര്‍ സിറ്റി പൊലീസ് ഹെഡ്ക്വാട്ടേഴ്‌സിലേക്കാണ് സ്ഥലം മാറ്റിയത്.

ഈ നടപടിക്ക് പിന്നാലെയാണ് ഇരുപതോളം സിപിഒമാര്‍ സ്ഥലം മാറ്റത്തിന് എസ്എച്ച്ഒയ്‌ക്ക് അപേക്ഷ നല്‍കിയത്. ഇത് വിവാദമായി.നാല് പേരുടെ അപേക്ഷ ഇപ്പോഴും നില്‍ക്കുന്നുണ്ട്.

ആത്മാര്‍ഥമായി ജോലി ചെയ്ത ഉദ്യോഗസ്ഥരെയാണ് അകാരണമായി സ്ഥലം മാറ്റിയത്. ഇത് കഠിനമായ മാനസിക സമ്മര്‍ദം ഉണ്ടാക്കി. സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം നേരിടുന്നു. ഈ സാഹചര്യത്തില്‍ മട്ടന്നൂര്‍ പൊലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുക സാധ്യമല്ല. അതിനാല്‍ ജില്ലയിലെ ഏതെങ്കിലും സ്‌റ്റേഷനിലേക്ക് സ്ഥലം മാറ്റം നല്‍കണമെന്നാണ് ഉദ്യോഗസ്ഥരുടെ അപേക്ഷയില്‍ പറയുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക