Kerala

തൃശൂർ പൂരം കലങ്ങാൻ എട്ടു കാരണങ്ങൾ; സുരേഷ് ഗോപിക്ക് പ്രാധാന്യം നൽകിയെന്ന് തിരുവഞ്ചൂർ, പൊട്ട ന്യായങ്ങളാണെന്ന് ഭരണപക്ഷം

Published by

തിരുവനന്തപുരം: തൃശൂർ പൂരം കലങ്ങാൻ എട്ടു കാരണങ്ങളാണുള്ളതെന്ന് പ്രമേയം അവതരിപ്പിച്ച് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. പൂരം പോലുള്ള ഒരു മഹാകാര്യത്തെ സർക്കാർ ലാഘവത്തോടെ കണ്ടു. ഒരു മുൻപരിചയവും ഇല്ലാത്ത കമ്മിഷണർ ആണ് തൃശൂരിലുണ്ടായിരുന്നത്. എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിക്കു വേണ്ടി വഴി വെട്ടിയത് എഡിജിപി എം.ആർ. അജിത് കുമാറാണെന്നും തിരുവഞ്ചൂർ ആരോപിച്ചു.

ആദ്യം എഴുന്നള്ളിപ്പ് വന്നപ്പോള്‍ സ്വകാര്യ വാഹനങ്ങള്‍ കാരണം തടസപ്പെട്ടു. ജനത്തെ പോലീസ് ശത്രുവിനെ പോലെ കണ്ടുവെന്നും എഴുന്നെള്ളിപ്പിനിടെ വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ പോലും നടപടി ഉണ്ടായിരുന്നില്ലെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു. പൂരം കലങ്ങിയപ്പോൾ മന്ത്രിമാരായ കെ.രാജനും ആർ.ബിന്ദുവിനും സ്ഥലത്തെത്താൻ സാധിച്ചില്ല. എന്നാൽ സുരേഷ് ഗോപി തേരിൽ എഴുന്നള്ളിക്കുന്നതു പോലെ അവിടെ എത്തിച്ചു. രക്ഷകനായി സുരേഷ് ഗോപിയെ കാണിക്കാനുള്ള ശ്രമമാണ് നടത്തിയത്. സുരേഷ് ഗോപിക്ക് സ്ഥാനം ഉണ്ടാക്കിക്കൊടുത്തത് ഭരണപക്ഷമാണ്. എൽഡിഎഫ് സ്ഥാനാർഥിക്ക് കൊടുക്കാത്ത പ്രാധാന്യമാണ് സുരേഷ് ഗോപിക്ക് നൽകിയതെന്നും തിരുവഞ്ചൂർ ആരോപിച്ചു.

അന്വേഷണം നടത്തി ഒരാഴ്ചയ്‌ക്കുള്ളില്‍ റിപ്പോര്‍ട്ട് വാങ്ങുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ പൂരം കലക്കലില്‍ പ്രതിസ്ഥാനത്തുള്ള ആള്‍ അഞ്ചുമാസം കഴിഞ്ഞാണ് റിപ്പോര്‍ട്ട് നല്‍കിയത്. ആ തട്ടിക്കൂട്ട് റിപ്പോര്‍ട്ട് വച്ചാണ് സര്‍ക്കാര്‍ ഇപ്പോഴും പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. എന്നാൽ എട്ടും പൊട്ട ന്യായങ്ങളാണെന്ന് ഭരണപക്ഷം തിരിച്ചടിച്ചു. പൂരം കലക്കൽ സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും അതിൽ പെട്ടു പോകാൻ ഇടയുള്ളവരെ സംരക്ഷിക്കാനാണ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നതെന്നും കടംകപള്ളി സുരേന്ദ്രൻ ആരോപിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക