തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ ചോദ്യം ചെയ്യലിനായി ഹാജരായി നടന് സിദ്ദിഖ്. പോലീസ് കണ്ട്രോള് റൂമിലാണ് ചോദ്യം ചെയ്യാനായി ഹാജരായത്. ഇന്ന് രാവിലെ 10.15ഓടെയാണ് സിദ്ദിഖ് ചോദ്യം ചെയ്യലിനായി പോലീസ് കണ്ട്രോള് റൂമിലെത്തിയത്. തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. ഒന്നിലധികം ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ചില പരിശോധനകള്‍ക്ക് വിധേയമാകണം എന്നാണ് പോലീസിന്റെ വാദം. ചോദ്യം ചെയ്യല്‍ ചൊവ്വാഴ്ചയും തുടര്‍ന്നേക്കും.
രണ്ടാഴ്ചയ്ക്കുശേഷം സുപ്രീം കോടതി കേസ് പരിഗണിക്കുന്ന സാഹചര്യത്തിലാണു ചോദ്യംചെയ്യല്‍. ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കഴിഞ്ഞദിവസം സിദ്ദിഖിന് നോട്ടീസ് നല്‍കിയിരുന്നു. തിരുവനന്തപുരം നാര്‍ക്കോട്ടിക് സെല്‍ എ.സിയാണു നോട്ടീസ് നല്‍കിയത്. കഴിഞ്ഞ ദിവസം കേസില്‍ സിദ്ദിഖിന് സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.
ഇന്ന് രാവിലെ പത്തോടെ തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസില്‍ ചോദ്യം ചെയ്യലിനായി സിദ്ദിഖ് എത്തുകയും സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലേക്ക് കയറാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ റൂമിലേക്ക് കടക്കാന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ അനുവദിച്ചില്ല. അന്വേഷണസംഘം ആവശ്യപ്പെട്ടത് അനുസരിച്ച് പോലീസ് കണ്ട്രോള് റൂമില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ സിദ്ദിഖിനെ മടക്കി അയച്ചു. ഇതിനു പിന്നാലെയാണ് സിദ്ദിഖ് പോലീസ് കണ്ട്രോള് റൂമിലെത്തിയത്.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് കേസ്. ഇതിന്റെ സാഹചര്യ തെളിവുകളും പോലീസ് ഹോട്ടലില്‍ നിന്ന് ശേഖരിച്ചിരുന്നു.ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സന്നദ്ധത അറിയിച്ച് സിദ്ദിഖ് അന്വേഷണ സംഘത്തിന് കത്തയച്ചിരുന്നു. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും എന്നതായിരുന്നു സിദ്ദിഖിന്റെ നിലപാട്.
സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ അന്തിമ ഉത്തരവ് വന്നശേഷം മതി ചോദ്യംചെയ്യല്‍ എന്നായിരുന്നു പോലീസിന്റെ ആദ്യ തീരുമാനം. എന്നാല്‍, പ്രതി ആവശ്യപ്പെട്ടിട്ടും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചില്ലെങ്കില്‍ അതു സുപ്രീം കോടതിയുടെ വിമര്‍ശനത്തിനു കാരണമായേക്കാമെന്നു വിലയിരുത്തിയാണ് ഉടന്‍ തന്നെ ചോദ്യംചെയ്യാന്‍ തീരുമാനിച്ചത്. അവധികഴിഞ്ഞു സുപ്രീം കോടതി 14 നാണു തുറക്കുന്നത്. 22 നു കേസ് പരിഗണിക്കുമെന്നാണു സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: