ദുബായ്: ട്വന്റി20 വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ആദ്യ മത്സരത്തിലേറ്റ വമ്പന്‍ തിരിച്ചടി മറക്കാന്‍ ഭാരതം ഇന്ന് രണ്ടാമങ്കത്തിനിറങ്ങും. ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ ചിരവൈരികളായ പാകിസ്ഥാനെയാണ് ടീം നേരിടുക. ഉച്ചകഴിഞ്ഞ് മൂന്നരയ്‌ക്കാണ് മത്സരം.
ആദ്യ പോരാട്ടത്തിനിറങ്ങിയ ഭാരത വനിതകള്‍ ന്യൂസിലന്‍ഡിനോട് 58 റണ്‍സ് തോല്‍വി വഴങ്ങിയിരുന്നു. കവീസ് വനിതകളുടെ ഓള്‍റൗണ്ട് പ്രകടനത്തിന് മുന്നില്‍ ഹര്‍മന്‍പ്രീത് കൗറിന് സംഘത്തിനും പിടിച്ചുനില്‍ക്കാനായില്ല. ദുബായിലെ പിച്ചും ഓരോ ടീമുകളുടെയും പ്രകടനത്തെ നന്നായി ബാധിക്കുന്നുണ്ട്. പൊതുവില്‍ ബൗളര്‍മാര്‍ക്ക് അനുകൂലമായ പിച്ചാണ് ദുബായിലേയും ഷാര്‍ജയിലേയും. തോല്‍വി നേരിട്ടെങ്കിലും ആദ്യ മത്സരത്തിലിറങ്ങിയ ഇലവനില്‍ നിന്നും ഭാരതത്തിന് മാറ്റമുണ്ടാവില്ലെന്നാണ് അറിയുന്നത്.
പാകിസ്ഥാന്റെയും രണ്ടാം മത്സരമാണിത്. ഈ ലോകകപ്പിന്റെ ആദ്യ ദിനം രണ്ടാം മത്സരത്തില്‍ ഇറങ്ങിയ പാകിസ്ഥാന്‍ ശ്രീലങ്കയെ ആണ് തോല്‍പ്പിച്ചത്. 31 റണ്‍സിനായിരുന്നു പാകിസ്ഥാന്റെ വിജയം. ഗ്രൂപ്പ് എ പോയിന്റ് പട്ടികയില്‍ ഭാരതം ആണ് ഏറ്റവും പിന്നില്‍.
ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ വെസ്റ്റിന്‍ഡീസും സ്‌കോട്ട്‌ലന്‍ഡും തമ്മില്‍ പോരടിക്കും. ഗ്രൂപ്പ് ബിയിലെ ആദ്യറൗണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ട ടീമുകളാണ് വിന്‍ഡീസും സ്‌കോട്ട്‌ലന്‍ഡും. രാത്രി ഏഴരയ്‌ക്ക് ദുബായിലാണ് ഈ കളിയും നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: