കേരളത്തില്‍ സ്വര്‍ണക്കടത്ത് പിടികൂടിയത് കൂടുതലും മലപ്പുറത്ത് ആണെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിലും അഭിമുഖത്തിലും പൊതുയോഗത്തിലും കണക്കുകള്‍ നിരത്തിയാണ് അവര്‍ത്തിച്ചത്. മലപ്പുറത്തെത്തുന്ന കള്ളപ്പണം രാജ്യദ്രോഹപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു എന്നുകൂടി അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതോടെ പുലിവാലായി. മലപ്പുറം, രാജ്യദ്രോഹം, തീവ്രവാദം തൂടങ്ങിയ പദങ്ങള്‍ സ്വന്തം പര്യായമായി കാണുന്നവര്‍ ഉറഞ്ഞുതുള്ളി. മുഖ്യമന്ത്രിയും പരിവാരങ്ങളും പരുങ്ങി. പറഞ്ഞതിനൊക്കെ പുതിയ വ്യാഖ്യാനമായി. പറയാത്ത കാര്യങ്ങളാണ് പത്രത്തില്‍ അച്ചടിച്ചുവന്നത് എന്നൊക്കെ പറഞ്ഞുള്ള ഉരുണ്ടുകളി. വിവാദത്തിനിടയില്‍ പത്രസമ്മേളനം തരപ്പെടുത്തിയത് പി ആര്‍ ഏജന്‍സിയാണെന്ന സത്യവും പുറത്തുവന്നു. സിപിഎമ്മിനും പിണറായി വിജയനും ഏറെ വിശ്വാസമുള്ള ഹിന്ദു പത്രം തന്നെ അതു വെളിപ്പെടുത്തിയതിനാല്‍ ന്യായീകരണത്തിന് കാമ്പില്ലാതായി. ന്യായീകരിച്ചാലും വിശ്വസിക്കാന്‍ മുന്‍പത്തേപ്പോലെ ആളെ കിട്ടാതെയുമായി.
രാജ്യത്തെ ഏറ്റവും പ്രമുഖമായ ഒരു ദിനപ്പത്രത്തിന് പോലും പി.ആര്‍ ഏജന്‍സി മുഖാന്തരമേ മുഖ്യമന്ത്രിയുടെ അഭിമുഖം കിട്ടുകയുള്ളൂ എന്നതാണോ അവസ്ഥ? അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ പത്രത്തില്‍ അച്ചടിച്ചു വരണം എന്ന് ആരാണ് തീരുമാനിച്ചത്? പിആര്‍ ഏജന്‍സികള്‍ക്ക് ആരാണ് പണം നല്‍കുന്നത്? തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം കിട്ടേണ്ടതുണ്ട്. ബന്ധപ്പെട്ട ചോദ്യത്തിന് മുമ്പില്‍ പച്ചക്കള്ളം പറഞ്ഞ് അപഹാസ്യനാകുകയും ഒരു കള്ളം മറയ്‌ക്കാന്‍ നൂറുകള്ളം പറയുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നത്. അവിടെ പി ആര്‍ അഭിമുഖത്തിന് പി ആര്‍ ഏജന്‍സി സഹായിച്ചോ ഇല്ലയോ എന്നതിനേക്കാള്‍ പ്രധാനം പറഞ്ഞകാര്യങ്ങള്‍ പറഞ്ഞില്ലെന്നു പറയുന്നതിലെ രാഷ്‌ട്രീയമാണ്. പറഞ്ഞതും നിഷേധിക്കുന്നതും ബോധപൂര്‍മാണെന്നതില്‍ സിപിഎം കാപട്യരാഷ്‌ട്രീയം അറിയുന്നവര്‍ക്ക് സംശയം ഉണ്ടാവില്ല.
കണ്ണടച്ച മുസ്ലിം പ്രീണനം മൂലം കൈവിട്ടു പോകുന്ന ഹിന്ദുവോട്ടുകള്‍ തിരിച്ചു പിടിക്കാനാകുമോ എന്ന ശ്രമത്തിന്റെ ഭാഗമായിരുന്നു മലപ്പുറത്തെ കുത്തിയുള്ള വിമര്‍ശനം എന്ന് എല്ലാവര്‍ക്കും അറിയാം. കേരളത്തില്‍ അത് വിറ്റു പോകും. പക്ഷേ, ഇംഗ്ലീഷ് പത്രത്തില്‍ വന്നതോടെ ദേശീയതലത്തില്‍ മറ്റൊരു വ്യാഖ്യാനമായി. ഇംഗ്ലീഷ് പത്രത്തിന് മാത്രം പ്രസ്താവന കൊടുത്തത് വേറൊരു ദുരുദ്ദേശത്തോടെയാണ്. കേരളത്തില്‍ സ്വര്‍ണക്കടത്തിനെതിരെയും തീവ്രവാദത്തിനെതിരെയും ഹവാലാ ഇടപാടിനെതിരെയും ശക്തമായ പ്രവര്‍ത്തനം നടത്തുന്ന മുഖ്യമന്ത്രിയാണു താനെന്ന് രാജ്യത്തെ അറിയിക്കാന്‍ വേണ്ടിക്കൂടിയായിരുന്നു ആ നീക്കം. പിന്തുണച്ചിരുന്ന മുസ്ലിം സംഘടനകളും അവര്‍ക്കൊപ്പം മുസ്ലിം ലീഗും ഒറ്റക്കെട്ടായി ഇരവാദവുമായി മതവും പൊക്കിപ്പിടിച്ച് രംഗത്തുവന്നതോടെ കളിമാറി. ഇസ്ലാമിക ഭീകരവാദത്തിനും കേരളത്തിലെ സമാന്തര സമ്പദ് വ്യവസ്ഥയ്‌ക്കും എതിരെ ചെറുവിരല്‍ അനക്കാന്‍ അവര്‍ സമ്മതിക്കില്ല. അത് അവരുടെ സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലായാണ് വ്യാഖ്യാനം.
കേരളത്തില്‍ നടക്കുന്ന സ്വര്‍ണക്കള്ളക്കടത്തും, നികുതിവെട്ടിപ്പും തീവ്രവാദ ഫണ്ടിങ്ങും ഇസ്ലാമിക ഭീകരവാദവും ഒക്കെ കണ്ടില്ല എന്ന് നടിക്കണം എന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ആവശ്യം പിന്നെപ്പിന്നെ ആജ്ഞയുടെ രൂപം പൂണ്ടു വരികയാണ്. ആരെങ്കിലും അതിനെതിരെ പ്രതികരിച്ചാല്‍ ഇസ്ലാമോഫോബിയ, ന്യുനപക്ഷ പീഡനം എന്ന് പറഞ്ഞ് ഇരവാദവും, ഭീഷണിയും ഇറക്കും. മതമൗലിക ശക്തികളെ ഭയന്ന് മുഖ്യമന്ത്രിക്ക് നിലപാട് മാറ്റേണ്ടി വന്നിരിക്കുന്നു. അല്ലെങ്കിലും ഇനി അവര്‍ വരയ്‌ക്കുന്ന കളങ്ങളിലേ ഇടതിനും സര്‍ക്കാരിനും ചലിക്കാനാവൂ എന്ന് ആര്‍ക്കാണറിയാത്തത്. വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയിലാണ് പിണറായി വിജയന്‍. അതു വെറും പാണ്ടല്ല, പൊള്ളലിന്റെ പാണ്ടാണ്. ഉത്തരത്തിലുള്ളത് കിട്ടാനും പോകുന്നില്ല കക്ഷത്തിലുള്ളത് പോവുകയും ചെയ്യും. ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥ. എന്ത് ചെയ്യണം എന്ന് പോലും അറിയാതെ പകച്ചു നില്‍ക്കാനേ മുഖ്യമന്ത്രിക്കും സിപിഎമ്മിനും കഴിയൂ. പക്ഷേ, എന്തു ചെയ്യണമെന്നു ജനം ചിന്തിക്കേണ്ട സമയമായിക്കഴിഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: