കൊളംബസ്: ലോക ഫുട്‌ബോളിലെ സൂപ്പര്‍ ഫുട്‌ബോളര്‍മാരെന്നതിനപ്പുറം സൂപ്പര്‍ സുഹൃത്തുക്കള്‍ കൂടിയായ ലയണല്‍ മെസിയും ലൂയിസ് സുവാരസും നേടിയ ഗോളുകളില്‍ അമേരിക്കന്‍ ക്ലബ്ബ് ഇന്റര്‍ മയാമിക്ക് രണ്ടാമത്തെ വമ്പന്‍ ഫുട്‌ബോള്‍ നേട്ടം.
അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗില്‍(എംഎല്‍എസ്)ഇന്നലെ നടന്ന നിര്‍ണായക മത്സരത്തില്‍ കൊളംബസ് ക്രൂവിനെ 3-2ന് തോല്‍പ്പിച്ചതോടെ പട്ടകയില്‍ കൂടുതല്‍ പോയിന്റുമായി ലീഗ് ജേതാക്കളാകുന്നവര്‍ക്കുള്ള എംഎല്‍എസ് സപ്പോര്‍ട്ടേഴ്‌സ് ഷീല്‍ഡ് കിരീടം ഉറപ്പിച്ചു. മെസി ഇരട്ടഗോള്‍ നേടിയപ്പോള്‍ സുവരാസ് വിജയഗോളടിച്ച് നേട്ടത്തിന് കൈയ്യൊപ്പ് ചാര്‍ത്തി.
ആദ്യപകുതി പിരിയുന്നതിന് തൊട്ടുമുമ്പ് കളിയുടെ 45-ാം മിനിറ്റില്‍ ക്ലോസ് റേഞ്ചില്‍ മെസി ആദ്യ ഗോളടിച്ചു. ഇടവേളക്കായുള്ള ഇന്‍ജുറി ടൈം പുരോഗമിക്കവെ അഞ്ച് മിനിറ്റിനകം സൂപ്പര്‍ താരത്തിന്റെ പാദത്തില്‍ നിന്നും അടുത്ത ഗോളും കൊളംബസ് വലയില്‍.
രണ്ടാം പകുതി തുടങ്ങിയത് കൊളംബസിന്റെ ആദ്യഗോള്‍ മടക്കത്തോടെയാണ്. ഡീഗോ റോസി ആണ് ഗോള്‍ നേടിയത്. ഇതിനെതിരെ മയാമിക്ക് മേല്‍ക്കൈ നേടിക്കൊടുത്ത് മറ്റൊരു സൂപ്പര്‍ താരം സുവാരസ് ലീഡ് 3-1ആയി ഉയര്‍ത്തി.
പിന്നീട് നടന്ന കൊടിയ പോരാട്ടത്തിനിടെ 61-ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ഗോളാക്കി കൊളംബസ് തിരിച്ചുവരവിന് ശ്രമിച്ചു. പക്ഷെ രണ്ട് മിനിറ്റിനകം ടീമിന് വമ്പന്‍ തിരിച്ചടിയായി പ്രധാന പ്രതിരോധ താരത്തെ നഷ്ടപ്പെട്ടു. റൂഡി കമാച്ചോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയപ്പോള്‍ പത്ത് പേരായി ചുരുങ്ങിയ കൊളംബസിന് പിന്നെ മയാമിക്ക് മുന്നില്‍ കഴടങ്ങുകയല്ലാതെ മറ്റൊന്നും ചെയ്യാനുണ്ടായില്ല.
എംഎല്‍എസില്‍ 32 കളികളില്‍ നിന്ന് 20 ജയത്തോടെയാണ് മയാമി 68 പോയിന്റുമായി ലീഗ് നേട്ടം സ്വന്തമാക്കിയത്. എട്ട് കളികളില്‍ ടീം സമനില നേടിയിട്ടുണ്ട്. ലീഗില്‍ തൊട്ടടുത്ത എതിരാളിയാണ് ഇന്നലെ എതിരിട്ട കൊളംബസ്. 31 കളികളില്‍ നിന്ന് 57 പോയിന്റാണ് അവര്‍ക്കുള്ളത്.
കഴിഞ്ഞ വര്‍ഷം മെസി ടീമിലെത്തി അധികം വൈകാതെ മയാമി ലീഗ്‌സ് കപ്പില്‍ മുത്തമിട്ടിരുന്നു. ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ ടൈറ്റിലായിരുന്നു അത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: