ന്യൂദൽഹി: രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധി നൽകിയ ശുചിത്വത്തിനായുള്ള ആഹ്വാനത്തെ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ബഹുജന പ്രസ്ഥാനം ആക്കി മാറ്റിയെന്ന് കേന്ദ്രമന്ത്രിയും ബിജെപി അധ്യക്ഷനുമായ ജെ.പി നദ്ദ. ദേശീയ തലസ്ഥാനത്തെ ലോധി കോളനിയിൽ നടന്ന സ്വച്ഛത അഭിയാൻ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെ സേവാ പഖ്വാര (സേവയുടെ രണ്ടാഴ്ച) സെപ്തംബർ 17 ന് ആരംഭിച്ച് ഇന്ന് ഗാന്ധി ജയന്തി ദിനത്തിൽ ശുചിത്വ പ്രചാരണത്തോടെ സമാപിക്കുമെന്ന് നദ്ദ പറഞ്ഞു. മോദി പ്രധാനമന്ത്രിയായ ശേഷം ശുചിത്വവത്കരണം സ്വീകരിക്കുകയും അത് ഒരു ബഹുജന പ്രസ്ഥാനമായി മാറുകയും ചെയ്തു.
ശുചിത്വത്തിനായുള്ള ആഹ്വാനം രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധി നൽകിയതാണെന്ന് നമുക്കറിയാം പക്ഷേ പ്രധാനമന്ത്രി മോദി അതിനെ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിശുചിത്വം പാലിക്കുന്നതിനും മാലിന്യം വലിച്ചെറിയാതെ ഇരിക്കാനും സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്ന ഈ ബഹുജന മുന്നേറ്റം മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 10 വർഷമായി തുടരുകയാണെന്നും നദ്ദ കൂട്ടിച്ചേർത്തു.
ഭാവിയിൽ ഈ പ്രസ്ഥാനം വേഗത്തിലാക്കാൻ ബിജെപി സജീവമായി ഇടപെടുമെന്ന് ഉറപ്പിച്ചുപറഞ്ഞ അദ്ദേഹം ശുചിത്വം ഒരു ദിവസത്തെ കാര്യമല്ലെന്നും വർഷം മുഴുവനും എല്ലാ ദിവസവും അത് പരിപാലിക്കേണ്ടതുണ്ടെന്നും പറഞ്ഞു. കൂടാതെ സാധ്യമാകുമ്പോഴെല്ലാം പ്രചാരണത്തിൽ പങ്കാളികളാകാൻ രാജ്യത്തെ ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും നദ്ദ ആഹ്വാനം ചെയ്തു.
ബിജെപി എല്ലാ വർഷവും ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണ കാമ്പയിനിൽ ആളുകളെ ഉൾപ്പെടുത്തി സേവാ പഖ്വാര ആചരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്‌ദേവ, എംപി ബൻസൂരി സ്വരാജ് എന്നിവരുൾപ്പെടെയുള്ള ദൽഹി നേതാക്കളും നദ്ദയ്‌ക്കൊപ്പം ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: