ബെയ്റൂട്ട് : ഭീകരസംഘടനയായ ഹമാസിനെതിരെ ഇസ്രായേൽ യുദ്ധം തുടങ്ങിയിട്ട് ഒരു വർഷം പൂർത്തിയാകാൻ പോകുന്നു. ഇതിനോടകം ഹമാസിന്റെയും ഹിസ്ബുള്ളയുടെയും മിക്കവാറും എല്ലാ വലിയ നേതാക്കളെയും കമാൻഡർമാരെയും ഇസ്രായേൽ ഇല്ലാതാക്കി. സെപ്തംബർ 27ന് ലെബനനിലെ ബെയ്റൂട്ടിൽ നടന്ന ആക്രമണത്തിലാണ് ഹസൻ നസ്രല്ല കൊല്ലപ്പെട്ടത്. ഷിയാ വിമത സംഘടനയായ ഹിസ്ബുള്ളയുടെ ഏറ്റവും വലിയ മുഖവും ഇറാന്റെ പരമോന്നത നേതാവ് ഖമേനിയുടെ പ്രിയങ്കരനുമായിരുന്നു നസ്‌റല്ല. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ, ഹിസ്ബുള്ളയുടെ ഉന്നത നേതൃത്വത്തെ തന്നെ ഇസ്രായേൽ ഇല്ലാതാക്കി. എന്നിട്ടും മിഡിൽ ഈസ്റ്റിലെ സംഘർഷം അവസാനിക്കുകയോ കുറയുകയോ ചെയ്തിട്ടില്ല .
അതേസമയം, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസ്താവനകൾ സൂചിപ്പിക്കുന്നത് ഇസ്രായേലിന്റെ അടുത്ത ലക്ഷ്യം ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ആയിരിക്കുമെന്നാണ്.
ഹിസ്ബുല്ല തലവന്റെ കൊലപാതകത്തിന് ശേഷം ഖമേനിയെ ഇറാനിൽ സുരക്ഷിതമായ സ്ഥലത്തേയ്‌ക്ക് മാറ്റിയിരുന്നു.ഒരുകാലത്ത് അടുത്ത സൗഹൃദബന്ധം പുലർത്തിയ രാജ്യങ്ങളാണ് ഇറാനും ഇസ്രായേലും . എന്നാൽ 1979 ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം അവരുടെ ബന്ധം വഷളാകാൻ തുടങ്ങി. ഇസ്രയേലിനെയും അമേരിക്കയെയും ‘പിശാചുക്കൾ’ എന്നാണ് ഖമേനി വിളിച്ചിരുന്നത്. ഇറാൻ മുൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയെ ഖമേനിയുടെ പിൻഗാമിയായി കണക്കാക്കിയിരുന്നുവെങ്കിലും മേയിൽ അദ്ദേഹം അപകടത്തിൽ മരിച്ചു
റൈസിയുടെ മരണശേഷം അധികാരത്തിലെത്തിയ മസൂദ് പെജേഷ്‌കിയാൻ ലിബറൽ പ്രത്യയശാസ്ത്രത്തിന്റെ വക്താവാണ്. അദ്ദേഹത്തെ പറ്റി നെതന്യാഹു അധികം പരാമർശിക്കുന്നതുമില്ല
നിലവിൽ ഇറാനും ഖമേനിയും മാത്രമാണ് തങ്ങൾക്ക് വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതെന്ന് നെതന്യാഹു മനസിലാക്കിയിട്ടുണ്ട് . അതുകൊണ്ട് തന്നെയാണ് ഇസ്രായേലിന്റെ അടുത്ത ലക്ഷ്യം ഖമേനിയാകാമെന്ന സൂചനകൾ വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: