അഗളി: കടുത്ത ജലക്ഷാമം നേരിടുന്ന അട്ടപ്പാടി ഷോളയൂര്‍ പഞ്ചായത്തിലെ നല്ലശിങ്ക വനവാസി ഊരില്‍ വിശ്വസേവാഭാരതി നിര്‍മിച്ച ജലസേചന പദ്ധതിയുടെ ഉദ്ഘാടനം ആര്‍എസ്എസ് ഉത്തരകേരള പ്രാന്ത സേവാപ്രമുഖ് എം.സി. വത്സന് നിര്‍വ്വഹിച്ചു.
ഇരുള വിഭാഗത്തിലുള്ള നൂറോളം വനവാസി കുടുംബങ്ങളാണ് ഊരിലുള്ളത്. മഴക്കുറവും ജലസേചന സൗകര്യങ്ങളുടെ അഭാവവും മൂലം കടുത്ത ജലക്ഷാമം നേരിടുകയാണ്. വെള്ളം ലഭിക്കാത്തതിനാല്‍ തനത് കൃഷി രീതികള്‍ ഉള്‍പ്പെടെ ഉപേക്ഷിച്ചിട്ട് 20 വര്‍ഷത്തിലധികമായി. സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷനും നബാര്‍ഡും ചേര്‍ന്ന് നടപ്പിലാക്കുന്ന ഔഷധസസ്യ കൃഷിയുടെ ഭാഗമായാണ് 10 ലക്ഷം രൂപ ചെലവില്‍ വിശ്വസേവാഭാരതിയുടെ നേതൃത്വത്തില്‍ ജലസേചന പദ്ധതി നടപ്പിലാക്കിയത്.
കുഴല്‍ക്കിണര്‍ കുഴിച്ച് അതില്‍ നിന്നുള്ള ജലം 20,000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കില്‍ ശേഖരിച്ച ശേഷം പൈപ്പ് വഴി വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും എത്തിക്കുകയാണ് ചെയ്തിട്ടുള്ളത്. സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് ചീഫ് മെഡി. ഓഫീസര്‍ ഡോ. വി. നാരായണന് അധ്യക്ഷത വഹിച്ചു. വിശ്വ സേവാഭാരതി സംസ്ഥാന സെക്രട്ടറി ടി.ആര്. രാജന്, ഊരുമൂപ്പന് പൊന്നന്, പൊന്നി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: