റാഞ്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജാർഖണ്ഡിൽ സന്ദർശനം നടത്തും. സെപ്തംബർ 15ന് ജംഷഡ്പൂർ സന്ദർശിച്ചതിന് ശേഷം 17 ദിവസത്തിനുള്ളിൽ രണ്ടാം തവണയാണ് മോദി ജാർഖണ്ഡിൽ എത്തുന്നത്.
അതേ സമയം മോദിയെ സ്വാഗതം ചെയ്യാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ചമ്പായി സോറൻ പറഞ്ഞു. പാർട്ടി വൃത്തങ്ങൾ പറയുന്നതനുസരിച്ച് പ്രധാനമന്ത്രി ആദ്യം റാഞ്ചിയിൽ ആദിവാസി സമൂഹവുമായി കൂടിക്കാഴ്ച നടത്തും. അതിനുശേഷം അദ്ദേഹം ബിജെപിയുടെ പരിവർത്തൻ യാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ ഹസാരിബാഗിലെ ഗാന്ധി മൈതാനത്തേക്ക് പോകും.
തുടർന്ന് പ്രധാനമന്ത്രി മോദി ഉച്ചയ്‌ക്ക് രണ്ടിന് ഹസാരിബാഗിൽ 83,300 കോടി രൂപയുടെ വിവിധ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിക്കും. ഗോത്രവർഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി പ്രധാനമന്ത്രി 40 ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ ഉദ്ഘാടനം ചെയ്യുകയും 2800 കോടിയിലധികം രൂപ വിലമതിക്കുന്ന 25 ഇഎംആർഎസ്സിന് തറക്കല്ലിടുകയും ചെയ്യും. ഇത് കൂടാതെ 79,150 കോടി രൂപയിലധികം വരുന്ന ധർതി ആബ ജൻജാതിയ ഗ്രാം ഉത്കർഷ് അഭിയാൻ പദ്ധതിയും അദ്ദേഹം ആരംഭിക്കും.
അതേ സമയം നിലവിലെ സർക്കാരിന്റെ കാലാവധി 2025 ജനുവരിയിൽ അവസാനിക്കാനിരിക്കെ ജാർഖണ്ഡിൽ 81 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് 2024 ഡിസംബറിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനം ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്.
2020 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജാർഖണ്ഡ് മുക്തി മോർച്ച 30 സീറ്റുകളും ബിജെപി 25 സീറ്റുകളും കോൺഗ്രസ് 16 സീറ്റുകളും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: