മധുര : ‘ ഓരോ ദുരന്ത സമയത്തും നമുക്ക് ചുറ്റുമുള്ള ചിലർ ക്ഷമ കൈവിടാതെ ആ ദുരന്തത്തിൽ നിന്ന് പലതും പഠിക്കുന്നു. അത്തരത്തിലൊരാളാണ് ശുഭശ്രീ ‘ . ഒരു സാധാരണ അദ്ധ്യാപികയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ വാക്കുകളാണിവ . സെപ്തംബർ മാസത്തിൽ അവതരിപ്പിച്ച മൻ കി ബാത്തിലാണ് മോദി ശുഭശ്രീ എന്ന അദ്ധ്യാപികയെ രാജ്യത്തിന് പരിചയപ്പെടുത്തിയത് .
മധുരൈ ജില്ലയിലെ ഫൂലാങ്കുലം പ്രദേശവാസിയാണ് ശുഭശ്രീ. സർക്കാർ സ്‌കൂളിൽ തമിഴ് അധ്യാപികയായി ജോലി ചെയ്യുന്നു. വരിച്ചൂർ എന്ന പ്രദേശത്ത് 40 സെൻ്റ് സ്ഥലത്ത് വമ്പൻ ഔഷധത്തോട്ടമാണ് ശുഭശ്രീ വികസിപ്പിച്ചെടുത്തത്. നിരവധി അപൂർവയിനം ഔഷധസസ്യങ്ങൾ ഇവിടെ വളരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പൊതുജനങ്ങളും ഗവേഷക വിദ്യാർത്ഥികളും 500 ലധികം പച്ചമരുന്നുകൾ ഉള്ള ഈ ഔഷധത്തോട്ടം സന്ദർശിക്കുന്നു.ഔഷധ സസ്യങ്ങളെയും അവയുടെ ഉപയോഗങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ശുഭശ്രീ എല്ലാവർക്കും പകർന്ന് നൽകുകയും ചെയ്യുന്നു.
ഒരിക്കൽ ശുഭശ്രീയുടെ അച്ഛനെ വിഷപ്പാമ്പ് കടിച്ചു. ഇവിടെയുള്ള പരമ്പരാഗത ഔഷധസസ്യങ്ങളും ചെടികളുമാണ് അന്ന് അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സഹായകമായത് . ഈ സംഭവമാണ് പരമ്പരാഗത ഔഷധ സസ്യങ്ങൾക്കായുള്ള ശുഭശ്രീയുടെ അന്വേഷണത്തിന് തുടക്കമിട്ടത്. അതുകൊണ്ടാണ് മധുരയിലെ വാരിച്ചൂരിയൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഹെർബ് പാർക്കിൽ 500-ലധികം അപൂർവ ഇനം ഔഷധസസ്യങ്ങൾ ഇന്നുള്ളത്.
ഈ പാർക്ക് നിർമ്മിക്കാൻ ശുഭശ്രീയ്‌ക്ക് വളരെയധികം കഷ്ടപ്പെടേണ്ടി വന്നു. ഓരോ ചെടിയും കൊണ്ടുവരാൻ കിലോമീറ്ററുകൾ താണ്ടി . ചെടിയുമായി ബന്ധപ്പെട്ട പല അജ്ഞാത വിവരങ്ങളും ശുഭശ്രീ ശേഖരിച്ചിട്ടുണ്ട്. ഔഷധത്തോട്ടം സ്ഥാപിക്കാൻ മറ്റുള്ളവരുടെ സഹായം തേടിയിട്ടുണ്ട്. കൊറോണയുടെ കാലത്തും, ആളുകൾക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിയുന്ന ചെടികൾ ശുഭശ്രീ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: