മുംബൈ: വീർ സവർക്കറിനെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയെന്നാരോപിച്ച് നൽകിയ മാനനഷ്ടക്കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് മഹാരാഷ്‌ട്രയിലെ നാസിക് കോടതി സമൻസ് അയച്ചു. നാസിക്കിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ദീപാലി പരിമൾ കടുസ്‌കർ ആണ് സമൻസ് അയച്ചത്. ഒരു എൻജിഒയുടെ ഡയറക്ടറാണ് പരാതിക്കാരൻ.
ദേശസ്‌നേഹിയായ ഒരു വ്യക്തിക്കെതിരെ നടത്തിയ പ്രസ്താവന പ്രഥമദൃഷ്ട്യാ അപകീർത്തികരമാണെന്ന് തോന്നുന്നതായി മജിസ്ട്രേറ്റ് ചൂണ്ടിക്കാട്ടി. കേസിന്റെ അടുത്ത തീയതിയിൽ രാഹുൽ ഗാന്ധി വ്യക്തിപരമായോ അല്ലെങ്കിൽ തന്റെ വക്കീൽ മുഖേനയോ ഹാജരാകണമെന്നുമാണ് അറിയിച്ചിരിക്കുന്നത്.
രാഹുൽ ഗാന്ധി ഹിംഗോളിയിൽ നടത്തിയ ഒരു പത്രസമ്മേളനത്തിലും മറ്റൊരു പ്രസംഗത്തിലുമാണ് വീർ സവർക്കറെ അവഹേളിച്ച് സംസാരിച്ചതായി പരാതിക്കാരൻ ആരോപിക്കുന്നത്. രണ്ട് അവസരങ്ങളിലും രാഹുൽ തന്റെ വാക്കുകളിലൂടെയും ദൃശ്യങ്ങളിലൂടെയും വീർ സവർക്കറുടെ പ്രശസ്തിയെ ബോധപൂർവം ഹനിക്കുകയും സമൂഹത്തിൽ സവർക്കറുടെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു.
വീർ സവർക്കറുടെ പ്രശസ്തിയും സ്വാതന്ത്ര്യത്തിന് മുമ്പുള്ള അദ്ദേഹത്തിന്റെ മഹത്തായ പ്രവർത്തനങ്ങളും സമൂഹത്തിന് അദ്ദേഹം നൽകിയ സംഭാവനയും നശിപ്പിക്കാൻ രാഹുലിന്റെ പ്രസംഗം ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ കോടതിക്ക് മുമ്പാകെ സമർപ്പിച്ച എല്ലാ തെളിവുകളും പരിഗണിച്ച ശേഷം പ്രതികൾ ദേശസ്‌നേഹിയായ ഒരു വ്യക്തിക്കെതിരെ പ്രഥമദൃഷ്ട്യാ അപകീർത്തികരമായ വാക്കുകൾ ഉപയോഗിച്ചതായി തോന്നുന്നുവെന്ന് മജിസ്‌ട്രേറ്റ് പറഞ്ഞു.
ഇന്ത്യൻ ശിക്ഷാനിയമം 499 (അപകീർത്തിപ്പെടുത്തൽ), 504 (മനഃപൂർവം അപമാനിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾക്കാണ് രാഹുൽ ഗാന്ധിക്കെതിരെ കോടതി നടപടി സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: