മലപ്പുറം: നിലമ്പൂരിലെ പൊതുയോഗത്തിൽ പങ്കെടുത്തവരെ വർഗീയവാദികളാക്കുന്ന ഫാസിസ്റ്റ് നിലപാട് സിപിഎമ്മിന് വലിയ തിരിച്ചടിയാകുമെന്ന് പി.വി അൻവർ എം.എൽ.എ. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി സംഘടനകൾക്ക് ഇത്രമാത്രം ശക്തയുണ്ടെന്ന് സിപിഎം സമ്മതിച്ചോയെന്നും അൻവർ ചോദിച്ചു. നിലമ്പൂരിലെ യോഗത്തിനെത്തിയ ജനാവലി ജമാഅത്തെ ഇസ്ലാമിയുടേയും എസ്ഡിപിഐയുടേയും കോൺഗ്രസിന്റേയും കൂട്ടുമുന്നണിയുമായി ബന്ധപ്പെട്ട ആളുകളാണെന്ന എം.വി.ഗോവിന്ദന്റെ പരാമർശത്തിന് മറുപടി പറയുകയായിരുന്നു അൻവർ.
പാലോളി മുഹമ്മദ് കുട്ടിയേക്കുറിച്ച് കേരളത്തിലെ എല്ലാവർക്കും അറിയാം. സംശുദ്ധജീവിതത്തിന്റെ ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന കമ്മ്യൂണിസ്റ്റുകാരിൽ ഒരാളാണ് അദ്ദേഹം. പാലോളിയെക്കൊണ്ട് സിപിഎം പറഞ്ഞ് പറയിപ്പിക്കുകയാണ്. അദ്ദേഹത്തെ കണ്ട് കാര്യങ്ങൾ വിശദീകരിക്കുമെന്നും ആരുപറഞ്ഞാലും മുഖ്യമന്ത്രി മാറില്ലെന്നും അൻവർ പറഞ്ഞു.
അതേസമയം, സ്വരാജ് പറഞ്ഞു കൊണ്ടിരിക്കുന്നത് വിവരക്കേടാണ്. താൻ നിയമ ലംഘനം നടത്തിയിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് നേരത്തെ തന്നെ പുറത്താക്കിയില്ലെന്ന് എം.സ്വരാജ് വ്യക്തമാക്കണം. എം.സ്വരാജ് അതിരുവിട്ടു പോയാൽ താൻ അതിരും വിട്ടു പറയും. അത് താങ്ങാൻ സ്വരാജിനും മറ്റു നേതാക്കളും കഴിയില്ല. ആരും ഗാന്ധിയുടെ കൊച്ചുമക്കളല്ല എന്ന് ഓർക്കുന്നത് നല്ലത്. ഇപ്പോഴത്തെ ലക്ഷ്യം അൻവറാണ്, അതിനൊപ്പം മലപ്പുറവും. താൻ മലപ്പുറത്തിന്റെ പുത്രനല്ല ഭാരതത്തിന്റെ പുത്രനാണെന്നും അൻവർ വ്യക്തമാക്കി.
മല്ലപ്പുറം ജില്ല ക്രിമിനലുകളുടെ നാടാണ് എന്നും അതിന് പാർട്ടി ജില്ലാ സെക്രട്ടറിയുടെ പിന്തുണ കിട്ടുകയും ചെയ്തു. ‘ദി ഹിന്ദു’വിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറത്തെ താറടിച്ച് കാണിക്കാനാണ് ശ്രമിക്കുന്നതെന്ന് പിവി അൻവർ എംഎൽഎ ആരോപിച്ചു. സിപിഎമ്മിന്റെ ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയകാരണം മുസ്ലീം പ്രീണനമാണെന്ന വാദം വിഡ്ഢിത്തമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലോകസഭാ തിരഞ്ഞെടുപ്പിൽ ഗവൺമെന്റിന് ഈ രീതിയിൽ പരാജയം സംഭവിക്കാൻ കാരണം ഇവിടത്തെ പോലീസാണ്. അനാവശ്യമായ ഫൈൻ ഇടുക അനാവശ്യമായി വണ്ടികൾ തടഞ്ഞ് നിർത്തുക എന്നിങ്ങനെയെല്ലാം ചെയ്ത് നിരന്തരമായി ജനങ്ങളെ ഉപദ്രവിക്കുകയാണ്. പിന്നെങ്ങനെയാണ് ജനങ്ങളെ സർക്കാരിനെതിരാകാതിരിക്കുക. എഡിജിപി അജിത്ത് കുമാറിനെ നേതൃത്വത്തിലുള്ള പോലീസാണ് ഇതിന് പിന്നിൽ. പാർട്ടിക്ക് ഇത് ഒന്നും അന്വേഷിക്കാൻ സമയമില്ല എന്നും അൻവർ പറഞ്ഞു.
1500 റിയാലോ രണ്ടായിരം റിയാലോ വാങ്ങി വിദേശത്ത് ജോലി ചെയ്യുന്ന ഒരാൾക്ക് കിലോ കണക്കിന് സ്വർണവുമായി ഇങ്ങോട്ട് വരാൻപറ്റുമോ എന്ന് അൻവർ ചോദിച്ചു. അപ്പോൾ ഇതിനുപിന്നിൽ ഒരു വലിയ സംഘം പ്രവർത്തിക്കുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഇതൊക്കെ മനസിലാക്കാൻ അത്രവലിയ സാമാന്യബുദ്ധി മതി. എന്താണ് കേന്ദ്ര ഏജൻസികളൊന്നും വരാത്തത്? വന്ന് അന്വേഷിക്കാനുള്ള ബാധ്യത അവർക്കുമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നമ്മൾ കൊടുക്കുന്ന ഹർജി നോക്കിയിട്ട് ഹൈക്കോടതിക്ക് അതിൽ തീരുമാനമെടുക്കാം. ഹൈക്കോടതി തീരുമാനിക്കുന്നതനുസരിച്ച് കാര്യങ്ങൾ നീങ്ങും. പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം ഇപ്പോൾ നടക്കുന്നതുകൊണ്ട് അതുകഴിയട്ടെ എന്ന് ഒരുപക്ഷേ കോടതി പറയും. ഇക്കാര്യം നിയമവിദഗ്ധരുമായി ആലോചിക്കുന്നുണ്ട് – അൻവർ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക